പൂയപ്പള്ളിയിൽ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
text_fieldsഓയൂർ: പൂയപ്പള്ളിയിൽ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ചസംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. പൂയപ്പള്ളി ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ പൂയപ്പള്ളി മേലൂട്ട് വീട്ടിൽ ബിജു (56) വിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ അന്നമ്മയെ (52) യാണ് ഇയാൾ കൊലപ്പെടുത്തിയത്.
കഴിഞ്ഞ പത്തിനായിരുന്നു സംഭവം. വൈകീട്ട് ആറിന് തീപ്പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, 18ന് രാവിലെയാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരങ്ങൾ കൊല്ലം റൂറൽ പൊലീസ് മേധാവിക്കും കൊട്ടാരക്കര ഡിവൈ.എസ്.പിക്കും പരാതി നൽകിയിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അന്നമ്മ നൽകിയ മൊഴി അവരുടെ പക്കൽ നിന്ന് കൈയബദ്ധം പറ്റിയെന്നായിരുന്നു. എന്നാൽ, ആശുപത്രിയിൽ പരിചരിക്കാൻ നിന്ന സഹോദരിമാരോട് ദേഹത്ത് ഭർത്താവ് ബിജു പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പറഞ്ഞിരുന്നു.
സംഭവ ദിവസം അന്നമ്മയും ബിജുവും ഇവരുടെ മൂന്ന് വയസ്സുള്ള ചെറുമകനും ബിജുവിന്‍റെ ഓട്ടോയിൽ കൊല്ലം ക്ഷേമനിധി ഓഫിസിൽ പോയി. മടങ്ങിവരുന്നതിനിടെ, ഇയാൾ മദ്യം വാങ്ങി. വീട്ടിലെത്തിയശേഷം വൈകീട്ട് അഞ്ചരയോടെ മഴ ചാറിയതിനെത്തുടർന്ന് വീടിന്‍റെ ടെറസിൽ കിടന്ന തുണി എടുത്തു കൊണ്ടുവന്ന അന്നമ്മയുടെ കാലിൽ നിന്ന് ചളി ചവിട്ടുപടിയിൽ പറ്റി. ഇത് ഉടൻ കഴുകാൻ പറഞ്ഞ് ബിജു ബഹളമുണ്ടാക്കി. കുറച്ചുനേരം കിടന്നിട്ട് ചളി കഴുകിക്കളയാമെന്ന് അന്നമ്മ പറഞ്ഞു. എന്നാൽ, അപ്പോൾതന്നെ ചളി കഴുകിക്കളയണമെന്ന് വഴക്കുണ്ടാക്കിയ ഇയാൾ കുട്ടിയെയും കൂട്ടി ഓട്ടോയിൽ പോയി പെട്രോൾ വാങ്ങിക്കൊണ്ടുവന്നു. ഈ സമയം കിടപ്പുമുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്ന അന്നമ്മയുടെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.
മിക്കപ്പോഴും ബിജു അതിക്രൂരമായി അന്നമ്മയെ ഉപദ്രവിക്കുമായിരുന്നു. പലപ്പോഴും അന്നമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം കത്തിക്കുമെന്ന് ഭയപ്പെടുത്താറുണ്ടായിരുന്നു. പമ്പ് ജീവനക്കാരും സംഭവ ദിവസം ഇയാൾ കുപ്പിയിൽ പെട്രോൾ വാങ്ങിക്കൊണ്ടുപോയതായി പൊലീസിൽ മൊഴി കൊടുത്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ഡിവൈ.എസ്.പി സുരേഷിന്‍റെ മേൽനോട്ടത്തിൽ പൂയപ്പള്ളി എസ്.ഐ അഭിലാഷിന്‍റെ നേതൃത്വത്തിൽ എസ്.ഐ. സജി ജോൺ, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ. അനിൽ കുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അന്നമ്മയുടെ സഹോദരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവന്ന പൊലീസ് കഴിഞ്ഞ ഒരാഴ്ചയായി ബിജുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇയാളുടെയും സാക്ഷിമൊഴികളും തമ്മിലുള്ള വൈരുധ്യവുമാണ് കൊലപാതകം തെളിയിക്കാനിടയായത്. ഒടുവിൽ താനാണ് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചതിനെത്തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.