ഇതാ ഒരു കെന്നഡിയൻ വീരഗാഥ
text_fieldsകൊല്ലം: അസാധ്യമായതിനെ നിശ്ചയദാർഢ്യത്തിലൂടെയും കഠിന പ്രയത്നത്തിലൂടെയും സാധ്യമാക്കുന്നതറിയാൻ കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങരയിൽ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ് കാമ്പസിലേക്ക് ചെല്ലണം. തങ്കത്തിളക്കത്തിൽ മിന്നിത്തിളങ്ങുന്ന ഒരു വമ്പൻ ട്രോഫി പറയും കെന്നഡിയൻ സംഘത്തിന്റെ വീരഗാഥ. ജില്ല സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ രണ്ടാം വർഷവും മികച്ച സ്കൂൾ പട്ടത്തിെന്റ തിളക്കമാണ് ആ ട്രോഫിക്ക്.
10 കൊല്ലം മുമ്പ് സ്കൂളിന്റെ അവസ്ഥ ഇതായിരുന്നില്ല. 2015ൽ 150ൽ പരം വിദ്യാർഥികൾ എന്ന നിലയിൽനിന്ന് ഇന്നത്തെ ആയിരത്തിലധികം വിദ്യാർഥികൾ എന്ന അവിശ്വസനീയ യാത്രയിൽ, അവർ സ്വയം തെളിച്ചെടുത്ത ഒരുപിടി നേട്ടങ്ങളിലെ പൊൻതൂവലാണ് തുടർച്ചയായ രണ്ടാം കലാകിരീടം.
ഉപജില്ലയിലെ നഷ്ടത്തിന് ജില്ലയിൽ കിരീടം
കഴിഞ്ഞവർഷം യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഒന്നാമതെത്തി കരുനാഗപ്പള്ളി ഉപജില്ല ഓവറോൾ നേടി കുതിച്ചാണ് ജെ.എഫ്.കെ വിദ്യാർഥികൾ സ്കൂൾ ചരിത്രത്തിൽ ആദ്യമായി ജില്ല കലാകിരീടം നേടിയത്.
ഇത്തവണ ഉപജില്ലയിൽ അവസാനനിമിഷം ഓവറോൾ ഒരു പോയന്റിന് നഷ്ടപ്പെട്ടുപോയ ദുഃഖത്തിലാണ് 120 പേരടങ്ങളുന്ന കുട്ടി കലാസംഘം ജില്ലപോരിന് ഇറങ്ങിയത്. പങ്കെടുത്ത 62 ഇനങ്ങളിൽ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിൽ 16 എണ്ണത്തിൽ സംസ്ഥാന കലോത്സവത്തിനുള്ള ടിക്കറ്റ് സ്വന്തമാക്കാൻ സ്കൂളിന് സാധിച്ചു.
യു.പിയിൽ പങ്കെടുത്ത ഏഴ് ഇനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കി. അവസാന നിമിഷം വരെ നീണ്ട പോരാട്ടം ഇത്തിരി കനത്തെങ്കിലും ചാമ്പ്യൻ സ്കൂൾ പട്ടം സ്വന്തമാക്കി, ഉപജില്ലയിലെ നഷ്ടത്തിന് അവർ പരിഹാരം കണ്ടു. പ്ലസ് വൺകാരൻ അദ്വൈത് കൃഷ്ണയാണ് സ്കൂളിന്റെ വ്യക്തിഗത താരം. അപ്പീൽ ഫലങ്ങൾ വരുമ്പോൾ സംസ്ഥാന പോരാട്ടത്തിനുള്ള സംഘത്തിന്റെ വലുപ്പം കൂടുമെന്നാണ് പ്രതീക്ഷ.
ചിട്ടയാണ് പ്രധാനം, ഒത്തൊരുമയും
രണ്ട് വർഷത്തിലധികമായി നടത്തുന്ന പരിശ്രമങ്ങൾക്കുള്ള ഫലമാണ് രണ്ടാം കിരീടനേട്ടം. വേനലവധിക്ക് വർക്ഷോപ്പുകളിലൂടെ പ്രതിഭകളെ കണ്ടെത്തി അധ്യയനവർഷത്തിന്റെ തുടക്കം മുതൽ പരിശീലനം ആരംഭിക്കം. പരിശീലകരെ ഉൾപ്പെടെ കണ്ടെത്തുന്നത് സ്കൂൾ തന്നെ. അധ്യാപകരെല്ലാംതന്നെ കലാപ്രവർത്തനങ്ങളുടെ ഏകോപനത്തിൽ പങ്കാളിയാകുന്നു. കലാപരിശീലിക്കുന്നതിനുൾപ്പെടെ ചെലവായി കുട്ടികൾ ചെറിയ തുക നൽകുമ്പോൾ മാനേജ്മെന്റ്, പി.ടി.എ, അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവരടങ്ങിയ സംഘം ബാക്കി തുക കണ്ടെത്തുന്നു.
ചെറിയ തുക പോലും നൽകാൻ കഴിയാത്ത കുട്ടികൾക്ക് പൂർണ സഹായവും നൽകും. ഓരോ ഇനത്തിനും മികവുറ്റ പരിശീലകരെ വെച്ച് ഷെഡ്യൂളായാണ് പരിശീലനം. അധ്യയനത്തിലും കൃത്യമാണ് കാര്യങ്ങൾ. ഒരേസമയം എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി എന്നീ മൂന്ന് വിഭാഗങ്ങളിലും 100 ശതമാനം ജയം ജെ.എഫ്.കെക്ക് സ്വന്തമായതും ദൃഷ്ടാന്തം. ഇത്തവണ മുതൽ കലോത്സവത്തിരക്ക് കാരണം ക്ലാസുകൾ നഷ്ടപ്പെടുന്നവർക്ക് ‘ബോധനം’ എന്ന പേരിൽ പ്രത്യേക ക്ലാസുകളും നൽകുന്നു. ഇനി ലക്ഷ്യം ജനുവരിയിലെ സംസ്ഥാന കലോത്സവം. മികച്ച സ്കൂൾ എന്ന പട്ടത്തിനുമപ്പുറം കൊല്ലം ജില്ലക്ക് ഓവറോൾ കിരീടം എന്ന ലക്ഷ്യവുമായാണ് ഇപ്പോൾ യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.