അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിൽ പരിശോധന
text_fieldsകൊല്ലം: അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ സർവകലാശാല ഡിപ്പാർട്ട്മെന്റുകൾ ഉൾപ്പെടെ പരിശോധന ആരംഭിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയുമാണ് അഷ്ടമുടിയിൽ വിവിധ മേഖലകളിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത്.
തിങ്കളാഴ്ച ഫിഷറീസ് ഡിപ്പാർട്ടുമെൻറ്, കുഫോസ്, കേരള യൂനിവേഴ്സിറ്റി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്ട്മെന്റ്, മലിനീകരണനിയന്ത്രണ ബോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ കായൽ പരിസരങ്ങൾ സന്ദർശിച്ചു. ജലത്തിന്റെയും ചത്ത മത്സ്യങ്ങളുടെയും സാമ്പിൾ ശേഖരിച്ചു.
കായലിന്റെ വിവിധ മേഖലകളിൽ ജലോപരിതലത്തിൽ എണ്ണമയമുള്ള പാട തെളിഞ്ഞതും മത്സ്യം ചത്തുപൊങ്ങിയതുമായി ബന്ധമുണ്ടോ എന്നതുൾപ്പെടെ പരിശോധന നടത്തും. കടവൂർ കൊയ്പ്പള്ളി, മണ്ണാശ്ശേരി ഭാഗങ്ങളിലാണ് പാട കണ്ടത്. പാട രൂപപ്പെട്ട സ്ഥലങ്ങളിൽ രൂക്ഷഗന്ധം അനുഭവപ്പെട്ടു. രാസമാലിന്യം കായലിൽ കലർന്നതാണെന്ന സംശയമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
ചത്ത മത്സ്യം കെട്ടിക്കിടക്കുന്നത് ദുർഗന്ധത്തിന് ഇടയാക്കിയതോടെ കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികൾ കായലിൽ നിന്ന് ഇവ നീക്കി മറവുചെയ്തിരുന്നു.
ഞുണ്ണ ഇനത്തിൽപെട്ട മത്സ്യങ്ങളാണ് കൂടുതൽ ചത്തത്. കരിമീൻ, പള്ളത്തി, ചില്ലാങ്കൂരി, കോലാൻ, ചൂട, മുരൽ തുടങ്ങിയ മത്സ്യങ്ങളും ചത്തു. ഇതിന് കാരണം പരിശോധനാഫലം വന്ന ശേഷമേ വ്യക്തമാകൂ എന്ന് വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.