ഇട്ടിവ കുടിവെള്ള പദ്ധതി; പൂർത്തീകരിക്കാൻ 40.52 കോടി രൂപ അനുവദിച്ചു
text_fieldsകടയ്ക്കൽ: ഇട്ടിവ കുടിവെള്ള പദ്ധതി പൂർത്തീകരിക്കാൻ തുക അനുവദിച്ചു. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനും വീടുകളിലേക്കുള്ള കണക്ഷൻ നൽകുന്നതിനുമായാണ് തുക. ആറ് മാസത്തിനകം പദ്ധതി പൂർത്തിയാക്കി കമീഷൻ ചെയ്യാനാണ് ജല അതോറിറ്റിയുടെ തീരുമാനം. 40.52 കോടി കൂടിയാണ് പദ്ധതിക്ക് പുതുതായി അനുവദിച്ചത്.
ഇട്ടിവ, അലയമൺ പഞ്ചായത്തുകളിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് 2008ലായിരുന്നു പദ്ധതി ആരംഭിച്ചത്. അന്ന് 14 കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു.കുളത്തൂപ്പുഴ ആറ്റിൽനിന്ന് വെള്ളം ഭാരതീപുരത്തുള്ള പ്രധാന സംഭരണിയിലെത്തിക്കും. അവിടെനിന്ന് അതത് പഞ്ചായത്തുകളിൽ സ്ഥാപിക്കുന്ന സംഭരണികളിലെത്തിച്ച് വിതരണത്തിനായിരുന്നു പരിപാടി. ഇതനുസരിച്ച് അലയമൺ പഞ്ചായത്തിൽ നാല് വർഷം മുമ്പ് പദ്ധതി പൂർത്തിയാക്കി കമീഷൻ ചെയ്തു.
ഇട്ടിവയിൽ വയല തോട്ടംമുക്കിലും വയ്യാനം കല്യാണിമുക്കിലും ജലസംഭരണികൾ നിർമിക്കുകയും ഇത് തമ്മിൽ ബന്ധിപ്പിച്ച് പ്രധാന വിതരണക്കുഴൽ സ്ഥാപിക്കുകയും ചെയ്തെങ്കിലും തുടർനടപടികളുണ്ടായില്ല. ജലവിതരണക്കുഴലുകൾ സ്ഥാപിക്കുന്നതിനുള്ള തുക അനുവദിക്കാത്തതിനെ തുടർന്ന് പണി നാളുകളായി മുടങ്ങിക്കിടക്കുകയായിരുന്നു.
ജലസംഭരണികളെ ബന്ധിപ്പിച്ച് നിലവിലുള്ള പ്രധാന കുഴലിൽ നിന്നും ഹൗസ് കണക്ഷനുകൾ നൽകുന്ന നടപടി ഉടൻ തുടങ്ങും. കുമരനെല്ലൂർ പാലം മുതൽ കല്യാണിമുക്കുവരെ ആയിരിക്കും കണക്ഷൻ നൽകുക. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന റൂട്ടുകൾ ജല അതോറിറ്റിയും പഞ്ചായത്തും ചേർന്ന് തീരുമാനിക്കുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.