ചൂട്, മിന്നൽ, കള്ളക്കടൽ; കൊല്ലം ജില്ലയിൽ അതീവ ജാഗ്രത
text_fieldsകൊല്ലം: കൊടും ചൂടും കള്ളക്കടൽ പ്രതിഭാസവും ഇടിമിന്നലും... അതിജാഗ്രതയുടെ മണിക്കൂറുകളിൽ കുരുങ്ങി നെടുവീർപ്പിടുകയാണ് കൊല്ലം. ഒരുവശത്ത് ചൂട് കത്തുന്നു. മറുവശത്ത് വേനൽമഴക്കൊപ്പമെത്തുന്ന ഇടിമിന്നൽ ഉയർത്തുന്ന ഭീഷണി. ഇതിനൊപ്പമാണ് കള്ളക്കടൽ പ്രതിഭാസം തീരത്ത് വീണ്ടും അപകടം വിതക്കുമെന്ന മുന്നറിയിപ്പും. അതീവ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പാണ് ജില്ലയിലുടനീളം നൽകിയിരിക്കുന്നത്.
കള്ളക്കടല്‍ മുന്നറിയിപ്പായി റെഡ് അലര്‍ട്ട്
ഏതാനും ആഴ്ചകൾക്ക് മുമ്പ് കൊല്ലം തീരത്ത് ഉൾപ്പെടെ ദുരിതംവിതച്ച കള്ളക്കടല്‍ പ്രതിഭാസം വീണ്ടും ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നത്. ജില്ലയുടെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കലക്ടര്‍ എന്‍. ദേവിദാസ് മുന്നറിയിപ്പ് നൽകി. തിരമാലകള്‍ ഒന്നര മീറ്റര്‍ വരെ ഉയരാനാണ് സാധ്യതയെന്ന് അടിയന്തരയോഗശേഷം കലക്ടർ വ്യക്തമാക്കി.
മേയ് അഞ്ച് വരെയാണ് സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം.
മത്സ്യബന്ധനയാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം.
ജലസാമീപ്യമുള്ള താഴ്ന്ന ഇടങ്ങളില്‍ താമസിക്കുന്നവരും കരുതലോടെ തുടരണം. അപായ സൂചന വാട്സ്ആപ് ഗ്രൂപുകളിൽ നല്‍കിയിട്ടുണ്ട്. മൈക്ക് അനൗണ്‍സ്മെന്റും നടത്തുന്നുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയവരുടെ സുരക്ഷ കാര്യങ്ങളുടെ നിര്‍വഹണത്തിന് കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്സമെന്റ് എന്നിവയെ ചുമതലപ്പെടുത്തി.
ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായ എ.ഡി.എം സി.എസ്. അനിലിനാണ് പൊതു ഏകോപന ചുമതല. കൊല്ലം കേന്ദ്രീകരിച്ച് സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, കരുനാഗപ്പള്ളി മേഖലയില്‍ എല്‍. ആര് ഡെപ്യൂട്ടി കലക്ടര്‍ ജിയോ ടി. മനോജ് എന്നിവര്‍ക്കാണ് മേല്‍നോട്ട ചുമതല.
അടിയന്തര യോഗത്തില്‍ ജില്ലയിലെ സിറ്റി പൊലീസ് കമീഷണര്‍, എ.സി.പിമാര്‍, ജില്ല അഗ്നിസുരക്ഷ ഓഫിസര്‍, ഡി.എം.ഒ, ജില്ല വനംവകുപ്പ് മേധാവി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, കൊല്ലം-കരുനാഗപ്പള്ളി തഹസില്‍ദാര്‍മാര്‍, തീരദേശ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍, കോര്പറേഷന്-മുനിസിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഇടിമിന്നലിന് സാധ്യത, വേണം ജാഗ്രത
ജില്ലയിൽ വീണ്ടും ഇടിമിന്നൽ ജാഗ്രത നിർദേശം. കഴിഞ്ഞ ദിവസം കുണ്ടറയിൽ ഇടിമിന്നൽ വയോധികന്റെ ജീവനെടുത്തിരുന്നു. ജില്ലയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.
ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസ്സായ സ്ഥലങ്ങളില്‍ തുടരരുത്. കെട്ടിടങ്ങളുടെ ജനലും വാതിലും അടച്ചിടണം, സാമീപ്യവും ഒഴിവാക്കണം. ഭിത്തിയിലോ തറയിലോ തൊടാനും പാടില്ല.
ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കണം. ടെലഫോണ്‍ ഉപയോഗിക്കരുത്. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസ്സായസ്ഥലത്തും ടെറസിലും പോകരുത്. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തുടരുക. തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. ജലാശയത്തില്‍ മീന്‍പിടിക്കാനോ കുളിക്കാനോ പാടില്ല. മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ ഒഴിവാക്കണം. ചൂണ്ടയിടുന്നതും വലയെറിയുന്നതും അപകടമാണ്. പട്ടം പറത്തരുത്. വളര്‍ത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് കെട്ടരുത്.
കെട്ടിടങ്ങള്‍ക്ക് മുകളില്‍ മിന്നല്‍ രക്ഷാചാലകം ഉപയോഗിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടറുമാകാം. മിന്നലേറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന് രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യസഹായം എത്തിക്കണം.
അപകടഭീതി ഒഴിയാതെ ഉഷ്ണതരംഗ ഭീഷണി
കടുത്ത ചൂട് തുടരുന്ന ജില്ലയിൽ ഉഷ്ണതരംഗ ഭീഷണി ഒഴിയുന്നില്ല. ഇടവിട്ട് വേനൽമഴ പെയ്യാൻ വെമ്പി നിൽക്കുമ്പോഴും ചുട്ടുപൊള്ളുന്ന ചൂടും ഉഷ്ണവുമാണ് പകൽ സമയങ്ങളിൽ ജില്ലയിൽ അനുഭവപ്പെടുന്നത്. ശരീരം തളർന്നുപോകുന്ന അവസ്ഥയാണ് പുറംജോലികൾ ചെയ്യുന്നവരുൾപ്പെടെ നേരിടുന്നത്. നേരിട്ട് വെയിലേൽക്കുന്നത് സൂര്യാതപത്തിനും സൂര്യാഘാതത്തിനും ഇടയാക്കുമെന്ന മുന്നറിയിപ്പ് ദുരന്തനിവാരണ അതോറിറ്റി നിരന്തരം നൽകുന്നുണ്ട്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- ആൽബിനിസം ബാധിച്ചവർ, നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഉൾപ്പെടെ പകൽസമയം ജോലി സമയം ക്രമീകരിക്കണം.
- ആസ്ബസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.
- മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും വേണം.
- കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
- കലാ-കായിക മത്സരങ്ങൾ/പരിപാടികൾ പകൽ 11 മുതൽ വൈകീട്ട് 3 വരെ നടത്തരുത്.
- ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.
- ലയങ്ങൾ, ആദിവാസി, ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.