ഹെൽത്ത് കാർഡ് ‘ഫുള്ളാ’വാൻ ദിവസങ്ങളെടുക്കും
text_fieldsകൊല്ലം: ജില്ലയിലെ ഹോട്ടൽ, ബേക്കറി, കാറ്ററിങ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡാകാൻ ദിവസങ്ങളെടുക്കും. നിലവിൽ 50 ശതമാനം സ്ഥാപനങ്ങളിലെ ജീവനക്കാർക്കു മാത്രമാണ് ഹെൽത്ത് കാർഡുള്ളത്.
ഫെബ്രുവരി ഒന്നുമുതൽ നടപ്പാക്കുന്നതിൽ സാവകാശം തേടി കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ സര്‍ക്കാറിനു നിവേദനം നൽകിയിരുന്നു.
പാചകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ഹോട്ടല്‍ ജീവനക്കാർക്കാണ് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഹോട്ടല്‍, ബേക്കറി മേഖലകളിലായി ഭൂരിഭാഗം തൊഴിലാളിക്കും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമായിട്ടില്ല. വൻകിട ഹോട്ടലുകളിലെ ജീവനക്കാർക്കെല്ലാം കൃത്യമായി ഹെൽത്ത് കാർഡുള്ളവരാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയമം വന്നപ്പോൾ മുതൽ കാർഡ് എടുത്ത സ്ഥാപനങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. സമീപകാലത്ത് ഷവര്‍മയും അല്‍ഫാമുമൊക്കെ മനുഷ്യ ജീവനെടുത്തതോടെയാണ് പാർസലുകള്‍ നല്‍കുന്നതിനും ജോലിക്കാരുടെ ശുചിത്വത്തിലും സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയത്.
ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്നാണ് നിയമം. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകൾ, ബാക്ടീരിയകൾ അടക്കമുള്ള സൂക്ഷ്മ ജീവികൾ പകർന്ന് രോഗമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജീവനക്കാർക്ക് പകർച്ചവ്യാധികൾ, മുറിവ്, മറ്റുരോഗങ്ങൾ എന്നിവ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കുന്നതിനാണ് മെഡിക്കൽ പരിശോധന നടത്തുന്നത്.
ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ്സ് െറഗുലേഷൻ പ്രകാരം മെഡിക്കൽ പരിശോധനക്ക് വിധേയമായി ലഭിക്കുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണം. ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാരുള്ള സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിക്കുന്നത് ഉൾപ്പെടെ നിയമപരമായ നടപടി സ്വീകരിക്കും. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഹൈജീൻ റേറ്റിങ്ങും എടുക്കണം.
പാർസലുകളില്‍ തീയതിയും സമയവും നിർബന്ധം
ഭക്ഷണത്തിന്റെ പാഴ്സലുകളില്‍ തീയതിയും ഉപയോഗിക്കാവുന്ന സമയവും രേഖപ്പെടുത്തുന്നതും കർശനമാക്കി. ഭക്ഷണം പഴകിയതിനുശേഷം കഴിക്കുന്നതാണ് ഭക്ഷ്യവിഷബാധക്ക് ഒരുകാരണമെന്ന് കണ്ടെത്തിയതോടെയാണ് പാർസലുകളില്‍ ഭക്ഷണം എത്രസമയത്തിനകം കഴിക്കമെന്ന് രേഖപ്പെടുത്തണമെന്ന് നിര്‍ദേശിച്ചത്.
ഏതുദിവസം ഏതുസമയത്താണ് പാർസല്‍ നല്‍കിയതെന്ന് രേഖപ്പെടുത്തണം. പാർസല്‍ രണ്ടു മണിക്കൂറിനകം കഴിക്കണം. തീയതിയും സമയവും രേഖപ്പെടുത്താത്ത ഭക്ഷണം നിരോധിച്ചിട്ടുണ്ട്. പാർസലില്‍ പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞാല്‍ ജനങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പാടില്ല.
ഹെൽത്ത് കാർഡ് നൽകാൻ ക്യാമ്പ്
കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോട്ടൽ, ബേക്കറി, കാറ്ററിങ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ലഭ്യമാക്കാൻ ക്യാമ്പ് നടത്തും.
ഏഴു മുതൽ ഒമ്പതുവരെ മൈക്രോ ഹെൽത്ത് ലബോറട്ടറിയാണ് പരിശോധന നടത്തുക. അസോസിയേഷന്റെ നേതൃത്വത്തിൽ ക്യാമ്പ് നടത്തുന്നതിനാൽ മെഡിക്കൽ പരിശോധനക്കുള്ള ചെലവ് കുറവാണെന്ന് ജില്ല സെക്രട്ടറി ഇ. ഷാജഹാൻ പറഞ്ഞു.
ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത് സ്വാഗതം ചെയ്യുെന്നന്നും നടപ്പാക്കാൻ സാവകാശം നൽകണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മെഡിക്കൽ പരിശോധന നടത്തി ഫിറ്റ്നസ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ സംസ്ഥാന സമിതിയാണ് അംഗീകൃത മെഡിക്കൽ ലബോറട്ടറിയെ ക്യാമ്പിനായി സമീപിച്ചതെന്ന് രക്ഷാധികാരി ടി.എസ്. ബാഹുലേയൻ പറഞ്ഞു.
നിലവിൽ കാർഡുള്ളവർക്കും പുതുതായി എടുക്കാനുള്ളവർക്കും ക്യാമ്പിൽ പങ്കെടുക്കാമെന്ന് അദ്ദേഹം അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ 9846665155, 0474 2950100, 7034395533, 9633503042 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. രജിസ്ട്രേഷനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ച്.
ഹെൽത്ത് കാർഡ് എടുക്കാൻ
രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. എഫ്.എസ്.എസ്.എ.ഐയുടെ വെബ്സൈറ്റിൽനിന്ന് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഫോറം (http://fda.uk.gov.in/document/performa-for-medical-fitness-certificate-for-food-handlers-19221.pdf) ഡൗൺലോഡ് ചെയ്യാം.
ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വഗ് രോഗങ്ങൾ, വ്രണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശോധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെ നടത്തണം. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വർഷമാണ് ഹെൽത്ത് കാർഡിന്റെ കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.