കൂടുന്നു മഞ്ഞപ്പിത്തം; സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
text_fieldsകൊല്ലം: സംസ്ഥാനത്താകെ മഞ്ഞപ്പിത്ത രോഗനിരക്ക് ഉയരുന്നതിനനുസരിച്ച് ജില്ലയിലും രോഗികളുടെ എണ്ണത്തിൽ വർധന. ഈ മാസം ഇതുവരെ പതിനഞ്ചോളം പേർക്കാണ് ജലജന്യരോഗമായ ഹെപ്പറ്റൈറ്റിസ് എ ജില്ലയിൽ വിവിധ മേഖലകളിൽ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ കടുത്ത ജാഗ്രത നിർദേശം ജില്ല ആരോഗ്യവകുപ്പ് അധികൃതർ നൽകുന്നത്.
അതേസമയം, ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധികളിൽ നേരിയ ഇടിവ് കാണുന്നതിന്റെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്.
പനിബാധിതരായി 7000ത്തോളം പേർ വിവിധ ആശുപത്രി ഒ.പികളിൽ ഈ മാസം ചികിത്സതേടിയപ്പോൾ 92 പേർക്ക് മാത്രമാണ് കിടത്തി ചികിത്സവേണ്ടിവന്നത്. നവംബറിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ പ്രതിദിന കണക്ക് രണ്ട് ദിവസം മാത്രമാണ് ഇരട്ടയക്കത്തിലേക്ക് കടന്നത്. 70ഓളം പേർക്കാണ് ഈ മാസം ഡെങ്കിബാധ സ്ഥിരീകരിച്ചത്.
ചിക്കൻപോക്സ്, എലിപ്പനി കേസുകളിലും കുറവുണ്ടെന്ന് ജില്ല അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, മഞ്ഞപ്പിത്തം മലിനമായ ജലത്തിലൂടെ വർധിക്കുന്ന മഞ്ഞപ്പിത്തത്തിൽ കരുതൽ കൂടുതൽ വേണമെന്ന് ഓർമിപ്പിക്കുകയാണ് അധികൃതർ.
രോഗ പ്രതിരോധം ഉറപ്പാക്കാം
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക യാതൊരു കാരണവശാലും തിളപ്പിച്ച വെള്ളവും പച്ചവെള്ളവും കൂട്ടി കലര്‍ത്തരുത്.
- വിവാഹ സല്‍ക്കാരങ്ങള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ വെല്‍ക്കം ഡ്രിങ്ക് നല്‍കുന്നതും കുടിക്കുന്നതും ഒഴിവാക്കുക. ഇവ തയാറാക്കുകയാണെങ്കില്‍ നന്നായി തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് തയാറാക്കണം.
- ടാങ്കുകളില്‍ സംഭരിക്കുന്ന വെള്ളം, വീടുകളിലെ കിണര്‍ എന്നിവ ക്ലോറിനേറ്റ് ചെയ്യുക. ക്ലോറിനേറ്റ് ചെയ്ത ജലമാണെങ്കിലും നന്നായി തിളപ്പിച്ച ശേഷം മാത്രം കുടിക്കുക. ആര്.ഒ പ്ലാന്റ്, ഫില്‍റ്ററുകളിലെ വെള്ളം, പൊതുവിതരണ ശൃംഖല, വഴി ലഭിക്കുന്ന വെള്ളം , മിനറല്‍ വാട്ടര്‍ എന്നിവയും തിളപ്പിച്ച ശേഷം മാത്രം കുടിക്കുക.
- ക്ലോറിനേഷന് ചെയ്യാത്ത വെള്ളം പാചകത്തിനോ, പാത്രങ്ങള്‍ കഴുകുന്നതിനോ, വായ കഴുകുവാനോ ഉപയോഗിക്കരുത്.
- ആഹാര സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുന്‍പും ആഹാരം കഴിക്കുന്നതിനു മുന്‍പും ശുചിമുറി ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക
- പഴകിയതും ഈച്ച കയറുന്ന തരത്തില്‍ തുറന്നു വെച്ചിരിക്കുന്ന ആഹാര സാധനങ്ങളും യാതൊരു കാരണവശാലും കഴിക്കരുത്.
- ഭക്ഷണം തയാറാക്കുന്നവരും കൈകാര്യം ചെയ്യുന്നവരും ഭക്ഷണം തയാറാക്കുന്നയിടവും ശുചിത്വം പാലിക്കണം
- ഉപയോഗിച്ച ഗ്ലാസുകള്‍, പ്ലേറ്റുകള്‍ എന്നിവ നല്ല രീതിയിൽ വൃത്തിയാക്കണം
- ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ തയ്യാറാക്കുന്ന ആഹാര പാനീയങ്ങള്‍ കഴിക്കരുത്.
‘ഈ ലക്ഷണങ്ങൾ അവഗണിക്കരുത്’
മലിനമായ കുടിവെള്ളം, ആഹാര പാനീയങ്ങള്‍ എന്നിവ വഴി പകരുന്ന രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 15 മുതല്‍ 45 ദിവസത്തിനുള്ളില്‍ മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ ഉണ്ടാകാം. പനി തലവേദന, വിശപ്പില്ലായ്മ ,ഛര്‍ദ്ദി ,ക്ഷീണം ,മൂത്രം മഞ്ഞനിറത്തില്‍ കാണപ്പെടുക, കണ്ണുകളില്‍ മഞ്ഞപ്പ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. സ്വയം ചികിത്സയെടുത്ത് സമയം കളയരുത്. മഞ്ഞപ്പിത്തത്തിന് കൃത്യമായ ചികിത്സയെടുത്തില്ലെങ്കില്‍ കരളിനെ ബാധിച്ച് ഗുരുതരമായ സങ്കീർണതകള്‍ ഉണ്ടാകുകയും മരണ കാരണമാവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.