പകര്‍ച്ചപ്പനി: വേണം ശക്തമായ മുന്‍കരുതലുകള്‍
text_fieldsകൊല്ലം: ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ശക്തമാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അഫ്സാന പര്‍വീണ്‍ ആരോഗ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ജില്ല വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടർ. ജില്ലയില്‍ നിലവില്‍ 22 പനി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതായും ബാക്കി ആശുപത്രികളില്‍ ഉടന്‍ തുടങ്ങുമെന്നും മരുന്നുകള്‍ ആവശ്യത്തിന് ലഭ്യമാണെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.
ഉറവിട നശീകരണ- ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കര്‍ശനമായി നടത്തണമെന്ന് കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ ആവശ്യപ്പെട്ടു. തെരുവുനായ് ശല്യം പരിഹരിക്കുന്നതിന് എ.ബി.സി പദ്ധതി കാര്യക്ഷമമാക്കുന്നതിന് കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേരണം.
എല്‍.പി, യു.പി അസിസ്റ്റന്റ് ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യണം. മണ്‍റോത്തുരുത്ത് പെരുമണ്ണിലെ ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കണമെന്നും കിഴക്കേ കല്ലടയില്‍ അപകടാവസ്ഥയില്‍ മുറിച്ചുമാറ്റിയ മരത്തടികള്‍ ലേലം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുനലൂർ മണ്ഡലത്തിലെ പേരൂരില്‍ മാലിന്യസംസ്കരണ പ്ലാന്റ് തുടങ്ങുന്നതിന് കണ്ടെത്തിയ സ്ഥലം ജനസാന്ദ്രത കണക്കിലെടുത്ത് അനുയോജ്യമല്ലെന്നും ഉചിതഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പി.എസ്. സുപാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പുനലൂര്‍ താലൂക്കാശുപത്രിയിലും അഞ്ചല്‍ സി.എച്ച്.സിയിലും ആരോഗ്യപ്രവര്‍ത്തകരുടെ ഒഴിവ് നികത്തി പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
തെന്മല നാലാം വാര്‍ഡില്‍ കാട്ടാനശല്യത്തിന് പരിഹാരമായി ഫെന്‍സിങ് പദ്ധതി നടപ്പാക്കാനും കിടങ്ങ് കുഴിക്കാനുള്ള സാധ്യത പരിശോധിക്കാനും ആവശ്യപ്പെട്ടു. ആര്.ആര്.ടി സംഘത്തെ വിന്യസിച്ച് ആനയെ തുരത്താനുള്ള നടപടി അടിയന്തരമായി സ്വീകരിക്കാനും നിര്‍ദേശിച്ചു.
കോര്പറേഷന് പരിധിയില്‍ ഓട്ടോറിക്ഷകൾ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിതകൂലി ഈടാക്കുന്നത് സംബന്ധിച്ച നടക്കുന്ന പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പിയുടെ പ്രതിനിധി കെ.എസ്. വേണുഗോപാല്‍ പറഞ്ഞു. ജില്ലയില്‍ വിവിധയിടങ്ങളിലായുള്ള ടേക്ക് എ ബ്രേക്ക് നിര്‍മാണം, കൊല്ലം- തെന്മല 744 ദേശീയപാത നാലുവരിയാക്കുന്ന നടപടി ത്വരിതപ്പെടുത്തുക, കൊട്ടാരക്കര റിങ് റോഡ് യാഥാര്‍ഥ്യമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
മണ്റോത്തുരുത്തിലെയും പടിഞ്ഞാറെ കല്ലടയിലെയും ജങ്കാര്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ പറഞ്ഞു. വിഷയത്തിൽ യോഗം വിളിക്കാന്‍ തീരുമാനിച്ചതായി കലക്ടര്‍ അറിയിച്ചു.
അഭ്യസ്തവിദ്യരായ യുവതിയുവാക്കള്‍ക്ക് തൊഴില്‍ദാതാവിനെ കണ്ടെത്താന്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ല- താലൂക്ക് തലങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് കെ.ബി. ഗണേഷ്കുമാര് എം.എല്‍.എയുടെ പ്രതിനിധി പറഞ്ഞു.
ജില്ലയുടെ വിനോദസഞ്ചാരസാധ്യതകള്‍ കണ്ടെത്തി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനും ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണം ലഭ്യമാക്കുക, തഴവ കോളജ് നിര്‍മാണം തുടങ്ങുക, മേഖലയിലെ അശാസ്ത്രീയ ഓട നിര്‍മാണം മൂലം ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ സി. ആര്. മഹേഷ് എം.എല്‍.എയുടെ പ്രതിനിധി ഉന്നയിച്ചു.
വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ആവശ്യമായ പൊലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്ത പരിശോധനകള്‍, പട്രോളിങ് തുടങ്ങിയ ഉറപ്പാക്കിയതായി വിലയിരുത്തി. പദ്ധതി നിര്‍വഹണത്തില്‍ വിവിധ വകുപ്പുകള്‍ ആദ്യപാദം പിന്നിടുമ്പോള്‍ 64.33 ശതമാനം ചെലവാക്കി മികച്ച നേട്ടം കൈവരിച്ചതായി കലക്ടര്‍ അറിയിച്ചു. റൂറല്‍ എസ്.പി എം.എല്‍. സുനില്‍, എ.ഡി.എം ആര്. ബീനാറാണി, ജില്ല പ്ലാനിങ് ഓഫിസര്‍ പി.ജെ. ആമിന, എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.