അന്താരാഷ്ട്ര സൂനാമി അവബോധ ദിനാചരണം; ആലപ്പാട് പഞ്ചായത്തില്‍ സൂനാമി മോക്ക്ഡ്രില്‍ ഇന്ന്
text_fieldsകൊല്ലം: അന്താരാഷ്ട്ര സൂനാമി അവബോധ ദിനമായ ചൊവ്വാഴ്ച രാവിലെ 10.30ന് ആലപ്പാട് പഞ്ചായത്തില്‍ സൂനാമി മോക്ക്ഡ്രില്‍ സംഘടിപ്പിക്കും.
യുനെസ്കോയുടെ നിയന്ത്രണത്തിലുള്ള ഇന്റർ ഗവണ്മെന്റല് ഓഷ്യനോഗ്രാഫിക് കമീഷന്, ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസസ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവ സംയുക്തമായി നടപ്പാക്കുന്ന സൂനാമി റെഡി പദ്ധതിയുടെ ഭാഗമായാണ് മോക്ക്ഡ്രില്‍.
ദുരന്ത ലഘൂകരണ പദ്ധതികള്‍, ഒഴിപ്പിക്കല്‍ റൂട്ടുകള്‍ ഉള്‍പ്പെടുന്ന മാപ്പുകള്‍, അവബോധ ക്ലാസുകള്‍, മോക്ക്ഡ്രില്ലുകള് തുടങ്ങി വിവിധ സൂചകങ്ങള്‍ മുന്‍നിര്‍ത്തി ഒരു തീരദേശ ഗ്രാമത്തിന് ‘സുനാമി റെഡി’ എന്ന് സാക്ഷ്യപത്രം നല്‍കുകയാണ് ലക്ഷ്യം. തദ്ദേശ ജനവിഭാഗങ്ങള്‍, ജനപ്രതിനിധികള്‍, ദുരന്ത നിവാരണ ഏജന്‍സികള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടത്തുന്നത്.
സൂനാമിയെ നേരിടുന്നതിനുള്ള തീരദേശ സമൂഹങ്ങളുടെ അറിവും പ്രാപ്തിയും ശക്തിപ്പെടുത്തുന്നതിന് വിഭാവനം ചെയ്ത പദ്ധതിയായതിനാല്‍ മോക്ക് ഡ്രില്‍ വേളയില്‍ പ്രദേശവാസികള്‍ പരിഭ്രാന്തരാകരുതെന്ന് കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. ആവശ്യമായ ഗതാഗത ക്രമീകരണം ഉള്‍പ്പെടെ ഒരുക്കുന്നതിന് പൊലീസിന് നിര്‍ദേശം നല്കി.
ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. മോക്ക് ഡ്രില്ലില്‍ ആപ്ദാ മിത്ര, സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കും. പരിസരവാസികള്‍ക്ക് മുന്‍കൂറായി അറിയിപ്പ് നല്കി ബോധവത്കരണം നടത്തും. പഞ്ചായത്ത് പരിധിയിലെ കരയോഗങ്ങള്‍, ക്ലബുകള്‍ എന്നിവരുടെ സഹകരണവും ഉറപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.