ജൈവമാലിന്യത്തിൽ നിന്ന് വളമുണ്ടാക്കി വിപണിയിലെത്തിച്ച് പനയം ഗ്രാമപഞ്ചായത്തിലെ ഹരിത മാതൃക
text_fieldsപ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് കരാർ കമ്പനികൾക്ക് അയക്കുന്ന പനയം പഞ്ചായത്ത് ഹരിതകർമസേന
കൊല്ലം: പനയം ഗ്രാമപഞ്ചായത്തിന്റെ പരിസരശുചിത്വം ഉറപ്പുവരുത്തി കുടുംബശ്രീ സി.ഡി.എസിനുകീഴിലുള്ള ഹരിതകര്‍മസേന. പനയത്തിന്റെ പാരിസ്ഥിതിക സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിച്ചാണ് ഈ പെണ്‍കൂട്ടായ്മയുടെ മുന്നേറ്റം.
പനയം ഹരിതകര്‍മ സേനയില്‍ 38 അംഗങ്ങളുണ്ട്. അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണമാണ് മുഖ്യപ്രവര്‍ത്തനം. പഞ്ചായത്തില്‍ ഒരു വാര്‍ഡ് ശരാശരി ആറ് ക്ലസ്റ്ററുകളായി തിരിച്ച് ഓരോ ക്ലസ്റ്ററിലും രണ്ടുപേര്‍ വീതം ശുചിത്വപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ശുചിത്വം പാലിക്കുന്നതിന്റെ ഭാഗമായി പനയം പഞ്ചായത്തിലെ എല്ലാ പരിപാടികളും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് നടപ്പാക്കുന്നത്.
പരിപാടി നടത്തുന്നതിനു മുമ്പായി ഹരിതകര്‍മസേനയെ അറിയിക്കുകയും മുന്‍കൂറായി നിശ്ചിത യൂസര്‍ ഫീസ് അടക്കുകയും ചെയ്യും. പരിപാടി കഴിയുമ്പോള്‍തന്നെ മാലിന്യശേഖരണം നടത്തും. റോഡും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും ഹരിതകര്‍മസേനയുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുണ്ട്. വാതില്‍പ്പടി മാലിന്യശേഖരണത്തില്‍ നിന്നുള്ള യൂസര്ഫീക്കുപുറമെ, അധിക വരുമാനത്തിനുള്ള മാര്‍ഗവും ഹരിതകര്‍മസേന നടപ്പാക്കുണ്ട്. ജൈവമാലിന്യത്തില്‍നിന്ന് നിര്‍മിക്കുന്ന വളത്തിന്റെ വിപണനത്തിലൂടെ വരുമാനം കണ്ടെത്തി മറ്റുള്ളവര്‍ക്ക് മാതൃകയുമാണ് സേന. തുണിസഞ്ചി നിര്‍മാണ യൂനിറ്റ്, എല്‍.ഇ.ഡി ബള്‍ബ് യൂനിറ്റ്, ശിങ്കാരിമേളം കലാസംഘം, കാറ്ററിങ് എന്നീ സംരംഭങ്ങളും ഇവര്‍ നടത്തുന്നു.
മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി അയല്‍ക്കൂട്ടം, എ.ഡി.എസ് അംഗങ്ങളുടെ സഹായത്തോടെ കൊല്ലം അഷ്ടമുടി കായലില്‍ കായലോരശുചീകരണവും നടത്തുന്നു. കൂടാതെ മാസത്തില്‍ രണ്ടുതവണ പൊതു ഇടങ്ങള്‍ വൃത്തിയാക്കി അവിടെ ഫലവൃക്ഷങ്ങളും ചെടികളും നട്ട് പരിപാലിക്കുന്നു. ഗ്രാമപഞ്ചായത്തില്‍ വിനോദസഞ്ചാരസൗഹൃദ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെടാനുള്ള തയാറെടുപ്പിലാണ് പനയം ഗ്രാമപഞ്ചായത്തും ഹരിതകര്‍മസേനാംഗങ്ങളും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.