കടയ്ക്കൽ താലൂക്കാശുപത്രി വികസനം: റവന്യൂ ഭൂമി വിട്ടുനൽകൽ; കലക്ടറുടെ ഉത്തരവിന് ഹൈകോടതി അംഗീകാരം
text_fieldsകടയ്ക്കൽ: ഗ്രാമപഞ്ചായത്തിന്റെ അവകാശവാദം തള്ളി കടയ്ക്കൽ താലൂക്ക് ആശുപത്രിയുടെ വികസനത്തിനു പഞ്ചായത്തിന്റെ കൈവശമുള്ള റവന്യൂ ഭൂമി വിട്ടുനൽകിയ കലക്ടറുടെ ഉത്തരവിന് അംഗീകാരം നൽകി ഹൈകോടതി.
ആശുപത്രിക്ക് സമീപം പഴയ ചന്തഭൂമിയോട് ചേർന്ന് പഞ്ചായത്തിന്റെ കൈവശമുള്ള റവന്യൂ വക 22 സെൻറ് സ്ഥലം വിട്ടുനൽകുന്നതിനെതിരെ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതി കോടതിയെ സമീപിച്ചിരുന്നു. ഈ ഭൂമി പഞ്ചായത്തിന്റെതാണെന്നായിരുന്നു അവകാശവാദം. രേഖകൾ പരിശോധിച്ച കോടതി പഞ്ചായത്തിന്റെ വാദം തള്ളുകയായിരുന്നു.
വർഷങ്ങളായി ഓഫിസിന്റെ പിന്നിലുള്ള റവന്യൂ വക സ്ഥലം പഞ്ചായത്ത് കൈവശംവെച്ചിരുന്നു. റവന്യൂ റെക്കോർഡിൽ സ്ഥലം സർക്കാർ പുറമ്പോക്കാണ് എന്നാണ്. ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ പലപ്പോഴായി വിവിധ പദ്ധതികളിൽ പണം അനുവദിച്ചെങ്കിലും സ്ഥലമില്ലാത്തതിനാൽ തുക നഷ്ടമായിരുന്നു. റവന്യൂ സ്ഥലം ഏറ്റെടുക്കാൻ കലക്ടർ മന്ത്രി ജെ. ചിഞ്ചുറാണി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിരുന്നു. സ്ഥലം സന്ദർശിച്ച കലക്ടർ റവന്യൂ രേഖകൾ പരിശോധിച്ച ശേഷം 22 സെൻറ് സ്ഥലം ആശുപത്രിക്ക് വിട്ടു നൽകാൻ തീരുമാനിക്കുകയായിരുന്നു.
ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് കോടതിയെ സമീപിച്ചത്. വസ്തു റവന്യൂ വകുപ്പിന്റെതാണെന്ന കലക്ടറുടെ ഉത്തരവ് കോടതി ശരിവെക്കുകയായിരുന്നു. സ്ഥലം വിട്ടു നൽകാൻ തടസ്സം നിന്ന പഞ്ചായത്തിനെതിരെ വിവിധ രഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധവും ഉയർന്നിരുന്നു.
ഒരേക്കറിലധികം വസ്തുവാണ് പഞ്ചായത്ത് ഓഫിസിന് പിന്നിൽ റവന്യൂ വകുപ്പിന്റെതായുള്ളത്. ആശുപത്രിയിക്ക് വിട്ടു നൽകിയതിനു ശേഷമുള്ള വസ്തു വിട്ടു നൽകണമെന്ന ആവശ്യം പഞ്ചായത്ത് നേരത്തേ ഉന്നയിച്ചിരുന്നു. പുതിയ ഉത്തരവ് വന്നതോടെ സ്ഥല പരിമിധിയിൽ വീർപ്പുമുട്ടുന്ന താലൂക്കാശുപത്രിയുടെ വികസനത്തിന് ചിറക് മുളക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.