ദുരിതപ്പെയ്ത്ത്
text_fieldsകൊല്ലം: കനത്തമഴയിൽ ദുരിതം പെയ്തിറങ്ങിയതോടെ ജില്ലയിൽ വ്യാപക വെള്ളക്കെട്ടും നാശനഷ്ടവും. കരകവിഞ്ഞൊഴുകിയ മുഖത്തല കണിയാൻ തോട്ടിൽ കാൽവഴുതി വീണയാളെ ഒഴുക്കിൽപെട്ട് കാണാതായി. ദേശീയപാത നിർമാണം നടക്കുന്ന റോഡുകളിൽ വൻ ദുരിതമാണ് വാഹന-കാൽനടയാത്രക്കാർ നേരിട്ടത്. ചാത്തന്നൂരിൽ വലിയ അപകടമൊളിപ്പിച്ച് ദേശീയപാതയിൽ കുഴിപോലും മനസിലാകാത്ത നിലയിലാണ് റോഡിൽ വെള്ളം നിറഞ്ഞത്.
കൊല്ലം നഗരത്തിൽ പോളയത്തോട്, കാവനാട്, ശക്തികുളങ്ങര, മരുത്തടി, കടപ്പാക്കട, ചാത്തിനാംകുളം, മതിലിൽ എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ വെള്ളംകയറി. ശാസ്താംകോട്ട, കൊട്ടാരക്കര, വാളകം, കുണ്ടറ എന്നിങ്ങനെ ജില്ലയിൽ വിവിധയിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായത്.
വീടുകൾ തകരുകയും വെള്ളം കയറി വാസയോഗ്യമല്ലാതാകുകയും ചെയ്ത സംഭവങ്ങൾ വ്യാപകമായതോടെ പുതുതായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഒരെണ്ണം നേരത്തെ പ്രവര്‍ത്തിച്ചുവരികയാണ്. എട്ട് ക്യാമ്പുകളിലായി 280 കുടുംബങ്ങളിലെ 877 പേരെ മാറ്റിപ്പാർപ്പിച്ചു.
ജില്ലയിൽ ചവറയിലാണ് ഏറ്റവുമധികം മഴ പെയ്തത്, 138.5 മി.മീ. 24 മണിക്കൂറിനുള്ളില്‍ 32 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി. ഇതില്‍ ഒരെണ്ണം പൂര്‍ണമായി തകര്‍ന്നു. മഴക്കെടുതിയില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 17.97 ഹെക്ടറാണ് കൃഷിനാശം. 343 കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായി. 44.57 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. കല്ലട, പള്ളിക്കല്‍, ഇത്തിക്കര ആറുകളിലെ ജലനിരപ്പ് ഉയരുന്നത് നിരീക്ഷിച്ച് വരികയാണ്. പള്ളിക്കലാറിന്റെ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണം.
അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ച് മാറ്റും -കലക്ടര്‍
കൊല്ലം: മണ്‍സൂണ്‍കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഭൂമിയില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചുമാറ്റുമെന്ന് കലക്ടര്‍ എന്‍. ദേവിദാസ്. മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്തലഘൂകരണത്തിന് ആവശ്യമായ നടപടികള്‍ ദുരന്തനിവാരണ വിഭാഗം സ്വീകരിച്ചു വരികയാണ്.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങള്‍ വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത അതത് വ്യക്തികള്‍ക്ക്/സ്ഥാപനങ്ങള്‍ക്കായിരിക്കും.
മരം മുറിച്ച്മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലവിലുള്ള കേസുകള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനമേധാവിമാര്‍ അടിയന്തരമായി തീര്‍പ്പ് കൽപ്പിക്കണം. പൊതുസ്ഥലങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ മേധാവിമാരും ബന്ധപ്പെട്ട വകുപ്പ് മേധാവിമാരും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും കലക്ടർ നിര്‍ദേശിച്ചു.
കിഴക്കൻ മേഖലയിൽ വൻകൃഷി നാശം; പതിനായിരത്തോളം വാഴകളും പച്ചക്കറി കൃഷിയും നശിച്ചു
കൊട്ടാരക്കര: മഴയിൽ കിഴക്കൻ മേഖലയിൽ വൻ കൃഷി നാശം. പതിനായിരത്തോളം വാഴകളും പച്ചക്കറി കൃഷിയും നശിച്ചു. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. വെളിയം, വെളിനല്ലൂർ, ഉമ്മന്നൂർ, പവിത്രേശ്വരം, എഴുകോൺ, കരീപ്ര, കുളക്കട പഞ്ചായത്തുകളിലാണ് വലിയ രീതിയിൽ കൃഷി നാശം സംഭവിച്ചത്. രാവിലെ തുടങ്ങിയ മഴ തുടർച്ചയായി മൂന്ന് മണിക്കൂറാണ് പെയ്തത്. കൃഷി ചെയ്ത ഏലകൾ പൂർണമായും നശിച്ചു.
പച്ചക്കറികൃഷികൾ മഴവെള്ളത്തിൽ ഒലിച്ചു പോയി. ഏലയിലെ മരച്ചീനിയും വാഴ കൃഷിയും വെള്ളം കയറി നശിച്ചു. ഉമ്മന്നൂരിൽ തോടും റോഡും വെള്ളം കയറി ഒരേ പോലെയായി. രാത്രി മഴ ശക്തി പ്രാപിച്ചാൽ കൂടുതൽ കൃഷി നാശം ഉണ്ടാവും. മഴ വെള്ളം ഒഴുകി പോകാൻ പറ്റാത്തതിനാൽ കൃഷിയിടങ്ങളിൽ കെട്ടി കിടക്കുകയാണ്. റബ്ബർ മരങ്ങൾ പലതും ചാഞ്ഞ് വീഴാറായ നിലയിലാണ്. ലക്ഷങ്ങൾ ചെലവഴിച്ചാണ് കർഷകർ കൃഷി ചെയ്തിരുന്നത്. എന്നാൽ, കൃഷി നശിക്കുന്ന അവസ്ഥയിലാണ്. സർക്കാറിന്റെ ഭാഗത്തുനിന്ന് ഉടൻ അടിയന്തര സഹായം വേണമെന്നാണ് കർഷകരുടെ ആവശ്യം.
മഴ: വെള്ളക്കെട്ട്, വ്യാപക നാശം
കരുനാഗപ്പള്ളി: ശക്തമായ മഴയിൽ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. താലൂക്കിൽ 12 വീടുകൾ ഭാഗീകമായി തകർന്നു. 3.10 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് പ്രാഥമികമായി കണക്കാക്കുന്നത്. നിരവധി വീടുകളിൽ വെള്ളം കയറി. തീരമേഖലയിൽ ഉൾപ്പടെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വെള്ളം ഒഴുകി പോകാനുള്ള സ്രോതസുകൾ വ്യാപകമായി അടയപ്പെട്ടതും താഴ്ന്ന പ്രദേശങ്ങൾ നികത്തപ്പെട്ടതും വെള്ളക്കെട്ട് വ്യാപകമാകാൻ കാരണമായി.
നഗരസഭ അധികൃതർ ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളും റവന്യൂ അധികൃതരും ഇടപെട്ട് വിവിധ പ്രദേശങ്ങളിൽ തടസ്സങ്ങൾ ഒഴിവാക്കി വെള്ളം ഒഴുക്കി വിട്ടു.
കരുനാഗപ്പള്ളി പുതിയകാവിൽ ആൽമരം കടപുഴകി വീണ് വീടിന് നാശനഷ്ടം ഉണ്ടായി. രാവിലെ ഒമ്പതോടെയാണ് സംഭവം. വൈഷ്ണവം വീട്ടിൽ ഓമനക്കുട്ടൻപിള്ളയുടെ വീടിന് മുകളിലേക്ക് പുതിയകാവ് ക്ഷേത്ര മൈതാനത്ത് നിന്ന ആൽമരം ഒടിഞ്ഞുവീണത്.
മേൽക്കൂര ഭാഗീകമായി തകർന്നു. ഭിത്തി വീണ്ടുകീറി. വീട്ടിലെ ഗ്യാസ് സ്റ്റൗ, വാഷിങ് മെഷീൻ എന്നിവക്ക് കേടുപാടുണ്ടായി. തൊടിയൂർ പുലിയൂർവഞ്ചി വടക്ക്, മഞ്ജുഭവനത്തിൽ മണി ലാലിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ മുകളിൽ മരം വീണ് മേൽക്കൂരക്ക് കേടുപാടു പറ്റി.
കരുനാഗപ്പള്ളി കന്നേറ്റി ആയൂർവേദ ആശുപത്രിയിലും പരിസരത്തും വെള്ളം കയറി നാശനഷ്ടമുണ്ടായി. ഇവിടെ നിർത്തിയിട്ടിരുന്ന വാഹനങ്ങളും വെള്ളക്കെട്ടിലായി. സമീപത്തെ ഒട്ടേറെ വീടകളിലും വെള്ളം കയറി. ദേശീയപാത നിർമാണ കമ്പനി ജീവനക്കാരെത്തി ജെ.സി.ബി ഉപയോഗിച്ച് വെള്ളം ഒഴുക്കിവിട്ടു.
നഗരസഭയുടെയും വിവിധ പഞ്ചായത്തുകളുടെയും തീരദേശ മേഖലകളിൽ വ്യാപകമായ വെള്ളക്കെട്ടുണ്ടായി. തോടുകൾ മിക്കതും കരകവിഞ്ഞൊഴുകി.
പണിക്കർകടവ്, തുറയിൽകുന്ന്, ആലുംകടവ്, കാട്ടിൽകടവ്, തുറയിൽകടവ്, വള്ളിക്കാവ് എന്നിവിടങ്ങളിലും വ്യാപകമായ വെള്ളക്കെട്ടുണ്ടായി. മഴ ശക്തിപ്രാപിച്ച സാഹചര്യത്തിൽ താലൂക്ക് ഓഫിസിൽ കൺട്രോൾ റൂം തുറന്നു. ഫോൺ-0476 2620223, 7902620223.
നീണ്ടകരയിൽ വീട് തകർന്നു
ചവറ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയില്‍ ചവറ മണ്ഡലത്തിലെ മിക്ക സ്ഥലങ്ങളിലും വെള്ളം കയറി. നീണ്ടകര പുത്തന്‍ തുറ പുത്തന്‍ പുരയില്‍ വീട്ടില്‍ മേരിയുടെ വീട് ചൊവ്വാഴ്ച പുലര്‍ച്ചെ ചെയ്ത മഴയില്‍ പൂര്‍ണമായും തകര്‍ന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാഷ്ടമുള്ളതായി കണക്കാക്കുന്നു.
പന്മന പോരൂക്കര വാര്‍ഡില്‍ കാഞ്ഞിക്കല്‍ വീട്ടില്‍ ബാലകൃഷ്ണപിള്ളയുടെ വീടിന് മുകളില്‍ ആഞ്ഞിലി മരം വീണ് മുകളിലിട്ടിരുന്ന ഷീറ്റ് ഭാഗീകമായി നശിച്ചു. ഏകദേശം 20000രൂപയുടെ നഷ്ട്ടം സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു.
ചവറ ചെറുശേരി ഭാഗം അജയഭവനത്ത് ശാരദാമ്മയുടെ വീടിന്റെ മതില് മഴയില്‍ പൂര്‍ണമായും തകര്‍ന്നു. തിങ്കഴാഴ്ച രാത്രിയിലായിരുന്നു സംഭവം. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോള്‍ മതില് പൂര്‍ണമായും ഇടിഞ്ഞ് വീഴുന്നതാണ് കണ്ടത്. ഏകദേശം ഒരു ലക്ഷം രൂപയോളം നഷ്ടമുള്ളതായി വീട്ടുകാര്‍ പറഞ്ഞു.
തേവലക്കര പഞ്ചായത്തില്‍ നടുവിലക്കര, അരിനല്ലൂര്‍, പാലയ്ക്കല്‍, മൊട്ടയ്ക്കല്‍ വാര്‍ഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. മൊട്ടയ്ക്കല്‍ വാര്‍ഡില്‍ 35ഓളം വീടുകളിലും പാലയ്ക്കല്‍ വാര്‍ഡില്‍ 20 ഓളം വീടുകളിലെ മുറിയ്ക്കകത്ത് വരെ വെള്ളം കയറിയ നിലയിലായിരുന്നു. അരിനല്ലൂര്‍ വാര്‍ഡിന്റെ കായലോര പ്രദേശങ്ങള്‍ വെള്ളം കയറി ദയനീയമായ അവസ്ഥയാണ്.
ചവറ തെക്കുംഭാഗം അഞ്ചാം വാര്‍ഡില്‍ ബംഗ്ലാവില്‍ കോളനിയില്‍ തിങ്കഴാള്ച രാത്രിയില്‍ പെയ്ത മഴയില്‍ 15ഓളം വീടുകളില്‍ വെള്ളം കയറി.
വില്ലേജ് ഓഫിസര്‍, തെക്കുംഭാഗം പൊലീസ് എന്നിവരെത്തി നാട്ടുകാരുടെ സഹായത്തോടെ ഓടകള്‍ വൃത്തിയാക്കി. തുടര്‍ന്ന് ഒരുപരിധി വരെ വെള്ളം വറ്റി. ചൊവാഴ്ച 2.30ഓടെ ലോട്ടറി വില്പന നടത്തുന്ന കാവിന്റെ പടീറ്റതില്‍ ശ്രീകുമാരിപിള്ളയുടെ അടുക്കളുടെ ഒരു ഭാഗം തകര്‍ന്നു. ഈ സമയം ഇവര്‍ വീട്ടിലുണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രഭാകരന്‍പിള്ള സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ചവറ മൂത്രാല്മുക്ക് കൃഷ്ണന് നട റോഡില്‍ തെങ്ങ് വീണ് വൈദ്യുത തൂണ് ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഏറെ നേരം വൈദ്യുതി നിലച്ചു. നീണ്ടകര പരിമണം സൗത്തില്‍ മൈനാഗം മുക്കിന് സമീപം പിടഞ്ഞാറ് ഭാഗം റോഡിലെ സമീപത്തെ വീടുകളില്‍ തോട്ടില്‍ നിന്നും വെള്ളം ഒഴുകി വീടുകള്‍ക്ക് ചുറ്റും വെള്ളക്കെട്ടായി. ചവറ തെക്കുംഭാഗത്ത് തേരുവിള മുക്കില്‍നിന്ന് ഒഴുകി വന്ന വെള്ളം ഊളന്തടം ഭാഗം മുഴുവനും വെള്ളെക്കെട്ടിലാക്കി.
പന്മന പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കേണ്ടി വന്നാല്‍ അതിനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇടപ്പള്ളിക്കോട്ട വലിയം സെന്‍ട്രല്‍ സ്കൂള്‍ ദുരിതാശ്വാസ ക്യാമ്പായി മാറ്റാനാണ് അധികൃതരുടെ തീരുമാനം. മഴ വീണ്ടും ശക്തമായല്‍ പല പഞ്ചായത്തുകലിലും ഒന്നിലധികം ദുരിതാശ്വസ ക്യാമ്പുകള്‍ തുറക്കേണ്ട അവസ്ഥയുണ്ടാകും.
കുന്നത്തൂരിൽ മരങ്ങൾ വീണ് വീടുകൾ തകർന്നു
ശാസ്താംകോട്ട: കനത്ത മഴയിൽ കുന്നത്തൂർ താലൂക്കിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായി. നിരവധി വീടുകളിലേക്ക് മരങ്ങൾ വീണ് നാശനഷ്ടം ഉണ്ടായി. വെള്ളം കയറി വ്യാപകമായി കൃഷി നശിച്ചു.
ചവറ - ഭരണിക്കാവ് പ്രധാന പാതയിലെ കാരാളിമുക്ക് ആദിക്കാട് ജങ്ഷനിൽ രാവിലെ മരം കടപുഴകി വീണു തടസ്സപ്പെട്ടു. പിന്നീട് അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചു മാറ്റി. ശാസ്താംകോട്ട ആഞ്ഞിലിമൂട് എൽ.എഫ് കോട്ടേജിൽ ശക്തമായ കാറ്റിൽ മരം വീടിന് മുകളിലേക്ക് വിഴുകയും സമീപത്ത് നിന്ന കിണർ തകരുകയും ചെയ്തു.
മൈനാഗപ്പള്ളി പഞ്ചായത്ത് ഓഫിസിന് സമീപം തട്ടാൻറെ കിഴക്കതിൽ നിസാറിന്റെ വീടിന്റെ ഓടും ഷീറ്റും തകർന്നു. എട്ടോളം വാട്ടർ ടാങ്കുകളും തകർന്നു. നാല് ലക്ഷം രൂപയിലധികം നഷ്ടം ഉണ്ടായി.
മൈനാഗപ്പള്ളി വേങ്ങ മൈലാടുംകുന്ന് അഹ്സന മൻസിൽ ബാദുഷയുടെ വീട്ട് മുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു.
ശാസ്താംകോട്ട മനക്കര തുണ്ടിൽ വീട്ടിൽ അനൂപിന്റെ വീട്ടിലേക്കും കടയിലേക്കും രാവിലെ 8.30ന് പ്ലാവ് ഒടിഞ്ഞു വീണ് ഭാഗിക നാശനഷ്ടം ഉണ്ടായി. ഉദ്ദേശം 125000 രൂപ നാശനഷ്ടം കണക്കാക്കുന്നു.
ശൂരനാട് വടക്ക് പുലിക്കുളം ലേഖഭവനത്തിൽ ലേഖയുടെ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. ഏകദേശം 35000 രൂപയുടെ നഷ്ട കണക്കാക്കുന്നു.
പോരുവഴി കമ്പലടി കാവിന്റെ മേലേതിൽ പ്രതീപ് ഭവനത്തിൽ അംബികയമ്മയുടെ വീടിന്റെ പുറത്തേക്ക് ആഞ്ഞിലിമരം ഒടിഞ്ഞ് വീണ് വീട് പൂർണമായി നശിച്ചു. ഏകദേശം നാല് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വീട്ടുകാർ പറയുന്നു.
ശൂരനാട് വടക്ക് പള്ളി ചന്ത റിനു ഭവനത്തിൽ ശെൽവരാജിന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് നൗഫൽ മൻസിൽ റഷീദയുടെ ഇരുനില വീടിന്റെ പോർച്ചിന്റെ ഒരു വശവും മതിലും മഴയിൽ തകർന്നു. ഉയർന്ന സ്ഥലത്തുള്ള വീട് അപകട ഭീഷണിയിലാണ്. താൽക്കാലികമായി താമസം ബന്ധു വീട്ടിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു.
ശൂരനാട് തെക്ക് വില്ലേജിൽ തൃക്കുന്നപുഴ കല്ലേലി സരസ്സിൽ അച്യുതൻ എന്ന ആളിനെ വെള്ളകെട്ടായ വീട്ടിൽനിന്ന് പുറത്തേക്ക് മാറ്റി. ശൂരനാട് വടക്ക് കളീക്കത്തറ ശ്രീകൃഷ്ണ ഭവനംത്തിൽ ശ്രീലത യുടെ വീട്ടിലേക്ക് വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചു. പടി. കല്ലട കണത്താർകുന്നംപുളിമൂട്ടിൽ ബഷീർ കുട്ടിയുടെ വസ്തുവിന്റെ പാർശ്വഭിത്തി തകർന്ന് വീണു.
വെട്ടിക്കാട്ട് ഏല മുങ്ങി; വീടുകളിലും വെള്ളം
ശാസ്താംകോട്ട: കനത്ത മഴയിൽ മൈനാഗപ്പള്ളി വെട്ടിക്കാട്ട് ഏലയിൽ വെള്ളത്തിൽ മുങ്ങുകയും സമീപത്തെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു. വെട്ടിക്കാട്ട് കിഴക്കേ ഏലാ ഭാഗമാണ് വെള്ളത്തിൽ മുങ്ങിയത്. ഇവിടെ പ്രധാനമായും അഞ്ച് കലുങ്ക് വഴിയാണ് വെള്ളം ഒഴുകുന്നത്. എന്നാൽ, ഈ കലുങ്കിന്റെ ഭാഗത്തേക്ക് വെള്ളം ഒഴുകി എത്തേണ്ട ചെറിയ തോടുകളും മറ്റും ചില വ്യക്തികൾ മണ്ണും കെട്ടിടവേസ്റ്റുകളുമിട്ട് നികത്തിയത് മൂലം തോടുകൾ അടഞ്ഞതാണ് ഏലായിൽ വെള്ളംകയറാൻ കാരണം.
കൂടാതെ ഈ ഭാഗത്ത് ഉണ്ടായിരുന്ന മറ്റ് ചെറിയ കലുങ്കുകളും ഓടകളും മണ്ണിട്ട് നികത്തിയതോടെ വെള്ളം ഒഴുകി പോകാൻ മാർഗമില്ലാതായി. ഏലായിൽ വെള്ളം കയറിയതോടെ സമീപത്തെ വീടുകളിലും വെള്ളം കയറുകയായിരുന്നു. അനധികൃതമായ നികത്തലിനെതിരെ റവന്യൂ അധികൃതർക്കും മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ചൊവ്വാഴ്ച തഹസിൽദാർ സ്ഥലം സന്ദർശിച്ചെങ്കിലും അനധികൃതമായിട്ട മണ്ണ് നീക്കം ചെയ്യാൻ നിർദേശിച്ച് മടങ്ങുകയായിരുന്നെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.