ജില്ലയിൽ കരിഞ്ഞുണങ്ങിയത് 746.3 ഹെക്ടറിലെ കൃഷി
text_fieldsകൊല്ലം: ചുട്ടുപൊള്ളുന്ന വേനലിൽ ജില്ലയിൽ കരിഞ്ഞുണങ്ങി നശിച്ചത് 746.3 ഹെക്ടർ പുരയിടങ്ങളിലെ കൃഷി. കടുത്ത വരൾച്ച ഇടിത്തീയായത് ജില്ലയിലെ 4511 കർഷകരെയാണ് ദുരിതത്തിലാക്കിയത്. ജില്ലയിലെ കാർഷിക മേഖലക്ക് കനത്ത ആഘാതമാണ് വേനൽച്ചൂട് ഏൽപിച്ചത്.
കാർഷിക വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തുതന്നെ ഏറ്റവും അധികം നഷ്ടം സംഭവിച്ച ജില്ലകളിൽ ഇടുക്കിയും പാലക്കാടും കഴിഞ്ഞാൽ ജില്ലയിലാണ് കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത്. 11.9351 കോടി രൂപയുടെ വിളകൾക്കാണ് ജില്ലയിൽ നാശം സംഭവിച്ചത്. പാട്ടഭൂമിയിൽ കൃഷിയിറക്കിയ കർഷകരെയാണ് കാലാവസ്ഥവ്യതിയാനം ഏറ്റവും പ്രതികൂലമായി ബാധിച്ചത്.
ബാങ്കിൽനിന്നു വായ്പയെടുത്തും ആഭരണം പണയപ്പെടുത്തിയും പലിശയ്ക്കെടുത്തുമൊക്കെ കൃഷിയിറക്കിയവർക്ക് വിളനാശം നേരിടുന്നതിനാൽ വലിയ സാമ്പത്തികബാധ്യതയാണ് ഉണ്ടാക്കിയിട്ടുള്ളത്. വിളവെടുക്കൽ പാതിയോളമായിട്ടും സാധാരണ ലഭിക്കുന്ന വിളവ് കാലാവസ്ഥവ്യതിയാനംമൂലം കർഷകർക്ക് ലഭിച്ചതുമില്ല. വേനൽ ഏറ്റവും അധികം ബാധിച്ചത് വാഴകൃഷിയെയാണ്. കുലച്ചവാഴകൾ 651.55 ഹെക്ടറുകളിലായി 1.33 ലക്ഷത്തിലധികം എണ്ണമാണ് വേനൽച്ചൂടിൽ കരിഞ്ഞുണങ്ങിയത്.
കുലക്കാത്ത വാഴകളാകട്ടെ 69.4 ഹെക്ടറിലായി 86,000ത്തിൽ അധികവും. ജില്ലയിൽ നൂറുശതമാനം വിളകളും നശിച്ച കൃഷിയിടങ്ങൾ അനേകമാണ്. വെയിലത്ത് കരിഞ്ഞുണങ്ങിയും സൂര്യാഘാതമേറ്റും ലക്ഷക്കണക്കിന് വാഴകളാണ് നിലംപൊത്തിയത്. ഇവക്കുപുറമേ തെങ്ങ്, കുരുമുളക്, റബർ, കശുമാവ്, കപ്പ, നെല്ല്, പച്ചക്കറികൾ എന്നിവ വേറെയും നശിച്ചു. ജില്ലയുടെ കിഴക്കൻ മേഖലകളെയാണ് പ്രധാനമായും വരൾച്ച കൂടുതലായും ബാധിച്ചത്.
മഴക്കുറവ്
ജില്ലയിൽ വേനലിൽ 60 ശതമാനത്തോളം മഴ കുറവാണ് ലഭിച്ചത്. ഈ വർഷം സാധാരണ രീതിയിൽ മഴ ലഭിക്കുമെന്നാണ് ആദ്യഘട്ടത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, തുടക്കം മുതൽ ജില്ലയിൽ മഴ അതിദുർബലമായി മാറുകയായിരുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് മൂന്നു മുതൽ നാല് ഡിഗ്രി കൂടുതൽ ചൂടാണ് ജില്ലയിൽ അധികം രേഖപ്പെടുത്തിയത്. മഴയുടെ കുറവുമൂലം അന്തരീക്ഷത്തിലെയും മണ്ണിന്റെയും ചൂട് കൂടിയതാണ് വിളനാശത്തിനു കാരണമെന്നു റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. വരും മാസങ്ങളിൽ കാലവർഷം കനക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
വിളകൾ ഇൻഷ്വർ ചെയ്യാം
വരാൻ പോകുന്നത് കാലവർഷത്തിന്റെ നാളുകളാണ്. പ്രകൃതിക്ഷോഭത്തില്‍ വിളനാശം സംഭവിച്ചാല്‍ ആദ്യം ചെയ്യേണ്ടത് വിവരം കൃഷിഭവനില്‍ അറിയിക്കുകയെന്നതാണ്. നേരിട്ടോ www.aims.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയോ ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍നിന്ന് AIMS ആപ് ഡൗണ്‍ലോഡ് ചെയ്തോ വിവരം അധികൃതരെ അറിയിക്കാം.
വിളകള്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടില്ലാത്തവര്‍ 10 ദിവസത്തിനുള്ളിലും ചെയ്തവര്‍ 15 ദിവസത്തിനുള്ളിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സ്ഥലപരിശോധന കഴിയുംവരെ നാശനഷ്ടം സംഭവിച്ച വിളകള്‍ അതേപടി നിലനിര്‍ത്തണം. നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ട് വഴിയാകും ലഭിക്കുക. വിളകള്‍ക്ക് ഉണ്ടാകുന്ന പൂര്‍ണ നാശത്തിനു മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ഭാഗികമായ നഷ്ടം കണക്കാക്കില്ല. നെല്‍കൃഷിക്ക് 50 ശതമാനത്തിലധികം നാശനഷ്ടം ഉണ്ടായാല്‍ പൂര്‍ണ നാശനഷ്ടമായി കണക്കാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.