വേണ്ടത് മതേതരത്വവും ബഹുസ്വരതയും അംഗീകരിച്ചുള്ള ഭരണം –മന്ത്രി ആന്റണി രാജു
text_fieldsകൊല്ലം: അസന്തുഷ്ടരായ ജനവിഭാഗവുമായി മുന്നോട്ട് പോകാനാകില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മതേതരത്വവും ബഹുസ്വരതയും അംഗീകരിച്ചുള്ള ഭരണനിര്‍വഹണമാണ് വേണ്ടതെന്ന് മന്ത്രി ആന്റണി രാജു. കൊല്ലം ആശ്രാമം മൈതാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പല വര്ത്തമാനസംഭവങ്ങളും ആശങ്കക്ക് ഇടനല്‍കുന്നതാണ്. ജനങ്ങളെ വേര്‍തിരിക്കാത്ത ഭരണകൂടങ്ങളാണ് സുസ്ഥിരഭരണത്തിന് വേണ്ടത് എന്നോര്‍ക്കണം. എല്ലാവരെയും ഉള്‍ക്കൊണ്ട് ഭരിക്കാനാകണം. അതിദരിദ്ര-പിന്നാക്ക-ജനക്ഷേമപദ്ധതികള്‍ നടപ്പാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നത്. പുരോഗമനസര്ക്കാറുകളുടെ പ്രവര്‍ത്തനഫലമാണ് ഇന്ന് കാണാനാകുന്ന പുരോഗതിയുടെ അടിസ്ഥാനം. ജനാധിപത്യം പ്രകാശമാനമായി നിലനിർത്തുകയാണ് പരമപ്രധാനം. സമത്വം നിലനിര്‍ത്തുന്നതിന് ബദ്ധശ്രദ്ധമായിരുന്നു കേരളത്തിലെ സര്‍ക്കാറുകളെന്നും അദ്ദേഹം പറഞ്ഞു.
വര്‍ണാഭമായ ആഘോഷച്ചടങ്ങുകളുടെ ഭാഗമായി പൊലീസ്, എക്സൈസ്, വനംവകുപ്പ്, വിദ്യാര്‍ഥി പൊലീസ്, സിവില്‍ ഡിഫന്‍സ്, സ്കൗട്ട്സ്, വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥി-ബാന്ഡ്ട്രൂപ്പുകള് എന്നിവ പരേഡില്‍ പങ്കെടുത്തു.
കലക്ടര്‍ അഫ്സാന പര്‍വീണ്‍, സിറ്റി പൊലീസ് കമീഷണര്‍ മെറിന് ജോസഫ്, റൂറല്‍ എസ്.പി എം.എല്‍. സുനില്‍ എന്നിവര്‍ അഭിവാദ്യം സ്വീകരിച്ചു. എന്‍.കെ. പ്രേമചന്ദ്രന് എം.പി, എം. നൗഷാദ് എം.എല്‍.എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ.ഡി.എം ബീനാറാണി, എ.സി.പി പ്രതീപ് കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ജി. നിര്‍മല്‍ കുമാര്‍, എഫ്. റോയ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.