കെ-സ്റ്റോറുകൾ ഫ്രീസറിൽ...
text_fieldsകൊല്ലം: സാധാരണക്കാർക്ക് ആശ്വാസമേകാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കെ-സ്റ്റോർ യാഥാർഥ്യമായില്ല. തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ റേഷൻ കടകളോട് ചേർന്നാണ് കെ-സ്റ്റോർ തുടങ്ങാൻ പദ്ധതിയിട്ടത്. റേഷൻ ഭക്ഷ്യധാന്യങ്ങൾക്ക് പുറമെ 13 സബ്സിഡി ഇനങ്ങളടക്കമുള്ള സപ്ലൈകോ ഉൽപന്നങ്ങളും മിൽമ ഉൽപന്നങ്ങളും ഇവിടെ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം.
കൂടാതെ വിവിധ അപേക്ഷ സമർപ്പിക്കൽ, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി ബില്ലടയ്ക്കൽ അടക്കം ഓൺലൈൻ സേവനങ്ങളും 5000 രൂപവരെ പിൻവലിക്കാവുന്ന മിനി എ.ടി.എം കൗണ്ടർ, ചെറിയ ഗ്യാസ് സിലിണ്ടർ വിതരണം എന്നിവയും കെ-സ്റ്റോറുകൾ വഴി ലക്ഷ്യമിട്ടിരുന്നു.
കെ-സ്റ്റോറുകൾക്ക് റേഷൻ കടയോട് ചേർന്ന് 500 ചതുരശ്ര അടിയുള്ള മുറി വേണം. അനുമതി ലഭിച്ചവർ റേഷൻകടയോട് ചേർന്ന് ലക്ഷങ്ങൾ ഡെപ്പോസിറ്റ് നൽകി പുതിയ കടമുറി തയാറാക്കി.
തൊട്ടുചേർന്ന് കടമുറി കിട്ടാത്തവർ റേഷൻകടതന്നെ മാറ്റിസ്ഥാപിച്ചു. അടിസ്ഥാന സൗകര്യമൊരുക്കാൻ അഞ്ച് ശതമാനം പലിശയിൽ റേഷൻകടയുടമകൾക്ക് രണ്ടുലക്ഷം രൂപവരെ വായ്പ നൽകുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. പലരും അഞ്ച് ലക്ഷം രൂപക്ക് മുകളിൽ ചെലവഴിച്ചാണ് പുതിയ കടകൾ വാടകക്കെടുത്ത് അടിസ്ഥാനസൗകര്യം സജ്ജമാക്കിയത്.
റേഷൻ കടകളിൽ എല്ലാ സപ്ലൈകോ ഉൽപന്നങ്ങളും ലഭിക്കുന്നതോടെ സപ്ലൈകോയുടെ മാവേലി സ്റ്റോറുകളിലെയും സൂപ്പർ മാർക്കറ്റുകളിലെയും കച്ചവടം ഇടിയുമെന്ന് ചൂണ്ടിക്കാട്ടി ഭരണാനുകൂല സംഘടന പരാതി നൽകിയതോടെയാണ് കെ-സ്റ്റോർ പദ്ധതി പ്രവർത്തനം സ്തംഭിച്ചതെന്ന് ആരോപണമുണ്ട്.
രണ്ടുമാസം മുമ്പ് ചേർന്ന വകുപ്പുതല യോഗത്തിൽ കെ-സ്റ്റോറുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. ഭക്ഷ്യവകുപ്പും പദ്ധതി നടപ്പാക്കുന്നതിൽനിന്ന് പിന്നാക്കം പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.