ഇതാണ് മാലാഖ; ഹൃദയാഘാതമുണ്ടായ ബസ് യാത്രികന് രക്ഷകയായി നഴ്സ്
text_fieldsകൊല്ലം: കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കിടയിൽ ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണയാൾക്ക് പുതുജീവിതം നൽകി ജില്ല ആശുപത്രിയിലെ നഴ്സ്. പ്രഥമശുശ്രൂഷ നൽകി തമിഴ്നാട് സ്വദേശി മണിയെ ജീവിതത്തിലേക്ക് തിരിച്ചുപിടിക്കാനായതിെൻറ സന്തോഷത്തിലാണ് ജില്ല ആശുപത്രിയിലെ നഴ്സിങ് ഓഫിസറായ മുളവന സ്വദേശി എസ്. അശ്വതി.
വ്യാഴാഴ്ച രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് അശ്വതി കയറിയ തെങ്കാശി ബസിലാണ് തമിഴ്നാട് സ്വദേശി കുഴഞ്ഞുവീണത്. ബസ് സ്റ്റാൻഡ് വിട്ട് കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് പിൻസീറ്റിലിരുന്ന മണി കുഴഞ്ഞുവീണത്. സീറ്റിനുതാഴെ ബോധമില്ലാതെ കിടക്കുകയായിരുന്നയാളുടെ പൾസ് കിട്ടുന്നില്ലെന്ന് കണ്ടതോടെ ഉടൻ സി.പി.ആർ നൽകി. ബസ് ഒരിടത്തും നിർത്താതെ ആശുപത്രി ലക്ഷ്യമാക്കി പായുന്നതിനിടയിൽ മുക്കടയിൽ എത്താറായപ്പോഴേക്കും ആൾക്ക് ബോധംവീണു. തുടർന്ന് മുക്കട എൽ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഇദ്ദേഹത്തെ ജില്ല ആശുപത്രിയിലേക്കും മാറ്റി.
വെള്ളിയാഴ്ച ഡ്യൂട്ടിക്കിടയിൽ അശ്വതി മണിയെ കാണാൻ എത്തിയപ്പോഴേക്കും അദ്ദേഹം ഡിസ്ചാർജ് വാങ്ങി പോയിരുന്നു. അഞ്ചുമാസം ഗർഭിണിയായ അശ്വതി സ്വന്തം ബുദ്ധിമുട്ടുകൾ പോലും മറന്നാണ് പ്രഥമശുശ്രൂഷ നൽകിയത്. ബസിലെ കണ്ടക്ടറും ഡ്രൈവറും സമയോചിതമായി ഇടപെട്ടതും ജീവൻ രക്ഷിക്കാൻ സഹായിച്ചതായി അശ്വതി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.