ഹൃദ്യം പദ്ധതി: ജില്ലയിൽ രജിസ്റ്റർ ചെയ്തത് 2025പേർ
text_fieldsകൊല്ലം: ജന്മനാ ഹൃദ്രോഗമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ശസ്ത്രക്രിയ പദ്ധതിയായ ‘ഹൃദ്യം’ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 2025 പേർ. സങ്കീര്‍ണമായ ഹൃദയവൈകല്യങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ നവജാത ശിശുക്കൾ ഉൾപ്പെടെ ജില്ലയിൽ 353 പേർ ശസ്ത്രക്രിയ പൂർത്തിയാക്കി മടങ്ങി.
ഈ സാമ്പത്തികവർഷം ആരംഭിച്ചതിനുശേഷം ജില്ലയിൽ 76 പേർ രജിസ്റ്റർ ചെയ്തതിൽ ഏപ്രിലിൽ -3, ജൂൺ-2 എന്നിങ്ങനെ അഞ്ചുപേർക്കാണ് ശസ്ത്രക്രിയ നടത്തിയത്.
ദേശീയ ആരോഗ്യമിഷൻ (എൻ.എച്ച്.എം) ഫണ്ടായ 102 കോടി സംസ്ഥാന വിഹിതമായി അനുവദിച്ചതോടെ പദ്ധതിക്ക് ജീവൻവെച്ചു. മാസങ്ങളായി കേരളത്തിന് എൻ.എച്ച്.എമ്മിന്റെ കേന്ദ്ര വിഹിതം ലഭിക്കാത്തതും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും പദ്ധതിയെ പിന്നോട്ടുവലിച്ചിരുന്നു.
ശസ്ത്രക്രിയക് പുറമേ, കുട്ടികളിലെ ഹൃദ്രോഗ ചികിത്സയും പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്. ഹൃദ്യം പദ്ധതി ആരംഭിച്ച ശേഷം കേരളത്തിൽ ശിശു മരണനിരക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ശസ്ത്രക്രിയക്കായി എംപാനൽ ചെയ്യുന്ന സ്വകാര്യ ആശുപ്രതികളുമായുള്ള കരാർ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതോടെ പുതുക്കി നൽകി.
എങ്ങനെ രജിസ്റ്റർ ചെയ്യാം
ഹൃദ്രോഗ സാധ്യതയുള്ള കുട്ടികളുടെ വിവരങ്ങൾ https://hridyam.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഗർഭസ്ഥ ശിശുവിനാണ് പ്രശ്നമെങ്കിൽ ഫീറ്റൽ രജിസ്ട്രേഷൻ നടത്തണം. ജില്ലയിൽ കുട്ടികളുടെ ആശുപത്രിയായ വിക്ടോറിയ ആശുപത്രിയിൽ പദ്ധതിയുടെ കിയോസ്കിലെത്തിയും രജിസ്റ്റർ ചെയ്യാം. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികളെയും പരിശോധനക്ക് വിധേയമാക്കും.
ആരോഗ്യപ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശന വേളയിലുള്ള പരിശോധന, അംഗൻവാടികളിലും സ്കൂളുകളിലും ആര്.ബി.എസ്.കെ സ്ക്രീനിങ് എന്നിവ വഴിയും കുട്ടികളിലെ ഹൃദ്രോഗലക്ഷണം കണ്ടെത്തും. തുടർന്ന് ശിശുരോഗ വിദഗ്ധന്റെ സഹായത്തോടെ എക്കോ കാർഡിയോഗ്രാം അടക്കമുള്ള പരിശോധനകളിലൂടെ രോഗനിര്‍ണയം നടത്തും. രോഗതീവ്രതയനുസരിച്ച് പട്ടിക തയാറാക്കി ചികിത്സ ലഭ്യമാക്കും.
ശസ്ത്രക്രിയ നടത്തേണ്ട ആശുപത്രിയും മാതാപിതാക്കൾക്ക് തെരഞ്ഞെടുക്കാം. സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്നവർക്കും പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽനിന്ന് പുറത്തിറങ്ങുന്നതുവരെയുള്ള എല്ലാ ചെലവുകളും സർക്കാർ വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.