അന്തർ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കും
text_fieldsകൊല്ലം: അന്തർ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലതല ചാരായ നിരോധന ജനകീയ കമ്മിറ്റി യോഗം.
സ്കൂളുകളിലും പരിസരപ്രദേശങ്ങളിലും പരിശോധന ശക്തമാക്കാനും നാല് എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകള്‍ സംയുക്തമായി ലഹരിക്കെതിരെ റെയ്ഡ് നടത്താനും പരിശോധന ശക്തമാക്കാനും തീരുമാനിച്ചു. ആഗസ്റ്റ് ആറ് മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെ സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് കാലയളവായി ക്രമീകരിച്ച് പരിശോധന വ്യാപിപ്പിക്കും.
അനധികൃത മദ്യവിൽപനയും നിര്‍മാണവും കടത്തും മയക്കുമരുന്നുകളുടെ ഉപയോഗവും ശ്രദ്ധയിൽപെട്ടാല്‍ പരാതികള്‍ 1800 425 5648, 155 358 എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ അറിയിക്കാം. പരാതികളും വിവരങ്ങളും നല്‍കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കാനും ലൈസന്‍സ് സ്ഥാപനങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനമായി. ജില്ലയില്‍ 2023 മാര്‍ച്ച് ഒന്ന് മുതല്‍ ജൂലൈ 25 വരെ 4488 റെയിഡുകളും 675 അബ്കാരി കേസുകളും 238 എന്‍.ഡി.പി.എസ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
3860 കോട്പ കേസ്, 648 പേര് അബ്കാരി കേസുകളില്‍ അറസ്റ്റിലായി. 211 ലിറ്റര്‍ സ്പിരിറ്റ്, 123.5 ലിറ്റര്‍ ചാരായം, 1764.455 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, മൂന്നു ലിറ്റര്‍ ഇതരസംസ്ഥാന മദ്യം, 54.845 കി.ഗ്രാം കഞ്ചാവ്, 59.299 ഗ്രാം എം.ഡി.എം.എ, 1.015 കിലോഗ്രാം ഹാഷിഷ് ഓയില്‍, 18.317 ഗ്രാം ചരസ്, 4970 ലിറ്റര്‍ കോട, 235.125 ലിറ്റര്‍ അരിഷ്ടം, 122 ലിറ്റര്‍ കള്ള്, 11.2 ലിറ്റര്‍ വ്യാജമദ്യം, 19.75 ലിറ്റര്‍ ബിയര്‍, 0.524 ഗ്രാം ടയോള് ഗുളിക, 191.586 കിഗ്രാം കൊട്പ എന്നിവ പിടിച്ചെടുക്കുകയും 7,72,000 രൂപ കൊട്പ കേസുകളിൽ പിഴയീടാക്കുകയും ചെയ്തു.
എ.ഡി.എം അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വി.എ. പ്രദീപ്, അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ വി. റോബര്‍ട്ട്, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.