അബ്ദുല്ലയുടെ തണലിൽ 26 കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു
text_fieldsകടയ്ക്കൽ: വ്യാപാരിയായ അബ്ദുല്ല (കപ്പലണ്ടി മണി) കടയ്ക്കൽ ഗ്രാമപഞ്ചായത്തിന് വാങ്ങി നൽകിയ ഒരേക്കർ ഭൂമിയിൽ 26 കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പും ലയൺസ് ക്ലബുമായി ചേർന്ന് ഭവനഭൂരഹിത ഗുണഭോക്താക്കൾക്ക് വീട് വെച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി. രാജേഷിന്റെ ഓഫിസിൽ കരാർ ഒപ്പിട്ടു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ, ലയൺസ് ക്ലബ് ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. ഈമാസം 15ന് മന്ത്രി എം.ബി. രാജേഷ് നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും.
സ്വന്തം അധ്വാനത്തിന്റെ വലിയൊരു പങ്ക് ചെലവഴിച്ച് ചടയമംഗലം റോഡിൽ കോട്ടപ്പുറം ജങ്ഷനിൽ വാങ്ങിയ ഒരേക്കറിൽ തലചായ്ക്കാനിടമില്ലാത്തവർക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ അബ്ദുല്ല എന്ന മണിക്കിത് സ്വപ്നപൂർത്തീകരണത്തിന്റെ നിമിഷങ്ങളാണ്.
1983ൽ തമിഴ്നാട്ടിലെ പുളിയൻകുടിയിൽനിന്ന് തന്റെ പതിമൂന്നാം വയസ്സിലാണ് ജോലി തേടി ഇദ്ദേഹം കടയ്ക്കലിലെത്തിയത്. ചന്തകളിലെ തുണി വിൽപനക്കാരുടെ സഹായിയായും ഉന്തുവണ്ടിയിലെ കപ്പലണ്ടി വിൽപനക്കാരനായും ജോലി നോക്കി. ടൗണിലെ കടത്തിണ്ണകളിൽ കിടന്നുറങ്ങി. കപ്പലണ്ടി കടയിൽ തൊഴിലാളിയായും വളരെക്കാലം ജോലി ചെയ്തിരുന്നു.
ദിവസം ഒരു രൂപ പ്രകാരം 30 രൂപയാണ് അന്ന് പ്രതിമാസ ശമ്പളം. തുടർന്ന് 1994 ൽ ടൗണിൽ ചെറിയ രീതിയിൽ സ്വന്തമായി സ്റ്റേഷനറി വ്യാപാരത്തിന് തുടക്കം കുറിച്ചു.
ഇന്നത്തെ നിലയിൽ ടൗണിലെ ഹോൾസെയിൽ വ്യാപാരിയായി വളരുമ്പോഴും തന്നെ പോറ്റിയ മലയാളനാട്ടിലെ നിരാലംബരായ മനുഷ്യരെ ചേർത്തു നിർത്തിയേ അബ്ദുല്ല ജീവിതത്തിന്റെ ഓരോഘട്ടവും താണ്ടിയിട്ടുള്ളൂ.
1991ൽ കടയ്ക്കലിൽനിന്നുതന്നെ വിവാഹം കഴിച്ച് കടയ്ക്കലിന്റെ ഭാഗമായി മാറിയ അബ്ദുല്ല കെ.എം സ്റ്റോർ എന്ന പേരിൽ സ്റ്റേഷനറിക്കട നടത്തി വരികയാണ്.
2019ൽ ലൈഫ് ഭവനപദ്ധതി പ്രകാരം നിരാലംബരായ മനുഷ്യർക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനായി കടയ്ക്കൽ പഞ്ചായത്തിന് അബ്ദുള്ള വാങ്ങി നൽകിയ ഭൂമിയിലാണ് 26 വീടുകൾ നിർമിച്ച് നൽകുന്നതിനുള്ള ഒരുക്കം പൂർത്തിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.