കെ.എസ്.ആർ.ടി.സിയിൽ അനധികൃത സ്ഥലംമാറ്റമെന്ന്
text_fieldsകൊല്ലം: കെ.എസ്.ആർ.ടി.സി ജില്ലയിലെ വിവിധ ഡിപ്പോകളിലെ ജീവനക്കാരെ തലങ്ങും വിലങ്ങും അനധികൃതമായി സ്ഥലം മാറ്റുന്നതായി ആക്ഷേപം. വർക്ക് അറെയ്ഞ്ച്മെന്റ് എന്ന പേരിൽ അടിയന്തരമായി മറ്റ് ഡിപ്പോകളിലേക്ക് മാറ്റുന്നതിനെതിരെ ജീവനക്കാർക്കിടയിൽ അമർഷം ശക്തം.
ഓണത്തിന് മുമ്പ് താൽക്കാലിക ട്രാൻസ്ഫർ വന്നത് പ്രവർത്തനത്തെ ബാധിക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടിയതോടെ മാറ്റിവെച്ചത് പിന്നീട് നടപ്പാക്കിയിരുന്നു. ഇതിൽ കൊല്ലം ഡിപ്പോയിലെ ഡ്രൈവർമാരും കണ്ടർക്ടർമാരും ഉൾപ്പെടെ 10 ജീവനക്കാരെ പുനലൂർ, കൊട്ടാരക്കര, ചടയമംഗലം ഡിപ്പോകളിലേക്ക് മാറ്റി. ഇവർ അവിടെ ജോലിയിൽ തുടരവെയാണ് വീണ്ടും വർക്ക് അറെയ്ഞ്ച്മെന്റ് എന്ന് പറഞ്ഞ് മാറ്റുന്നത്.
ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടറുടെ നിർദേശ പ്രകാരം ചീഫ് ഓഫിസിൽനിന്ന് എ.ഒ ആണ് തിങ്കളാഴ്ച അടിയന്തര നിർദേശം പുറപ്പെടുവിച്ചത്. കെ.എസ്.ആർ.ടി.സി കൊല്ലം യൂനിറ്റിൽ നിലവിൽ സർവിസ് നടത്താൻ പോലും ഡ്രൈവർമാർ കുറവായിരിക്കെ മൂന്ന് ഡ്രൈവർമാരെ കൊട്ടാരക്കര യൂനിറ്റിലേക്ക് സ്ഥലംമാറ്റാനാണ് മാനേജ്മെന്റ് നിർദേശം. നിലവിലുള്ള ജീവനക്കാർ അധിക ഡ്യൂട്ടി എടുത്താണ് ആൾ ക്ഷാമം പരിഹരിക്കുന്നതെന്ന സ്ഥിതിയിലെ മാറ്റം ഡിപ്പോ പ്രവർത്തനം താളം തെറ്റിക്കും.
കരുനാഗപ്പള്ളി ഡിപ്പോയിൽ കണ്ടക്ടർ വിഭാഗം ജീവനക്കാർ കുറവായിരിക്കെ ആറ് പേരെ ചടയമംഗലത്തേക്കും ഹരിപ്പാടേക്കും ആണ് മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് വനിതകൾ അടക്കം ആണ് ഇത്തരത്തിൽ ട്രാൻസ്ഫറായി പോകേണ്ടത്.
ജനറൽ ട്രാൻസ്ഫർ ഇറക്കി ദിവസങ്ങൾക്ക് ശേഷം മാനദണ്ഡം ഇല്ലാതെ മാനേജ്മെന്റിന് തോന്നിയത് പോലെ ജീവനക്കാരെ സ്ഥലം മാറ്റുകയാണ് എന്നതാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.
ജീവനക്കാർ കുറവുള്ള ഡിപ്പോകളിൽ താൽക്കാലിക സംവിധാനമായ ബദലി വിഭാഗത്തിൽനിന്ന് ആവശ്യാനുസരണം ജീവനക്കാരെ ഓണക്കാലത്ത് നിയോഗിച്ചിരുന്നു. ചടയമംഗലം പോലുള്ള ഡിപ്പോകളിൽ ആളുകൾ പുതിയതായി ആവശ്യമില്ലാതിരിക്കെയാണ് വീണ്ടും അവിടേക്ക് ജീവനക്കാരെ മാറ്റുന്നതെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
വനിത കണ്ടക്ടർമാർ ദിവസവും കരുനാഗപ്പള്ളിയിൽ നിന്ന് ചടയമംഗലത്ത് പോയി വരാൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയും താമസസൗകര്യവുമില്ലാതെ ഇവർ വഴിയാധാരമാകുമെന്ന ആശങ്കയാണ് പങ്കുവക്കുന്നത്. ട്രാൻസ്ഫർ പ്രൊട്ടക്ഷൻ പോലും ഇല്ലാതെ ജീവനക്കാർ ജില്ലയിൽ തലങ്ങും വിലങ്ങും ഓടിനടക്കേണ്ട സ്ഥിതിയാണ് ഉള്ളത്.
സംഭവത്തിൽ കെ.എസ്.ആർ.ടി.ഇ.എ സി.ഐ.ടി.യു നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ഈ നിർദേശം നടപ്പാക്കാൻ കഴിയില്ലെന്നാണ് യൂനിയൻ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച വിഷയത്തിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.