കഞ്ചാവ് കേസ് പ്രതിക്ക് ആറുമാസം തടവ്
text_fieldsകൊല്ലം: ചെറിയ അളവ് കഞ്ചാവ് കൈവശംവെച്ച കുറ്റത്തിന് കൊല്ലം എക്സൈസ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടിയ പത്തനാപുരം തലവൂർ ഞാറക്കാട് ഐക്കര വീട്ടിൽ താഴത്തിൽ ബി. സുന്ദരൻ പിള്ളയെ പത്തനാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആറ് മാസം തടവിനും പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു.
എൻ.ഡി.പി.എസ് നിയമത്തിൽ ഒരു കിലോയിൽ താഴെ അളവ് കഞ്ചാവ് കേസുകളെയാണ് ചെറിയ അളവ് കേസുകളായി കണക്കാക്കുന്നത്. 2011 ഒക്ടോബർ 28 ന് 425 ഗ്രാം കഞ്ചാവുമായി സുന്ദരേശനെ കുര റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപത്ത് നിന്നാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആർ. ബാബുവും സംഘവും ചേർന്ന് പിടികൂടിയത്.
ഒരു കിലോയിൽ താഴെ അളവ് കഞ്ചാവ് കേസുകളിൽ പിഴചുമത്തി വിട്ടയക്കാറാണ് പതിവ്. നിലവിൽ ലഹരി കേസുകൾ ഏറി വരുന്ന സാഹചര്യത്തിൽ കോടതി നിയമം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് വിലയിരുത്തൽ. പത്തനാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.കെ. അശോകന്റെതാണ് വിധി. എക്സൈസിന് വേണ്ടി അസി: പബ്ലിക് പ്രോസിക്യൂട്ടർ എസ്. സലിൽ രാജ് ഹാജരായി. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.