കടയ്ക്കൽ മാർക്കറ്റ് നവീകരണം; ടെൻഡർ നടപടി പൂർത്തിയായി
text_fieldsകടയ്ക്കൽ: മാർക്കറ്റ് നവീകരിക്കുന്നതിനുള്ള ടെൻഡർ നടപടി പൂർത്തിയായി. കിഫ്ബി ഫണ്ടിൽനിന്ന് 3.75 കോടി രൂപ ചെലവഴിച്ചാണ് നിർമാണം നടത്തുക. അത്യാധുനിക രീതിയിലാണ് നിർമാണം. ആധുനിക സൗകര്യങ്ങളോട് കൂടിയ മത്സ്യ, മാംസ സ്റ്റാളുകൾ, പച്ചക്കറി സ്റ്റാളുകൾ, ശുചി മുറികൾ, അനുബന്ധ സംവിധാനങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി വരും.
കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് കോർപറേഷൻ അസിസ്റ്റന്റ് എൻജിനീയറും ഉദ്യോഗസ്ഥരും മാർക്കറ്റ് സന്ദർശിച്ചാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. 60 സ്റ്റാളുകളാണ് മാർക്കറ്റിൽ നിർമിക്കുക. ഓട്ടോമാറ്റിക് ക്ലീനിങ് സംവിധാനമാണ് നിലവിൽ വരിക.
അർധ വൃത്താകൃതിയിലുള്ള കെട്ടിട സമുച്ചയമായി മാർക്കറ്റ് നിർമിക്കുന്നതോടെ കിഴക്കൻ മേഖലയിലെ പ്രധാന മാർക്കറ്റായി കടയ്ക്കൽ മാറും. 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് സംവിധാനം ക്രമീകരിക്കുന്നത്. സ്വാതന്ത്യ സമരത്തിന്റെ ഭാഗമായുള്ള ചരിത്രം പേറുന്നതാണ് കടയ്ക്കൽ മാർക്കറ്റ്. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി രാമസ്വാമി അയ്യർ ചന്തക്കരം വർധിപ്പിച്ചതിനെതിരെ ആരംഭിച്ച പ്രതിഷേധമാണ് കടയ്ക്കൽ വിപ്ലവമായി മാറിയത്. ചന്തക്കരത്തിനെതിരെ കർഷകർ സംഘടിച്ച് പൊരുതി കടയ്ക്കലിലെ സ്വതന്ത്യ രാജ്യമായി പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്യം കിട്ടുന്നതിന് മുമ്പ് നടന്ന ഈ സംഭവം ഇന്ത്യയിൽ തന്നെ അപൂർവമായി നടന്ന കർഷക കലാപമായിരുന്നു. പിന്നീട് ഇടത് സർക്കാർ ചന്തപ്പിരിവ് തന്നെ ഇവിടെ നിർത്തലാക്കിയിരുന്നു.
അന്തിച്ചന്തയും മലഞ്ചരക്ക് ചന്തയുമൊക്കെ ഉണ്ടായിരുന്ന കടയ്ക്കൽ മാർക്കറ്റ് തെക്കൻ കേരളത്തിൽ തന്നെ പ്രസിദ്ധമായിരുന്നു. നെടുമങ്ങാടിനൊപ്പം മലഞ്ചരക്ക് വ്യാപാരത്തിൽ ഒരു കാലത്ത് പേരെടുത്തതായിരുന്നു കടയ്ക്കൽ. കടയ്ക്കൽ മാർക്കറ്റിലെ മത്സ്യവ്യാപാരികൾ ചേർന്ന് സാധു യുവതികളുടെ സമൂഹ വിവാഹമൊരുക്കുന്നതിൽ കൂടിയും മാർക്കറ്റ് പ്രസിദ്ധി നേടിയിരുന്നു. പിന്നീട് പലവിധ കാരണങ്ങളാൽ വ്യാപാരം കുറഞ്ഞ് പോയ മാർക്കറ്റാണ് ആധുനിക രീതിയിൽ പുനർനിർമിച്ച് പഴയ പ്രൗഢി വീണ്ടെടുക്കാനായി ഒരുങ്ങുന്നത്. ടെൻഡർ നടപടി പൂർത്തിയായതായും മൊത്ത വ്യാപാരത്തിനടക്കം സൗകര്യങ്ങൾ നവീകരിക്കുന്ന മാർക്കറ്റിനുണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡൻറ് എം. മനോജ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.