തട്ടുകടകളിൽ പരിശോധന; 10 കടകൾ അടപ്പിച്ചു
text_fieldsകൊല്ലം: നഗരത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന തട്ടുകൾക്ക് പൂട്ടിട്ട് ഭക്ഷ്യസുരക്ഷാവകുപ്പ്. നഗരത്തിലെ തട്ടുകടകളെ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ വ്യാഴാഴ്ച രാത്രി ചിന്നക്കട, കടപ്പാക്കട, കലക്ടറേറ്റ്, കാവനാട്, ഓലയിൽ എന്നിവിടങ്ങളിലായി 36 തട്ടുകടകളിലും ചെറുകിട ചായത്തട്ടുകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. നാല് സ്ക്വാഡുകളാണ് വ്യാപക പരിശോധനക്ക് നേതൃത്വം നൽകിയത്.
പരിശോധിച്ചവയിൽ 10 തട്ടുകടകൾ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത് കണ്ടെത്തിയതിനാൽ പ്രവർത്തനം നിർത്തിവെപ്പിച്ചു. 13 കടകൾക്ക് നിലവാരം മെച്ചപ്പെടുത്തുന്നതിന് നോട്ടീസ് നൽകി. തട്ടുകടകളിൽ ഉപയോഗിക്കുന്ന എണ്ണ പുനരുപയോഗിക്കുന്നത് തടയുന്നതിന് ടോട്ടൽ പോളാർ കൗണ്ട്(ടി.പി.സി) മെഷീൻ ഉപയോഗിച്ച് ഗുണനിലവാര പരിശോധന നടത്തി. വിവിധ കടകളിൽ നിന്നായി എണ്ണയുടെ എട്ട് സാമ്പിളുകൾ പരിശോധനക്ക് ശേഖരിച്ചു.
ടി.പി.സി 25 ശതമാനത്തിന് മുകളിലുള്ള എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കരുതെന്നും കച്ചവടക്കാർക്ക് കർശന നിർദേശം നൽകി. മലിനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന അനധികൃത തട്ടുകടകൾ നീക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപടികളും ആരംഭിച്ചു. ഭക്ഷ്യസുരക്ഷ അസി. കമീഷണർ എസ്. അജിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.