Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിലനിൽപിനായി പൊരുതി...

നിലനിൽപിനായി പൊരുതി കൈത്തറി

text_fields
bookmark_border
നിലനിൽപിനായി പൊരുതി കൈത്തറി
cancel
കൈത്തറി നെയ്ത്ത് മേഖലക്കായി ഒരു പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുവാൻ സർക്കാർ തയാറായാൽ ഈ വ്യവസായത്തെയും, പരമ്പരാഗതമായി ഈ മേഖലയിൽ തൊഴിലെടുക്കുന്നവരെയും സംരക്ഷിക്കാൻ കഴിയും. കൂലി ഏകീകരണത്തിനായി ഒരു വേതന നയം നടപ്പാക്കണം. വനിതകൾക്ക്‌ തൊഴിൽ പരിശീലനം നൽകി ഈ മേഖലയിലേക്ക് കൊണ്ടുവരണം. സംഘങ്ങൾക്ക് പ്രവർത്തന മൂലധനം നൽകുകയും, പുതുതലമുറയെ നെയ്ത്ത് മേഖലയിലേക്ക് കൊണ്ടുവരുകയും വേണം. -വി.എസ്. പ്രിയദർശൻ (പ്രസിഡന്‍റ്​, മുള്ളുവിള കൈത്തറി നെയ്ത്ത് വ്യവസായ സഹകരണസംഘം)

ഇരവിപുരം: ജില്ലയിലെ പരമ്പരാഗത തൊഴിൽ മേഖലയിൽ ഒരു കാലത്ത് പ്രൗഢിയോടെ നിന്നിരുന്ന കൈത്തറി നെയ്ത്ത് വ്യവസായമേഖല ഇന്ന് നിലനിൽപിനായുള്ള നിലവിളിയിലാണ്. ജില്ലയുടെ ഗ്രാമപ്രദേശങ്ങളിൽ നെയ്ത്ത് തറികളിൽനിന്നും കേട്ടുകൊണ്ടിരുന്ന ശബ്​ദം അധികം കേൾക്കാനില്ല. പൊതു സ്ഥലങ്ങളിലും ക്ഷേത്ര മൈതാനങ്ങളിലും നെയ്ത്തിനുള്ള പാവുണക്കും, വീടുകൾ തോറുമുള്ള താരു ചുറ്റും ഇന്ന് അപൂർവക്കാഴ്ചയാവുകയാണ്​.

അയ്യായിരത്തിലധികം തൊഴിലാളികൾ ഉണ്ടായിരുന്ന ഈ മേഖലയിൽ പണിയെടുക്കുന്നത് നാനൂറോളം പേർ മാത്രമാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടു മുമ്പുവരെ നല്ലപോലെ പ്രവർത്തിച്ചിരുന്ന ഈ മേഖലയെ കൂലിക്കുറവും, പവർ ലൂമിൽ നിന്നുള്ള മത്സരവുമാണ് തകർത്തത്. പുതിയ തലമുറ നെയ്ത്തിലേക്ക് കടന്നു വരാത്ത അവസ്ഥയും പ്രതിസന്ധിക്ക് ആക്കം കൂട്ടി. കൈത്തറി മേഖലയിൽ 150ഓളം പ്രാഥമിക സഹകരണ സംഘങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ വിരലിലെണ്ണാവുന്ന സംഘങ്ങൾ മാത്രമാണുള്ളത്. കൈകൊണ്ട് യന്ത്രസഹായമില്ലാതെ നെയ്തെടുക്കുന്ന മുണ്ടുകൾ, തോർത്തുകൾ, ബഡ്ഷീറ്റുകൾ, സാരികൾ എന്നിവയ്ക്ക് നല്ല ഡിമാൻഡാണുള്ളത് എങ്കിലും തൊഴിലാളിക്ക് ന്യായമായ വേതനം ലഭിക്കാറില്ല.


തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കുമൂലം പല കൈത്തറി സംഘങ്ങളുടെയും പ്രവർത്തനം നിലച്ചനിലയിലാണ്. സർക്കാർ പ്രഖ്യാപിക്കുന്ന റിബേറ്റ് തിരികെ ലഭിക്കുന്നതിലുള്ള കാലതാമസവും, റിബേറ്റ് കാലയളവ് വെട്ടിക്കുറച്ചതും, വാങ്ങുന്ന തുണിയുടെ തുക ഹാൻറക്സ് നൽകാത്തതും സംഘങ്ങൾക്ക് ഇരുട്ടടിയാണ്. വിശേഷ കാലയളവുകളിൽ നടത്തുന്ന പ്രദർശനമേളകളിൽ മാത്രമാണ് കൈത്തറി തുണികൾ ഇപ്പോൾ സംഘങ്ങൾ വിൽക്കാറുള്ളത്.

ബാങ്കുകളിൽനിന്നുള്ള വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നതോടെ പല സംഘങ്ങളും അടച്ചുപൂട്ടി. നെയ്ത്തിൽനിന്നും ലഭിക്കുന്ന വേതനം വളരെ കുറവായതിനാൽ നെയ്ത്തുതൊഴിലാളികളിൽ പലരും തൊഴിലുറപ്പ് തൊഴിലാളികളായി മാറി.

2017ൽ കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും, തൊഴിലാളികളെ ഈ മേഖലയിൽതന്നെ നിലനിർത്തുന്നതിനുമായി സ്കൂൾ യൂനിഫോം കൈത്തറിയാക്കി പ്രഖ്യാപിക്കുകയും യൂനിഫോം തുണികൾ നെയ്യുന്ന ജോലി കൈത്തറി സംഘങ്ങളെ ഏൽപ്പിക്കുകയും ചെയ്തു. ഒരു മീറ്ററിന് 30 രൂപ 50 പൈസയാണ് കൂലിയായി നിശ്ചയിച്ചിരുന്നത്. അതൊരു ആശ്വാസമായതോടെ അടഞ്ഞുകിടന്ന നെയ്ത്തു ശാലകൾ തുറന്നു പ്രവർത്തനം തുടങ്ങിയതോടെ 2019ൽ അത് കൊല്ലം ജില്ലയിൽ മൂന്നു രൂപ 90 പൈസയായി കുറച്ചു. ഇതും വലിയ പ്രതിസന്ധിക്ക് കാരണമാക്കി. മുള്ളുവിള, മയ്യനാട്, വെൺപാലക്കര, 12മുറി, പേരൂർ, കൊട്ടിയം, ചാത്തന്നൂർ, ചിറക്കര, വിനായകർ, വെളിയം, കോട്ടാത്തല, കരിങ്ങന്നൂർ, ആദിച്ചനല്ലൂർ, അഞ്ചാലുംമൂട്, കാട്ടുപുതുശ്ശേരി, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെല്ലാം കൈത്തറി നെയ്ത്ത് സംഘങ്ങളും, തൊഴിലാളികളും നിലവിലുണ്ടായിരുന്നു.

പല സംഘങളിലും ഇന്ന് ഭരണസമിതി പോലും നിലവിലില്ലാത്ത അവസ്ഥയാണുള്ളത്. പിരിഞ്ഞുപോയവർക്ക് ആനുകൂല്യങ്ങൾ പോലും നൽകിയിട്ടില്ല. 10 കൊല്ലം മുമ്പ് വിവിധ ജില്ലകളിൽനിന്നും തെരഞ്ഞെടുത്ത നെയ്ത്തു തൊഴിലാളികൾക്ക് സേലം ഐ.ഐ.ടി.യിൽ പരിശീലനം നൽകിയെങ്കിലും ഫലം കണ്ടില്ല. വീടുകളിൽ തറികൾ സ്ഥാപിച്ച് നെയ്ത്തു നടത്തുന്നവർ ഹാൻവീവിനാണ് നെയ്തെടുക്കുന്ന മുണ്ടുകൾ നൽകുന്നത്‌. അവർക്കും യഥാസമയം പണം കിട്ടാറില്ല. മറ്റു മേഖലകളിൽ വേതന വർധന നടപ്പാക്കാറുണ്ടെങ്കിലും കൈത്തറി -നെയ്ത്ത് മേഖലയിൽ കൂലി പുതുക്കൽ നടക്കുന്നില്ല. പ്രവർത്തന മൂലധന ക്ഷാമവും ഈ മേഖലയെ വല്ലാതെ അലട്ടുന്നുണ്ട്. ആവശ്യത്തിനുള്ള പ്രതിഫലം ലഭിക്കാത്തതിനാൽ കൈത്തറികളങ്ങളിൽനിന്നും ഉയരുന്നത് തൊഴിലാളികളുടെ ദീനരോദനമാണ്. കൈത്തറി നെയ്ത്ത് മേഖല നേരിടുന്ന പ്രശ്നങ്ങളിൽ സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കൈത്തറി മേഖല ജില്ലയിൽ ഒരോർമയായി മാറാൻ അധികകാലം വേണ്ടിവരില്ല.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Handloomkollam
Next Story