'ജടായു ടൂറിസം പദ്ധതിയിൽനിന്ന് നിക്ഷേപകരെ പുറത്താക്കിയെന്ന പ്രചാരണം തെറ്റ്'
text_fieldsകൊല്ലം: ജടായു ടൂറിസം പദ്ധതിയിൽനിന്ന് നിക്ഷേപകരെ പുറത്താക്കിയെന്ന പ്രചാരണം തെറ്റാണെന്ന് പദ്ധതി ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാജീവ് അഞ്ചൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിക്ഷേപം നടത്തിയിട്ടുള്ള ജെ.ടി.പി.എൽ എന്ന കമ്പനിയിലെ ചില നിക്ഷേപകർ സർക്കാറിനെയും തന്നെയും പുറന്തള്ളി പദ്ധതി പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുകയാണ്.
ആരോപണം ഉന്നയിക്കുന്നവർ ഭൂമി തട്ടിയെടുക്കാനും ശ്രമിക്കുന്നു. നിക്ഷേപകരിൽ ഒരുവിഭാഗം മാത്രമാണ് തെറ്റായ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.പദ്ധതിയുടെ മാർക്കറ്റിങ്, മെയിൻറനൻസ്, റവന്യൂ കളക്ഷൻ എന്നിവയുടെ ചുമതലയുള്ള കമ്പനിയുമായാണ് തർക്കമുള്ളത്. അഞ്ചുമാസമായി കോടതികളിൽ കേസ് നടക്കുകയാണ്.
കണക്കുകൾ കോടതിയിൽ സമർപ്പിച്ചതാണ്. 30 വർഷത്തേക്ക് നൽകിയിട്ടുള്ള ബി.ഒ.ടി പദ്ധതിയുടെ മൂന്നിലൊന്ന് വർഷം നിക്ഷേപം നടത്താൻ മാത്രമുള്ളതാണ്. പിന്നീടുള്ള കാലത്താണ് ലാഭവിഹിതം കിട്ടുന്നത്. ഇപ്പോൾ 80 ശതമാനം പണി പൂർത്തിയായി. സർക്കാറും ഗുരുചന്ദ്രികയുമായുണ്ടാക്കിയ കരാർ ലംഘിച്ചതിനാൽ ജെ.ടി.പി.എൽ കമ്പനിക്ക് നൽകിയിരുന്ന മാർക്കറ്റിങ്, മെയിൻറനൻസ്, റവന്യൂ കളക്ഷൻ എന്നിവ നഷ്ടമായി. അത് തിരികെ ലഭിക്കാനായി പല കോടതികളിലും പരാതി നൽകിയെങ്കിലും ഒരിടത്തും അവർക്ക് അനുകൂലവിധി ലഭിച്ചിട്ടില്ല. ഇപ്പോഴും കേസ് നടക്കുകയാണ്. ഓഹരിയുടമകളിൽ ചിലർക്ക് ലാഭവിഹിതം കിട്ടിയില്ലെന്നാണ് പരാതിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.