മനുഷ്യത്വം തോറ്റു; സുഗതെൻറ മക്കള്‍ വര്‍ക്ഷോപ്പ് ഉപേക്ഷിക്കുന്നു
text_fieldsകുന്നിക്കോട്: സര്‍ക്കാർ ചട്ടങ്ങളോട് പൊരുതിത്തോറ്റ്, സുഗതെൻറ മക്കള്‍ വര്‍ക്ഷോപ്പ് ഉപേക്ഷിക്കുന്നു. പ്രവാസം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് സംരംഭകനായി എത്തിയ പുനലൂര്‍ ഐക്കരകോണം വാഴമണ്‍ ആലുവിള വീട്ടില്‍ സുഗതെൻറ വേര്‍പാടില്‍നിന്ന് മുക്തരാകും മുേമ്പ പിതാവിനായി തുടങ്ങിെവച്ച വര്‍ക്ഷോപ്പും ഉപേക്ഷിക്കുകയാണ് മക്കളായ സുനിലും സുജിത്തും. 2018 ഫെബ്രുവരിയിലാണ് കൊല്ലം തിരുമംഗലം ദേശീയപാതയോരത്ത് വിളക്കുടി പഞ്ചായത്തിലെ പൈനാപ്പിള്‍ ജങ്ഷന് സമീപം സുഗതന് വര്‍ക്ഷോപ് ആരംഭിച്ചത്. നികത്തിയ വയലിലാണ് വര്‍ക്ഷോപ് നിര്‍മിച്ചതെന്ന കാരണത്താല്‍ സി.പി.ഐ യുവസംഘടന നിര്‍മാണമേഖലയില്‍ കൊടികുത്തി. തുടർന്ന് അതേ കെട്ടിടത്തില്‍ തന്നെ സുഗതൻ ജീവിതം അവസാനിപ്പിച്ചു.
കേസിലകപ്പെട്ട് ജയിലിലായിരുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി സ്വീകരണം ഒരുക്കിയതും വിവാദമായി. ഇതിനിടെ സി.പി.ഐ അംഗങ്ങളുടെ എതിര്‍പ്പ് വകെവക്കാതെ ഇടതുമുന്നണി ഭരിക്കുന്ന വിളക്കുടി പഞ്ചായത്ത് യു.ഡി.എഫ് പിന്തുണയോടെ വര്‍ക്ഷോപ്പിന് എന്‍.ഒ.സി നല്കി. സുഗതെൻറ മക്കള്‍ അതേ സ്ഥലത്ത് 2019 ജനുവരിയില്‍ പ്രവര്‍ത്തനാനുമതിക്കായി പഞ്ചായത്തിനെ വീണ്ടും സമീപിച്ചെങ്കിലും താല്‍ക്കാലിക കെട്ടിട നമ്പര്‍ മാത്രമേ നല്‍കാനാകൂ എന്നായി വാദം. തുടർന്ന് ഇരുവരും പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നിരാഹാരം നടത്തിയതും ഫലം കണ്ടില്ല. വര്‍ക്ഷോപ് നില്ക്കുന്ന സ്ഥലം തണ്ണീര്‍ത്തട നിയമപ്രകാരം ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് താല്‍ക്കാലിക ലൈസന്‍സ് മാത്രം അനുവദിച്ചു. സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ അറിയിച്ച് അവിടുന്ന് തീരുമാനം ഉണ്ടായിട്ട് ലൈസന്‍സ് നല്‍കാമെന്ന് ഉറപ്പും നല്കി. ഇതിനിടെ കൃത്യമായി വര്ക്ഷോപ്പിെൻറ പേരില്‍ പഞ്ചായത്ത് നികുതിയും പിരിച്ചു. എന്നാൽ, ലൈസൻസ് മാത്രം ലഭിച്ചില്ല. ഉറപ്പുകളൊന്നും പാലിക്കപ്പെട്ടതുമില്ല. പുതിയ ജീവിതോപാധികള്‍ നല്കി കുടുംബത്തെ നിലനിര്‍ത്താൻ, സര്‍ക്കാറോ സംഘടനകളോ തയാറായില്ലെന്ന് സുനിലും സുജിത്തും നിറകണ്ണുകളോടെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.