കരിഞ്ഞുവീഴുന്നു കർഷകസ്വപ്നം
text_fieldsകൊല്ലം: എന്തുവന്നാലും രക്ഷയില്ലാത്ത അവസ്ഥയിലാണ് കർഷകർ. മഴ വന്നാലും വെയിൽ കൂടിയാലും വന്യജീവി ആക്രമണങ്ങളാലും നഷ്ടമുണ്ടാകുന്നത് കർഷകർക്ക് മാത്രമാണ്. കാർഷിക വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ മൂന്നുമാസത്തിനിടെ ജില്ലയിലെ 290 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചതിലൂടെ ഒന്നരക്കോടിയോളം രൂപയുടെ വിളനാശമാണ് കർഷകർക്കുണ്ടായത്. ഇത്തരത്തിൽ ജില്ലയിലെ 4511 കർഷകരാണ് ദുരിതത്തിലായത്.
ജില്ലയിൽ കഴിഞ്ഞമാസങ്ങളിലെ വേനലിൽ ഏറെയും പ്രതിസന്ധിയനുഭവിക്കുന്നത് വാഴ കർഷകരാണ്. ദിവസേന നൂറുകണക്കിന് വാഴകളാണ് കടുത്ത ചൂട് താങ്ങാനാവാതെ മറിഞ്ഞുവിഴുന്നത്. ചൂട് കൂടിയതോടെ മൂപ്പെത്താതെ കുലച്ച വാഴകളിൽ അധികവും പഴുത്തുതുടങ്ങി. ഇത്തരം കുലകൾക്ക് രുചിയും മധുരവുമില്ലാത്തതിനാൽ വിപണിയിലും വിലകിട്ടില്ല.
വേനലിൽ വെള്ളം നനച്ചാലും പ്രയോജനമില്ലാതെ വാഴകൾ മറിഞ്ഞുവീഴുന്നുവെന്ന് കർഷകർ പറയുന്നു. 275.64 ഹെക്ടറിലായി കഴിഞ്ഞ മൂന്നുമാസത്തിൽ 2714 കുലക്കാത്തവാഴകളും 418 കർഷകരുടെ 19,488 കുലച്ച് വിളവെടുക്കാൻ ദിവസങ്ങൾ വേണ്ടിയിരുന്ന വാഴകളുമാണ് നശിച്ചത്. പാട്ടഭൂമിയിൽ കൃഷിയിറക്കിയ കർഷകരെയാണ് കനത്തചൂടും കാലാവസ്ഥ വ്യതിയാനവും പ്രതികൂലമായി ബാധിച്ചത്. ബാങ്കിൽനിന്ന് വായ്പയെടുത്തും ആഭരണം പണയപ്പെടുത്തിയും പലിശക്കെടുത്തുമൊക്കെ കൃഷിയിറക്കിയവർക്ക് വിളനാശം നേരിടുന്നതിനാൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായത്.
വിളവെടുക്കൽ പാതിയോളമായിട്ടും സാധാരണ ലഭിക്കുന്ന വിളവ് കാലാവസ്ഥ വ്യതിയാനംമൂലം കർഷകർക്ക് ലഭിച്ചില്ല. വാഴകൾക്കുപുറമേ തെങ്ങ്, കുരുമുളക്, റബർ, കശുമാവ്, കപ്പ, നെല്ല്, പച്ചക്കറികൾ എന്നിവയും നശിച്ചു. ജില്ലയുടെ കിഴക്കൻ മേഖലകളെയാണ് വരൾച്ച കൂടുതലായും ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നുമാസത്തിൽ കൂടുതൽ കർഷകർ ദുരിതമനുഭവിച്ചത് അഞ്ചൽ താലൂക്കിലായിരുന്നു. 208.6 ഹെക്ടറിലായി 129 കർഷകരാണ് ദുരിതത്തിലായത്.
വിളകൾ ഇൻഷുർ ചെയ്യാം
വരാൻ പോകുന്നത് കടുത്ത വേനലിന്റെ നാളുകളാണ്. മാര്‍ച്ചില്‍ മിക്ക ദിവസങ്ങളിലും 37 ഡിഗ്രിയിലധികം ചൂട് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിലും കർഷകരുടെ ദുരിതം വർധിക്കാനാണ് സാധ്യതയെന്ന് കാർഷികവകുപ്പും വ്യക്തമാക്കുന്നു. പ്രകൃതിക്ഷോഭത്തില്‍ വിളനാശം സംഭവിച്ചാല്‍ ആദ്യം ചെയ്യേണ്ടത് വിവരം കൃഷിഭവനില്‍ അറിയിക്കുകയെന്നതാണ്. നേരിട്ടോ www.aims.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് AIMS ആപ് ഡൗണ്‍ലോഡ് ചെയ്തോ വിവരം അധികൃതരെ അറിയിക്കാം.
വിളകള്‍ ഇന്‍ഷുര്‍ ചെയ്തിട്ടില്ലാത്തവര്‍ 10 ദിവസത്തിനുള്ളിലും ചെയ്തവര്‍ 15 ദിവസത്തിനുള്ളിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സ്ഥലപരിശോധന കഴിയുംവരെ നാശനഷ്ടം സംഭവിച്ച വിളകള്‍ അതേപടി നിലനിര്‍ത്തണം. നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ട് വഴിയാകും ലഭിക്കുക. വിളകള്‍ക്ക് ഉണ്ടാക്കുന്ന പൂര്‍ണ നാശത്തിനു മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ഭാഗികമായ നഷ്ടം കണക്കാക്കില്ല. നെല്‍കൃഷിക്ക് 50 ശതമാനത്തിലധികം നാശനഷ്ടം ഉണ്ടായാല്‍ പൂര്‍ണ നാശനഷ്ടമായി കണക്കാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.