ചിതറ കൊലപാതകം: ദുരൂഹതയേറുന്നു
text_fieldsകടയ്ക്കൽ: ചിതറയിൽ പൊലീസുകാരനായ സുഹൃത്തിനെ കഴുത്തറുത്ത്കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. അടൂർ പൊലീസ് ക്യാമ്പിലെ ഹവിൽദാർ നിലമേൽ വളയിടം സ്വദേശി ഇർഷാദിനെയാണ് (28) സുഹൃത്തായ ചിതറ കല്ലുവെട്ടാംകുഴി വിശ്വാസ് നഗർ യാസീൻ മൻസിലിൽ സഹദ് (26) കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
സഹദിന്റെ വീട്ടിൽ നടന്നിരുന്ന പലകാര്യങ്ങളും ദുരൂഹത നിറഞ്ഞതായിരുന്നെന്ന് സമീപവാസികൾ പറയുന്നു. ഇടക്കിടെ ദേഹത്ത് ജിന്ന് കയറിയെന്നുപറഞ്ഞ് ഇയാൾ വാളുമായി പുറത്തിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ആ സമയം മറ്റുള്ളവരെ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് പ്രതി കാട്ടിയിരുന്നത്. അയൽക്കാരോട് ഒരടുപ്പവും പുലർത്തിയിരുന്നില്ല. രാത്രികാലങ്ങളിൽ ഉച്ചത്തിൽ സംഗീതം ഉയരും പിന്നീട് പ്രാർഥനാമന്ത്രങ്ങൾ ചൊല്ലും, ചിലപ്പോൾ പുക ഉയരും. പരാതി ഉയർത്തുന്നവർക്കുനേരെ വാളുമായി സഹദ് ഭീഷണി മുഴക്കുന്നതിനാൽ സമീവവാസികൾ ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല.
ചടയമംഗലത്ത് നഗ്നപൂജ കേസുമായി ബന്ധപ്പെട്ട് ഒളിവിലുള്ളയാളുമായി സഹദിന് നേരത്തെ ബന്ധമുണ്ടായിരുന്നതായും പറയുന്നു. കഴിഞ്ഞ 14ന് രാവിലെയാണ് കൂട്ടുകാരനെ വീട്ടിനുള്ളിൽ സഹദ് കഴുത്തറുത്തുകൊന്നത്. കൊല്ലപ്പെട്ട ഇർഷാദ് സഹദിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. ചിലപ്പോഴൊക്കെ സഹദിന്റെ വീട്ടിൽ ദിവസങ്ങളോളം ഇർഷാദ് താമസിക്കാറുണ്ട്. ഇർഷാദിെന കൊലപ്പെടുത്തിയത് സഹദിന്റെ പിതാവ് അബ്ദുൽ സലാമാണ് കാണുന്നത്. ഇയാളാണ് ഇർഷാദിനെ കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചത്. പിന്നാലെ പൊലീസ് എത്തി. പൊലീസ് എത്തും മുമ്പേ കൊലക്കുപയോഗിച്ച കത്തി സഹദും പിതാവും കൂടി ഒളിപ്പിച്ചു. പൊലീസ് എത്തിയപ്പോൾ മറ്റൊരു കത്തിയാണ് കാട്ടിക്കൊടുത്തത്. ഫോറൻസിക് പരിശോധനയിൽ ഈ കത്തിയല്ല കൊല നടത്താൻ ഉപയോഗിച്ചത് എന്ന് തെളിഞ്ഞു.
അബ്ദുൽ സലാമിനെ കൂടുതൽ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരപ്രകാരം കൊലക്കുപയോഗിച്ച കത്തി ആളൊഴിഞ്ഞ പുരയിടത്തിൽനിന്ന് കണ്ടെടുക്കുകയായിരുന്നു. അപ്പോഴും ജിന്നാണ് കൊല നടത്തിയതെന്നും തന്റെയുള്ളിൽ ജിന്നുണ്ടെന്നും പൊലീസിനോട് സഹദ് പറയുകയായിരുന്നു. എന്തിനാണ് ഇർഷാദിനെ കൊലപ്പെടുത്തിയത്, പൊലീസുകാരനായ ഇർഷാദ് ആഴ്ചകളോളം ഇവിടെ താമസിച്ചത് എന്തിന്, പരസ്യമായി ലഹരി ഉപയോഗം വീട്ടിൽ നടന്നിട്ടും എന്തുകൊണ്ട് തടഞ്ഞില്ല, അമ്പതിലധികം വാളുകളും മന്ത്രവാദവസ്തുക്കളും വീട്ടിൽ സൂക്ഷിച്ചതെന്തിന് തുടങ്ങിയ ചോദ്യങ്ങളാണ് പൊലീസിന് മുന്നിലുള്ളത്.
കൊലപാതകത്തിന് മുമ്പ് സഹദും ഇർഷാദും ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു. അതിനുശേഷമാണ് ഇരുവരും വീടിന്റെ മുകൾനിലയിലേക്ക് പോയത്. രണ്ട് മണിക്കൂറിനുശേഷമാണ് കഴുത്ത് വേർപെട്ട നിലയിൽ ഇർഷാദിനെ കണ്ടത്. പട്ടാപ്പകൽ ഈ വീട്ടിൽ കൊല നടന്നിട്ടും ഒരു നിലവിളി പോലും കേട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. റിമാൻഡ് ചെയ്ത സഹദിനെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യാനിരിക്കുകയാണ് പൊലീസ്. പിതാവിനെയും ഇനിയും ചോദ്യം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.