കൊല്ലം തുറമുഖത്തെ ഇമിഗ്രേഷൻ സൗകര്യം: സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്രം
text_fieldsകൊല്ലം: കൊല്ലം തുറമുഖത്ത് ഇമിഗ്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയാത്തതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി. ഇമിഗ്രേഷൻ സംവിധാനം ആരംഭിക്കാനാകാത്തത് അടിസ്ഥാന സൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കാത്തത് കൊണ്ടാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ ലോക്സഭയില്‍ അറിയിച്ചു. തുറമുഖത്ത് ഇമിഗ്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ 2019 ജൂലൈ നാലിന് കത്തയച്ചു. 2019 സെപ്റ്റംബർ ആറ്, 2020 നവംബർ 23, 2021 ഫെബ്രുവരി 16, 2021 ഏപ്രിൽ എട്ട്, 2021 ആഗസ്റ്റ് 13, 2021 ഡിസംബർ എട്ട്, 2022 ഫെബ്രുവരി 15 എന്നീ തീയതികളിലും കത്തയച്ചു. ഇമിഗ്രേഷന്‍ ഏര്‍പ്പെടുത്താന്‍ ആവശ്യമായ സൗകര്യം ഒരുക്കണമെന്നും മാനവവിഭവ ശേഷി അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നമുറയ്ക്ക് എമിഗ്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാന സര്‍ക്കാറില്‍നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു.
ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ
നിശ്ചിത അളവിലുള്ള നാല് വീതം കൗണ്ടറുകള്‍ കപ്പല്‍ എത്തിച്ചേരുന്നിടത്തും പുറപ്പെടുന്ന സ്ഥലത്തും ഒരുക്കണം. വലിയ കപ്പലുകള്‍ വരുന്നത് അനുസരിച്ച് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കാനുള്ള സൗകര്യം, കമ്പ്യൂട്ടര്‍ റൂം, ടോയ്ലെറ്റ് സൗകര്യത്തോടെയുള്ള ഡിറ്റെന്‍ഷന്‍ റൂം, ഇന്‍ചാർജ് ഇമിഗ്രേഷന്‍ ഓഫിസ്, ഇമിഗ്രേഷന്‍ ഓഫിസ് ബാക്ക് റൂം ഓപറേഷന്‍, ട്രെയിനിങ്ങിനും മീറ്റിങ്ങിനും മള്‍ട്ടി പര്‍പ്പസ് റൂം, റെക്കോഡ് റൂം, യു.പി.എസ് റൂം, യാത്രക്കാര്‍ക്ക് കൗണ്ടറില്‍ എത്താന്‍ സൗകര്യപ്രദമായ ക്യു സൗകര്യം, എത്തിച്ചേരുന്ന യാത്രക്കാര്‍ക്കുള്ള ശൗചാലയത്തിന്‍റെ സൗകര്യം, എയര്‍പോര്‍ട്ട് മെയിന്‍റനന്‍സ് നിലവാരത്തിലുള്ള ഫര്‍ണിച്ചർ, തടസ്സം കൂടാതെയുള്ള വൈദ്യുതി, സെര്‍വര്‍ റൂം കൗണ്ടര്‍, ഓഫിസുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്‍റര്‍നെറ്റ് സൗകര്യം, ഉദ്യോഗസ്ഥര്‍ക്കുള്ള താമസസൗകര്യം എന്നിവയാണ് ഒരുക്കാന്‍ ആവശ്യപ്പെട്ട അടിസ്ഥാന സൗകര്യം. ഓരോ മുറികളുടെയും അളവുകള്‍ എത്രയാണെന്നുള്ള വിവരവും വ്യക്തമായി സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി മറുപടിയില്‍ പറഞ്ഞു. രണ്ട് ഇന്‍സ്പെക്ടര്‍മാര്‍, എട്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍, നാല് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇമിഗ്രേഷൻ സൗകര്യം ഒരുക്കാത്തത് ദുരൂഹം
കൊല്ലം: തുറമുഖത്ത് ഇമിഗ്രേഷന്‍ വിഭാഗം തുടങ്ങുന്നതിന് സൗകര്യമൊരുക്കാൻ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തത് ദുരൂഹമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. തുറമുഖത്തോടുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ അവഗണനയാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ എട്ട് കത്തുകള്‍ നല്‍കിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. അടിയന്തരമായി സൗകര്യമൊരുക്കി കേന്ദ്ര സര്‍ക്കാറിനെ അറിയിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.