വയോധികയുടെ വീടിനു മുന്നിൽ ആയുധവുമായി ഭീഷണി മുഴക്കി യുവാവ്
text_fieldsകടയ്ക്കൽ: വയോധികയുടെ വീടിനു മുന്നിൽ വടിവാളും വളർത്തുനായുമായി ഭീഷണി മുഴക്കി യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചിതറ മങ്കോട് ജലജാ മന്ദിരത്തിൽ സജീവ് (40) ആണ് ഭീഷണി മുഴക്കിയത്. കിഴക്കുംഭാഗം ജങ്ഷനു സമീപം താമസിക്കുന്ന സുപ്രഭ (70)യുടെ വീടിനു മുന്നിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
നായയുമായി കാറിലെത്തിയ ഇയാൾ വടിവാളുമായി ഇറങ്ങി ഭീഷണി മുഴക്കി. ഈ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. തന്റെ വീടാണ് ഇതെന്നും ഇവിടെ നിന്നും എല്ലാവരും ഇറങ്ങണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. തന്റെ പിതാവിന്റെ സ്ഥലമാണിതെന്നും അതുമായി ബന്ധപ്പെട്ട രേഖകളൊന്നും കൈവശമില്ലെന്നും ഇയാൾ പറയുന്നു.
നാട്ടുകാരെയും വിവരമറിഞ്ഞെത്തിയ ചിതറ പൊലീസിനെയും അഗ്നിരക്ഷസേനയെയും വടിവാൾകാട്ടി ഇയാൾ ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. വളർത്തുനായും ആയുധവുമുള്ളതുമൂലം ആർക്കും അടുക്കാനായില്ല. പൊലീസിന്റെ അനുനയ നീക്കങ്ങളൊന്നും ഫലം കണ്ടില്ല.
ഒടുവിൽ സ്വന്തം കാറിൽ സ്റ്റേഷനിലെത്താമെന്ന ഇയാളുടെ ആവശ്യം പൊലീസ് അംഗീകരിച്ചു. നായുമായി കാറിൽ കയറിയ ഇയാൾ പൊലീസിനെ വെട്ടിച്ച് മാങ്കോടുള്ള സ്വന്തം വീട്ടിലേക്ക് പോയി. വീട്ടിലെത്തി ഗേറ്റും പൂട്ടി വളർത്തു നായ്ക്കളെയും തുറന്നു വിട്ടു. ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മുമ്പും പല തവണ ഇയാൾ സുപ്രഭയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ഇയാൾ പൈപ്പ് ഉൾപ്പെടെ അടിച്ചു തകർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വീണ്ടും പ്രശ്നമുണ്ടാക്കിയത്. വ്യാഴാഴ്ചത്തെ സംഭവത്തിൽ സജീവിനെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.