തേവർനടയിൽ കുടിയൊഴിപ്പിക്കൽ ഭീതിയിൽ 13 കുടുംബങ്ങൾ
text_fieldsകടയ്ക്കൽ: തേവർനടയിൽ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ 13 കുടുംബങ്ങൾ. തിരുവിതാംകൂർ ദേവസ്വംബോർഡാണ് വസ്തുവിൽ അവകാശം ഉന്നയിച്ച് പത്ത് ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.
മണികണ്ഠൻചിറ പുതുവിള വീട്ടിൽ വസന്തകുമാരി, രാജിഭവനിൽ രാധാകൃഷ്ണപിള്ള, ഏറത്ത് വീട്ടിൽ വിജയകുമാർ, സാജൻ വിലാസത്തിൽ വിജയകുമാർ, ചിമ്പു നിവാസിൽ റാണി, തോട്ടുംകര പുത്തൻവീട്ടിൽ പിതാംബരൻ, പുതുവൽവിള പുത്തൻവീട്ടിൽ ബിന്ദു, പുതുവൽ വീട്ടിൽ മാധവൻ, പുത്തൻവീട്ടിൽ രവീന്ദ്രൻ, മണികണ്ടഠചിറ അശ്വതി കൃഷ്ണ, എസ്.ആർ ഭവനിൽ ബിന്ദു, ശ്രീകുമാർ സദനത്തിൽ ലീന, എസ്.പി ഭവനിൽ പ്രസന്ന എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭൂ സംരക്ഷണ വിഭാഗം സ്പെഷൽ തഹസിൽദാറാണ് നോട്ടീസ് നൽകിയത്.
50 വർഷത്തിലധികമായി കരംഅടച്ച് കൈവശംവെച്ചുവന്ന ഭൂമിയിൽനിന്നാണ് ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയിരിക്കുന്നത്. ജനുവരിലാണ് ഇവർക്ക് ആദ്യം നോട്ടീസ് ലഭിച്ചത്. ഇതിനെതിരെ കുടുംബങ്ങൾ കോടതിയെയും ആർ.ഡി.ഒയെയും സമീപിച്ചെങ്കിലും തുടർ നടപടി ഉണ്ടകുംമുമ്പേ ഉദ്യോഗസ്ഥരെത്തി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചു. നാട്ടുകാരും പഞ്ചായത്തംഗങ്ങളും പ്രതിഷേധവുമായി എത്തിയതോടെ ഉദ്യോഗസ്ഥർ മടങ്ങി.
വർഷങ്ങളായി മക്കൾക്ക് അവകാശമായി എഴുതിനൽകിയും മറ്റിടങ്ങളിൽനിന്ന് വന്ന് വസ്തുവാങ്ങി പാർപ്പിടംവെച്ചവരുമാണ് ഇവിടെ താമസിച്ചു വരുന്നവരിൽ പലരും.
1956ൽ ദേവസ്വംബോർഡ് റീ സർവേ നടത്തി കല്ലിട്ട സ്ഥലത്താണ് വീണ്ടും റീ സർവേ നടത്തിയത്. ഈ ഭൂമിയിൽനിന്നാണ് ഇറക്കിവിടാൻ ശ്രമം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. വീടുകളിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത നിലയിൽ വഴികളിൽ കല്ലിട്ടിരിക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടി. 2024വരെ സ്വന്തംപേരിൽ കരംഅടച്ച കുടുംബങ്ങളാണ് നടപടിയിൽ ആശങ്കയിലായിരികുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ അസി. കമീഷണരുടെ പരിധിയിൽ വരുന്നതാണ് കടയ്ക്കൽ തേവർനട ദേവസ്വം ബോർഡ് സ്ഥലം. നിലവിൽ ക്ഷേത്രംവക സ്ഥലത്താണ് ദേവസ്വം ബോർഡ് സെൻട്രൽ സ്കൂൾ പ്രവർത്തിക്കുന്നത്.
സ്കൂൾ അധികൃതരാണ് ദേവസ്വം ഭൂമിയിൽ കുടുംബങ്ങൾ താമസിക്കുന്നതെന്ന് പരാതി നൽകിയിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ ശക്തമായ നിയമനടപടികളും പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.