കുമ്പിക്കാട് ചിറയിൽ അന്താരാഷ്ട്ര നിലവാരത്തിൽ നീന്തൽ പരിശീലന കേന്ദ്രം
text_fieldsകടയ്ക്കൽ: ചിതറ പഞ്ചായത്തിൽ അയിരക്കുഴി കുമ്പിക്കാട് ചിറയിൽ അന്താരാഷ്ട്ര നിലവാരത്തിൽ നീന്തൽ പരിശീലനകേന്ദ്രം വരുന്നു. തിരുവനന്തപുരം പിരപ്പൻകോട് നീന്തൽ പരിശീലനകേന്ദ്രത്തിന്റെ മാതൃകയിലാണ് നിർമാണം.
രണ്ട് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതോടെ ജില്ലയിലെ ആദ്യത്തെ പൊതു നീന്തൽ പരിശീലനകേന്ദ്രമാകും ഇവിടം. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെയാണ് കേന്ദ്രം സ്ഥാപിക്കുക. ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, സമീപത്തെ മറ്റ് പഞ്ചായത്തുകൾ എന്നിവയുടെ സഹായവും ലഭ്യമാക്കും.
സ്പോർട്സ് കൗൺസിൽ ഉദ്യോഗസ്ഥർ പല തവണ ചിറ സന്ദർശിച്ച് വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു. 40 മീറ്റർ നീളവും 33 മീറ്റർ വീതിയുമാണ് നീന്തൽകുളത്തിന് വേണ്ടത്.
ഇതിനായി ചിറക്ക് എട്ട് മീറ്റർ നീളവും രണ്ടര മീറ്റർ വീതിയും കൂട്ടണം. ഇതിന് വേണ്ടി ചിതറ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ച് ചിറയോട് ചേർന്നുള്ള 38 സെന്റ് സ്ഥലം വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. മാങ്കോട് വാർഡിൽ അയിരക്കുഴി ജങ്ഷന് സമീപമാണ് കുമ്പിക്കാട്ട് ചിറ. മത്സര പരീക്ഷകൾക്ക് വേണ്ടിയും പി.എസ്.സി റാങ്ക് ലിസ്റ്റിലുമുള്ള ഉദ്യോഗാർഥികൾ ഇവിടെ നീന്തൽ പരിശീലനം നടത്തുന്നുണ്ട്. ദൂര സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടെ നീന്തൽ പരിശീലനത്തിന് എത്തുന്നു. ആഴം കുറവായതിനാൽ ഇവിടെ അപകട സാധ്യതയും കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.