ഇരവിപുരം നവകേരള സദസ്സ്; കേരളീയർ പ്രതിസന്ധികളെ ഒറ്റക്കെട്ടായി അതിജീവിച്ച സമൂഹം -മുഖ്യമന്ത്രി
text_fieldsഇരവിപുരം: നേരിട്ട പ്രതിസന്ധികളില്‍ ഒരിക്കല്‍പോലും തളരാതെ അതിജീവിച്ചേ മതിയാകൂ എന്ന തീരുമാനവുമായി എല്ലാക്കാലത്തും നിലകൊണ്ട സമൂഹമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കന്റോണ്‍മെന്റ് മൈതാനിയില്‍ ഇരവിപുരം നിയോജകമണ്ഡല നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം, ഓഖി, നിപ, കാലവര്‍ഷക്കെടുതി, കോവിഡ് തുടങ്ങിയ മഹാമാരികളെയെല്ലാം ഒറ്റക്കെട്ടായി അതിജീവിച്ചു. രാഷ്ട്രീയ സങ്കുചിതമനോഭാവത്തെ പിന്തള്ളിയായിരുന്നു അതിജീവനം. സമാനമായ സാഹചര്യങ്ങളിലൂടെയാണ് നാട് കടന്നുപോകുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഖജനാവിന്റെ ശേഷിയെക്കാള്‍ അധികം പണം വിനിയോഗിച്ചാണ് പ്രകടനപത്രികയിലെ എല്ലാക്കാര്യങ്ങളും നിറവേറ്റുന്നത്.
ആരോഗ്യ-പൊതുവിദ്യാഭ്യാസ മേഖലകളില്‍ കാലിക ഇടപെടലുകള്‍ക്ക് കിഫ്ബി വഴിയൊരുക്കി. അര്‍ഹമായ വിഹിതങ്ങള്‍ നല്‍കാതെയും സംസ്ഥാനത്തിന്റെ കടമെടുക്കല്‍ അവകാശങ്ങളില്‍ കൈകടത്തിയും കേരളത്തിനെ വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിക്കുന്ന നടപടികളാണ് അധികാരപ്പെട്ടവര്‍ സ്വീകരിച്ചുവരുന്നത്.
സാമൂഹിക പെന്ഷന് നല്കാന് ആരംഭിച്ച കമ്പനിയുടെ കടവും കിഫ്ബിയുടെ കടവും പൊതുകടമായി കണക്കാക്കും എന്നതുതന്നെ പ്രത്യക്ഷ ഉദാഹരണമാണ്. ഒരു സര്‍ക്കാറിന്റെ മുന്നോട്ടുപോക്കിന് ‘നിങ്ങള്‍ ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ ഞങ്ങളുണ്ട് കൂടെ’ എന്ന ധൈര്യമാണ് ജനങ്ങള്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ ആര്. ബിന്ദു, സജി ചെറിയാന്, പി. പ്രസാദ് എന്നിവര്‍ സംസാരിച്ചു. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, കെ. രാജന്, കെ. രാധാകൃഷ്ണന്, അഹമ്മദ് ദേവര്‍കോവില്‍, പി.എ. മുഹമ്മദ് റിയാസ്, ആന്റണി രാജു, വി.എന്‍. വാസവന്, കെ. കൃഷ്ണന്‍കുട്ടി, വീണ ജോര്‍ജ്, വി. അബ്ദുറഹ്മാന്, ജി.ആര്. അനില്‍, വി. ശിവന്‍കുട്ടി, പി. രാജീവ്, റോഷി അഗസ്റ്റിന്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, കെ.എസ്.എഫ്.ഇ ചെയര്മാന് കെ. വരദരാജന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, മേയര്‍ പ്രസന്ന ഏണസ്റ്റ്, കലക്ടര്‍ എന്‍. ദേവീദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.