വായനപക്ഷാചരണം; ഇട്ടിവ- ഗ്രന്ഥശാലകളുടെ ഗ്രാമം
text_fieldsകടയ്ക്കൽ: ഗ്രന്ഥശാലകളുടെ ഗ്രാമമാണ് ‘ഇട്ടിവ’. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ഗ്രന്ഥശാലകളുള്ള പഞ്ചായത്ത്. പൗലോ കൊയ്ലോയെയും മിലൻ കുന്ദേരയെയും കസൻദ് സാക്കീസിനെയുമൊക്കെ വായിക്കുന്നവരും ചർച്ച ചെയ്യുന്നവരാണ് ഈ നാട്ടിൻപുറത്തുകാർ. തലമുറകളായി കൈമാറി കിട്ടിയ വായനാശീലം ഈദേശം അവിരാമം തുടരുന്നു.
ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള 26 ഗ്രന്ഥശാലകളും ഇരുപതിലധികം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകളും സജീവമായി പ്രവർത്തിക്കുന്ന ഇവിടത്തെ വായനാലോകത്തിന് കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തോളം പഴക്കമുണ്ട്. 1948ലാണ് വെളുന്തറയിൽ വിവേകദായിനി എന്ന പേരിൽ ആദ്യമായി ഗ്രന്ഥശാല ആരംഭിക്കുന്നത്. 1950ൽ കാട്ടാമ്പള്ളിയിൽ സന്മാർഗ്ഗദായിനി ഗ്രന്ഥശാലയും 1952ൽ ചാണപ്പാറയിൽ സന്മാർഗ്ഗദായിനി സ്മാരക ഗ്രന്ഥശാലയും 1958ൽ കോട്ടുക്കൽ കൈരളി ഗ്രന്ഥശാലയും 1966ൽ വയലയിൽ ഗാന്ധി സ്മാരക വായനശാലയും 1972ൽ വയ്യാനത്ത് ഗോദവർമ്മ രാജ പബ്ലിക് ലൈബ്രറിയും ആരംഭിച്ചു.
ഒരിടവേളക്കുശേഷം 1993ആണ് ചരിപ്പറമ്പിൽ നവധാര ഗ്രന്ഥശാല ആരംഭിക്കുന്നത്. 1996ന് ശേഷം കോവൂർ ബോധി ഗ്രന്ഥശാല ചുണ്ട ഗ്രാമോദയം ഗ്രന്ഥശാല, മഞ്ഞപ്പാറ എ.കെ.ജി ഗ്രന്ഥശാല, മലപ്പേരൂർ നവ പ്രഭ വായനശാല, മേളയ്ക്കാട് സഫ്ദർ ഹഷ്മി ഗ്രന്ഥശാല, മേളയ്ക്കാട് വി. സാംബശിവൻ സ്മാരക ഉദയം ഗ്രന്ഥശാല, പടിഞ്ഞാറെ വയല ഇ.എം.എസ് ഗ്രന്ഥശാല, കോട്ടുക്കൽ സി. അച്യുതമേനോൻ സ്മാരക ഗ്രന്ഥശാല, മണലുവട്ടം രാജ രവിവർമ്മ ഗ്രന്ഥശാല, ഫിൽ ഗിരി മദർ തെരേസ ഗ്രന്ഥശാല, പാറക്കടവ് പ്രണവം ഗ്രന്ഥശാല, കുതിരപ്പാലം സ്വാതി തിരുനാൾ ഗ്രന്ഥശാല, പുത്താർ ഇ.എം.എസ് വായനശാല, മണ്ണൂർ സഹൃദയ ഗ്രന്ഥശാല എന്നിവ ആരംഭിച്ചത്. ഈ ഗ്രന്ഥാലയങ്ങളിലെല്ലാം 1000 മുതൽ 3000 വരെ അംഗങ്ങളുണ്ട്. ചാണപ്പാറ സന്മാർഗ്ഗദായിനി ഗ്രന്ഥശാലയിലാണ് പഞ്ചായത്തിൽ ഏറ്റവുമധികം പുസ്തകങ്ങളുള്ളത്, പതിനെണ്ണായിരത്തിലധികം. മറ്റിടങ്ങളിലും പതിനായിരത്തിലേറെ പുസ്തകങ്ങളുണ്ട്.
തലമുറകളിൽനിന്ന് തലമുറകളിലേയക്ക് വായനയുടെ വെളിച്ചം കടത്തിവിടുന്നതിനൊപ്പം കുടുംബങ്ങൾക്ക് സഹായകരമാകുന്ന ഒട്ടേറെ പ്രവർത്തനങ്ങളും ഗ്രന്ഥശാലകളുടെ കീഴിൽ നടക്കുന്നുണ്ട്. പി.എസ്.സി കോച്ചിങ് സെൻററുകളും വനിതാ ബോധവത്കരണ ക്യാമ്പുകളും കലാസാംസ്കാരിക വേദികളും ചർച്ചാ ക്ലബുകളും കൗൺസലിങ് ക്ലാസുകളുമെല്ലാം ഗ്രന്ഥശാലകളിൽ മുടങ്ങാതെ നടക്കുന്നു. വായനയിലൂടെ സാംസ്കാരികമായ ഉന്നതി നേടാൻ ഇട്ടിവയ്ക്കായെന്നാണ് ഗ്രന്ഥശാല പ്രവർത്തകരുടെ പക്ഷം. ഒരു വാർഡിൽ തന്നെ രണ്ടിലധികം ഗ്രന്ഥശാലകൾ പ്രവർത്തിക്കുന്ന മറ്റൊരു പഞ്ചായത്തും ജില്ലയിലുണ്ടാവില്ല.
ഇ-വായനക്കായുള്ള സൗകര്യങ്ങളും ഉൾപ്പെടെ തുടങ്ങിയെന്ന് ലൈബ്രറി കൗൺസിൽ ഭാരവാഹികൾ പറയുന്നു. ഇ-റീഡിങ് കോർണറുകൾ ഒരുക്കുമ്പോഴും അച്ചടി പുസ്തകങ്ങളുടെ കാര്യത്തിൽ ഒരു തരത്തിലുമുള്ള കുറവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.