ഒറ്റക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് കവർച്ച
text_fieldsകടയ്ക്കൽ: ഒറ്റക്ക് താമസിക്കുന്ന വിരമിച്ച അധ്യാപികയെ ആക്രമിച്ച് വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു. കടയ്ക്കൽ മാർക്കറ്റ് ജങ്ഷനിൽ ശ്രീനിലയത്തിൽ ഓമനയമ്മയെ (77) ആക്രമിച്ച ശേഷമാണ് ശരീരത്തിലുണ്ടായിരുന്ന നാല് പവൻ മാലയും കമ്മലും വളയുമടക്കം ഏഴ് പവനും അലമാരയിലുണ്ടായിരുന്ന 7000 രൂപയും മൊബൈൽ ഫോണും കവർന്നത്. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം.
ഓമനയമ്മയുടെ രണ്ട് പെൺമക്കളും സ്ഥലത്തില്ല. ഉച്ചക്ക് കിടപ്പുമുറിയിലെത്തിയപ്പോഴാണ് കട്ടിലിനടിയിൽ ഒളിച്ചിരുന്ന മോഷ്ടാവ് ആക്രമിച്ചത്. ഇവരെ പിടിച്ചു തള്ളി നിലത്തിട്ടു. തുടർന്ന് വായ്മൂടുകയും ശരീരത്തിൽ പുതപ്പ് ഉപയോഗിച്ച് കെട്ടുകയും ചെയ്തു. ഇതിന് ശേഷമാണ് ആഭരണങ്ങൾ ഊരിയെടുത്തത്. 35 വയസ് തോന്നിക്കുന്ന മോഷ്ടാവിനു പാന്റ്സും ഷർട്ടുമായിരുന്നു വേഷം. തൊപ്പി വച്ചിരുന്ന ഇയാൾ മദ്യപിച്ചിരുന്നു.
അമ്മക്ക് കാൻസറാണെന്നും ചികിത്സക്കുള്ള പണത്തിന് വേണ്ടിയാണ് മോഷ്ടിക്കുന്നതെന്നും വീണ്ടും വരുമെന്നും പറഞ്ഞതായി ഓമനയമ്മ പൊലീസിനോട് പറഞ്ഞു. അമ്മക്ക് വേണ്ടി പ്രാർഥിക്കണമെന്നും പറഞ്ഞശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. വീഴ്ചയെ തുടർന്ന് അവശയായ ഓമനയമ്മക്ക് സംസാരിക്കാൻ പോലുമായില്ല.
ഏറെ കഴിഞ്ഞ് അയൽവാസിയായ യുവാവ് എത്തിയപ്പോഴാണ് അവശനിലയിൽ കണ്ടത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ എസ്.എച്ച്.ഒ രാജേഷ്, എസ്.ഐ.ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.