കടയ്ക്കൽ അറവുശാല ഹൗസ് നിർമാണം നിലച്ചിട്ട് വർഷങ്ങൾ
text_fieldsകടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്‍റെ അറവുശാല ഹൗസ് നിർമാണം നിലച്ചിട്ട് വർഷങ്ങൾ. ലക്ഷങ്ങൾ ചെലവഴിച്ച് രണ്ട് പതിറ്റാണ്ട് മുമ്പ് ചായിക്കോട്ട് നിർമാണമാരംഭിച്ച സ്ലോട്ടർ ഹൗസാണ് കാട് മൂടിയ നിലയിലായത്. ചെറുവൃക്ഷങ്ങൾ വളർന്ന് വള്ളിപ്പടർപ്പ് കൊണ്ടുമൂടിയ നിലയിലായിരുന്നു കെട്ടിടം ഇതുവരെ.
പന്നിയും തെരുവ് നായ്ക്കളും ഇവിടെ താവളമാക്കിയതോടെ പ്രദേശവാസികൾക്ക് വഴി നടക്കാനാവാത്ത സ്ഥിതിയായി. നിരന്തര പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ അടുത്തിടെ കാടുതെളിച്ച് കെട്ടിടത്തെ സ്വതന്ത്രമാക്കി.
രണ്ട് മാട്ടിറച്ചി സ്റ്റാളുകളും രണ്ട് ആട്ടിറച്ചി സ്റ്റാളുകളും പ്രവർത്തിക്കുന്ന കടയ്ക്കൽ ചന്തയിലാണ് നിലവിലെ സ്ലോട്ടർ ഹൗസ്. പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. ഇതിനുള്ളിലാണ് ആടുമാടുകളെ കശാപ്പ് ചെയ്യുന്നത്. ഇറച്ചി അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനോ ചോരയും മറ്റും കലർന്ന വെള്ളം ശാസ്ത്രീയമായി മാറ്റുന്നതിനോ സൗകര്യങ്ങളില്ല. അവശിഷ്ടങ്ങൾ സമീപത്തെ പുരയിടങ്ങളിലേക്ക് തള്ളുകയാണിപ്പോൾ.
ഇതോടെ പരിസരത്ത് തെരുവ് നായ്ക്കളുടെ കൂട്ടവും സ്ഥിരം കാഴ്ചയാണ്. 20 വർഷം മുമ്പ് തുടങ്ങിയ നിർമാണമാണ് ഇഴഞ്ഞ് നീങ്ങുന്നത്. രണ്ട് നില കെട്ടിടത്തിന്‍റെ നിർമാണത്തിൽ അപാകതയുമുള്ളതായി അന്നേ ആക്ഷേപമുണ്ടായിരുന്നു. ചുവരുകളിൽ വിള്ളലുകൾ വീണ് കെട്ടിടം പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായ നിലയിലാണ്. ഇറച്ചിഅവശിഷ്ടങ്ങൾ ഉൾപ്പെടെ സംസ്കരിക്കുന്നതിനായി ചന്തയിൽ സ്ഥാപിച്ച ജൈവ മാലിന്യ സംസ്കരണ പ്ലാൻറിന് അൽപ്പായുസ്സായിരുന്നു. ഒരുകൊല്ലം മാത്രമാണ് പ്ലാൻറ് നേരാംവണ്ണം പ്രവർത്തിച്ചത്.
യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പ്ലാൻറ് പലവട്ടം പണിമുടക്കി. ഒടുവിൽ പ്രവർത്തനക്ഷമമല്ലാതായി. ഇതിന്‍റെ മോട്ടോർ ഉൾപ്പെടെ ഇളക്കിയെടുത്താണ് ചന്തയിലെ കിണറ്റിൽ സ്ഥാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.