മത്സ്യബന്ധനയാനങ്ങളിൽ ‘നഭ്മിത്ര’ പരീക്ഷണം വിജയം
text_fieldsകൊല്ലം: മത്സ്യബന്ധന യാനങ്ങളിൽ സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ സംവിധാനമായ ‘നഭ്മിത്ര’ ട്രാൻസ്പോണ്ടർ പരീക്ഷിച്ച് വിജയിച്ച് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ. ഉൾക്കടലിലുള്ള മത്സ്യബന്ധന യാനങ്ങളിലെ തൊഴിലാളികൾക്ക് കരയിലേക്കും തിരിച്ചും ലഘുസന്ദേശങ്ങളിലൂടെ ആശയവിനിമയം സാധ്യമാക്കുകയും മുന്നറിയിപ്പുകൾ ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനമാണ് നീണ്ടകരയിൽ മത്സ്യബന്ധനയാനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചത്.
ജി- സാറ്റ് 6 നെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഈ ഉപകരണം രൂപകൽപന ചെയ്ത് നിർമിച്ചത് അഹമ്മദാബാദിലെ ഐ.എസ്.ആർ.ഒ സ്പേസ് ആപ്ലിക്കേഷൻസ് സെന്ററാണ്. കാലാവസ്ഥ, ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ അലാറമായും പ്രാദേശിക ഭാഷയിൽ ടെക്സ്റ്റ് മെസേജ് ആയും ഉൾക്കടലിലുള്ള യാനങ്ങളിൽ ലഭിക്കും. ബോട്ടുകൾ മുങ്ങുക, തീപിടിത്തം എന്നിങ്ങനെ അടിയന്തര സാഹചര്യങ്ങളിൽ ഉപകരണത്തിലെ ബട്ടൺ അമർത്തിയാൽ കൺട്രോൾ സെന്ററിൽ ബോട്ടിന്റെ ലൊക്കേഷൻ ഉൾപ്പെടെ വിവരം ലഭിക്കുകയും, കൺട്രോൾ സെന്ററിൽനിന്നുള്ള മറുപടി സന്ദേശം ബോട്ടിലെ തൊഴിലാളികൾക്ക് ലഭിക്കുകയും ചെയ്യും.
കൂടാതെ കപ്പൽച്ചാലുകൾ, രാജ്യാന്തര സമുദ്ര അതിർത്തി എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകളും ഉപകരണം ലഭ്യമാക്കും. മത്സ്യലഭ്യതയുള്ള ഭാഗങ്ങളും അറിയാൻ സാധിക്കും. പരീക്ഷണം വിജയകരമായിരുന്നെന്ന് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ വ്യക്തമാക്കി. ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് ഉദ്യോഗസ്ഥർ, ഫിഷറീസ് സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ, സംസ്ഥാന ഫിഷറീസ് ജോയന്റ് ഡയറക്ടർമാരായ എം. താജുദ്ദീൻ, എസ്. സ്മിത, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സോഫിയ മാർഗരറ്റ്, മറൈൻ എൻഫോഴ്സ്മെന്റ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.