ഉരുകി...ഉരുകി...വിനോദസഞ്ചാര മേഖല
text_fieldsകൊല്ലം: ജില്ലയിലെ വിനോദസഞ്ചാരമേഖലക്കും കൊടുംചൂട് കാര്യമായ തിരിച്ചടിയായിരിക്കുകയാണ്. സാധാരണ സ്കൂൾ മധ്യവേനലവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിലാണ് വിനോദസഞ്ചാരമേഖല സജീവമാകുന്നത്. ചൂട് കൂടിയതോടെ ഏപ്രിലിൽ ടൂർ ഓപറേറ്റർമാരെല്ലാം കഷ്ടത്തിലായി. ജില്ലയിൽ പ്രധാനമായും ബാക്ക്വാട്ടർ ടൂറിസവും ബീച്ച് ടൂറിസവുമായിരുന്നു സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നത്.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായിരുന്ന മൺറോതുരുത്ത്, അഷ്ടമുടി ബാക്വാട്ടർ, സാമ്പ്രാണിക്കൊടി പോലുള്ള മേഖലയിലേക്ക് സഞ്ചാരികൾ എത്തുന്നതിന് കനത്ത ചൂട് വെല്ലുവിളിയായിരിക്കുകയാണ്. വൈകീട്ട് അഞ്ചിന് ശേഷവും കനത്ത ചൂടുള്ളതിനാൽ കായൽ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ പ്രതികൂലമായി ബാധിച്ചു. സഞ്ചാരികളിൽ ഏറെയും തണുത്തപ്രദേശങ്ങളാണ് കനത്ത ചൂടിൽനിന്ന് രക്ഷനേടാനായി തെരഞ്ഞെടുക്കുന്നത്.
ജില്ലയുടെ കിഴക്കൻ മേഖലകളായ തെന്മല, പാലരുവി വെള്ളച്ചാട്ടം, ജഡായുപ്പാറ, റോസ്മല എന്നിവിടങ്ങളിലെ ചൂടിന്റെ കാഠിന്യം മലയോരജനതയെയും വിനോദസഞ്ചാരികളെയും ഒരുപോലെ വലക്കുന്നുണ്ട്. തെന്മല, റോസ്മല, പാലരുവി എന്നിവിടങ്ങളിലെ വെള്ളച്ചാട്ടങ്ങളുടെയും പച്ചപ്പിന്റെയും ആകര്‍ഷണീയതക്ക് കഴിഞ്ഞ മാസങ്ങളിൽത്തന്നെ കോട്ടംതട്ടിയിട്ടുണ്ട്.
ഇതുപോലെയാണ് പല ടൂറിസം കേന്ദ്രങ്ങളുടെയും സ്ഥിതി. കനത്ത ചൂടിനെക്കുറിച്ചുള്ള ആശങ്ക വേനലവധിയിലെ വിനോദയാത്രകള്‍ ഒഴിവാക്കിയാലോ എന്ന ചിന്തയിലാണ് കുടുംബങ്ങള്‍. അവധിക്കാല വരുമാനം ലക്ഷ്യമിട്ട് ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം തയാറെടുപ്പുകൾ നടത്തിയിരുന്നു.
ടൂറിസം, ജലസേചനം, വനം, ഫിഷറീസ്, കെ.ടി.ഡി.സി വകുപ്പുകളുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അറ്റകുറ്റപ്പണികളും മുന്നോടിയായി നടത്തുകയുണ്ടായി. സ്കൂൾ അടച്ചതോടെ ഏപ്രിൽ, മേയ് മാസങ്ങളിൽ തിരക്ക് അനുഭവപ്പെടുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ.
അതേസമയം, വേനൽച്ചൂട് കടുത്തതിനാൽ മാർച്ച്, ഏപ്രിൽ മാസങ്ങൾ മുതൽക്കേ മേഖലയിലേക്ക് സഞ്ചാരികൾ എത്താതെയായി. സാധാരണ വേനൽക്കാലത്ത് ആളുകൾ ജലയാത്ര നടത്താൻ ഇഷ്ടപ്പെടും. കഴിഞ്ഞ രണ്ടുമാസങ്ങളിൽ ഇതിൽ ഗണ്യമായ കുറവാണ് ഉണ്ടായത്.
വിദേശത്തുനിന്നെത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവില്ലെന്ന് വിനോദസഞ്ചാരവകുപ്പ് അധികൃതർ പറയുന്നു. ഹോട്ടൽമുറികളുടെയും റിസോട്ടുകളുടെയും ബുക്കിങ്ങിൽ കുറവൊന്നും വന്നിട്ടില്ല. കെ.എസ്.ആർ.ടി.സി നടത്തുന്ന ബജറ്റ് ടൂറിസവും നേരത്തേ നിശ്ചയിച്ചതുപോലെ നടക്കുന്നുണ്ട്.
മിക്ക യാത്രകളും ജില്ലയിൽനിന്ന് തണുപ്പുള്ള സ്ഥലങ്ങളിലേക്കാണ്. ചൂട് കൂടിയതിനാൽ ബുക്ക് ചെയ്ത പലരും പിൻവാങ്ങുന്നതായും അധികൃതർ പറയുന്നു. 39 സീറ്റുള്ള ബസിൽ 30ൽ താഴെ സഞ്ചാരികളെ യാത്രക്കായി ബുക്ക് ചെയ്യുന്നുള്ളൂ.
യാത്രക്കാർ കുറവായതിനാൽ ട്രിപ്പ് കാൻസൽ ചെയ്താൽ പിന്നീട് സഞ്ചാരികൾ എത്തുമോ എന്ന ആശങ്കയും അധികൃതർ പങ്കുവെക്കുന്നു. പല യാത്രക്കാരും എയർ കണ്ടീഷൻ ചെയ്ത ബസ് ആവശ്യപ്പെടുന്നുണ്ട്. എ.സി ബസിൽ ബജറ്റ് ടൂറിസം നടപ്പിലാക്കിയാൽ ട്രിപ്പ് ലാഭകരമാകില്ല എന്നതും പരിമിതിയാണെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.