മാന്ത്രികനായ അധ്യാപകൻ
text_fieldsകടയ്ക്കൽ: മനുഷ്യനന്മക്ക് മാന്ത്രികവിദ്യകളുമായി ഒരധ്യാപകൻ. ജാലവിദ്യയിലൂടെ മനുഷ്യമനസ്സിൽ നന്മയുടെയും സ്നേഹത്തിന്റെയും വിത്തുകൾ വിതയ്ക്കുകയാണ് കടമ്പാട്ടുകോണം എസ്.കെ.വി ഹൈസ്കൂളിലെ അധ്യാപകനായ കടയ്ക്കൽ ആനപ്പാറ സ്വദേശി ഷാജു കടയ്ക്കൽ. ജാലവിദ്യ ജനത്തെ ബോധവത്കരിക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണെന്ന തിരിച്ചറിവിൽ നിന്നാണ് ഷാജു തന്റെ യജ്ഞം തുടങ്ങിയത്. ‘മാജിക് വിത്ത് എ മിഷൻ’ എന്ന മായാജാല പരമ്പരയിൽ കാലികമായ എല്ലാ വിഷയങ്ങളും ജാലവിദ്യക്ക് വിഷയമാകുന്നു. ലഹരിക്കെതിരെ മകൾക്കൊപ്പമായിരുന്നു ആദ്യ പരീക്ഷണം.
പരിസ്ഥിതി സംരക്ഷണം, ദേശീയോദ്ഗ്രഥനം എന്നിവക്ക് വേണ്ടിയും യുദ്ധത്തിനെതിരെയും ജാലവിദ്യയുമായി തെരുവിലിറങ്ങിയിരുന്നു. വർഗീയതക്കെതിരെ അങ്ങേയറ്റം അപകടകരമായ ഇലക്ട്രിക് ഫയർ ടോർച്ചർ അവതരിപ്പിച്ചു. ഭീകരത, ബാലവേല, സ്ത്രീപീഡനം എന്നിവക്കെതിരെയും ‘ശുചിത്വകേരളം സുന്ദരകേരളം’ എന്ന മുദ്രാവാക്യമുയർത്തിയും ജാലവിദ്യകൾ കാട്ടിവരുന്നു. രോഗികൾക്ക് സാന്ത്വനം പകരുന്നതിനായി ആർ.സി.സി.യിലുൾപ്പെടെ വിവിധ ആശുപത്രികളിൽ മായാവിദ്യയുമായി എത്തി.
ജനത്തെ നന്മയിലേക്ക് നയിക്കലാണ് ഈ അധ്യാപകൻ തന്റെ ജാലവിദ്യകളിലൂടെ നടത്തുന്നത്. മലയാളം അധ്യാപകനായ ഷാജു പഠനം മധുരിതമാക്കാനും മായാജാല വിദ്യകൾ അവതരിപ്പിക്കുന്നു. മാജിക്കിനുപുറമെ ‘നല്ല മലയാളം’ എന്ന യൂട്യൂബ് ചാനൽ വഴി നൽകുന്ന ഭാഷാക്ലാസുകൾ ഭാഷാ സ്നേഹികൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും ഒന്നുപോലെ പ്രയോജനപ്രദമാണ്. ഭാര്യ അനിത കൊല്ലായിൽ എസ്.എൻ.യു.പി സ്കൂളിലെ അധ്യാപികയാണ്. പ്രായം കുറഞ്ഞ ഷാഡോഗ്രഫറും മാന്ത്രികയുമായ മകൾ ഗോപിക തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ ഒന്നാംവർഷ ജേണലിസം വിദ്യാർഥിനിയും ചിത്രകാരിയും ബലൂൺ ആർട്ടിസ്റ്റുമായ മകൾ മാളവിക കുറ്റിക്കാട് സി.പി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.