ജൈവസംരക്ഷണ മാതൃകയായി ഭജനമഠം-ഇരുന്നൂട്ടി നീര്‍ത്തടപദ്ധതി
text_fieldsകടയ്ക്കൽ: മലയോര പ്രദേശങ്ങളിലെ ജൈവസമ്പത്ത് വീണ്ടെടുക്കുന്നതില്‍ വിജയമായി ഭജനമഠം-ഇരുന്നൂട്ടി നീര്‍ത്തടപദ്ധതി. കുമ്മിള്‍, ചിതറ പഞ്ചായത്തുകളിലെ നീര്‍ത്തട പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള പദ്ധതി മണ്ണ്- ജലം-ജൈവ സംരക്ഷണത്തിനായുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ക്ക് മാതൃകയാകുന്നു.
നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ആര്.ഐ.ഡി.എഫിൽ ഉള്‍പ്പെടുത്തി മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കിവരുന്നത്. 2.25 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടത്തിയത്.
ഭൂപ്രകൃതിക്ക് അനുസരിച്ച് നീര്‍ത്തടങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി കുളങ്ങള്‍, കോണ്‍ക്രീറ്റ് ചെക്ക് ഡാമുകള്‍, ഫുട്സ്ലാബ്, റാമ്പുകള്‍, തോടുകളുടെ സംരക്ഷണഭിത്തി, കാട്ടുകല്ല് ഉപയോഗിച്ചുള്ള കൈയാല, റബര്‍ ടെറസിങ്, സ്റ്റെബിലൈസേഷന്‍ സ്ട്രക്ചര്‍ (കര്‍ഷകരുടെ പുരയിടങ്ങളിലെ സംരക്ഷണഭിത്തി) എന്നിവയാണ് പദ്ധതി വഴി നടപ്പിലാക്കിയത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചടയമംഗലം നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ 25000ല്‍ അധികം പേര്‍ക്ക് തൊഴില്‍ ദിനങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
മതിര, കരിയിലപ്പച്ച, ഇരുന്നൂട്ടി, കിഴുനില എന്നിവിടങ്ങളിലെ തോടിനു കുറുകെ കോണ്‍ക്രീറ്റ് ചെക്ക് ഡാം, സംരക്ഷണഭിത്തി എന്നിവ നിര്‍മിച്ചതോടെ മണ്ണിടിച്ചില്‍, കര്‍ഷകരുടെ ഭൂമിയില്‍ വെള്ളം കയറല്‍, വേനല്‍ കാലങ്ങളിലെ വരള്‍ച്ച എന്നിവയെ പ്രതിരോധിക്കാന്‍ സാധിച്ചു.
ഗുണഭോക്താക്കളുടെ പുരയിടങ്ങളില്‍നിന്ന് ലഭ്യമായ കാട്ടുകല്ല് ഉപയോഗിച്ചുള്ള സംരക്ഷണ മതില് നിര്‍മാണം 35000 മീറ്റര്‍ പൂര്‍ത്തീകരിച്ചു. റബര്‍ മരങ്ങളുടെ പ്ലാറ്റ്ഫോം നിര്‍മിച്ച് വെള്ളം തടഞ്ഞ് നിര്‍ത്തിയും ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തി മേല്‍മണ്ണ് നഷ്ടപ്പെടാതെ മണ്ണിന്റെ ഫലപുഷ്ടതയും വര്‍ധിച്ചു.
മണ്ണ് സംരക്ഷണ വകുപ്പിന് കീഴില്‍ കൊട്ടാരക്കര മണ്ണ് സംരക്ഷണ ഓഫിസ്, ഗുണഭോക്തൃ കമ്മിറ്റി, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പദ്ധതി സമ്പൂര്‍ണ ഭൗതിക നേട്ടവും 99.23 ശതമാനം സാമ്പത്തിക നേട്ടവും കൈവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.