കടയ്ക്കൽ-നിലമേൽ റോഡ് നവീകരണം ഇഴയുന്നു
text_fieldsകടയ്ക്കൽ: നവീകരണ ജോലികൾ ഇഴയുന്നതിനാൽ കടയ്ക്കൽ-നിലമേൽ റോഡിലൂടെ യാത്ര ദുരിതമാകുന്നു. അഞ്ച് കിലോമീറ്റർ നീളമുളള റോഡ് നവീകരണത്തിന്റെ ഭാഗമായി പലയിടങ്ങളിലും വെട്ടിപ്പൊളിച്ച നിലയിലാണ്. മഴയായാൽ ചളിയും വെയിലത്ത് പൊടിയും നിറഞ്ഞ റോഡാണിത്. മെറ്റൽ ചിതറിക്കിടക്കുന്നതിനാൽ വാഹന യാത്രികരും , കാൽനട യാത്രക്കാരും ദുരിതത്തിലാണ്.
പാരിപ്പള്ളി-മടത്തറ സംസ്ഥാനപാതയുടെ ഭാഗമായ റോഡ് 10 കോടി ചെലവഴിച്ചാണ് നവീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ചടയമംഗലം സെക്ഷന് കീഴിൽ വരുന്ന നിലമേൽ മുതൽ കടയ്ക്കൽ ചന്തവരെയുള്ള ഭാഗത്തെ നവീകരണത്തിനാണ് പദ്ധതി. ആവശ്യമായ സ്ഥലത്ത് സംരക്ഷണ ഭിത്തി, ഓട, കലുങ്ക് എന്നിവയുടെ നിർമാണം, ടാറിങ് എന്നിയാണ് ചെയ്യുന്നത്.
കാര്യംപൂതാങ്കര കലുങ്ക്, കിരാലയിലെ ചപ്പാത്ത് പൊളിച്ചുള്ള കലുങ്ക് എന്നിവയുടെ പണി പൂർത്തിയായെങ്കിലും ബാക്കി ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ്. കാര്യംമൂലോട്ടി വളവു മുതൽ കടയ്ക്കൽ ജങ്ഷൻ വരെയും കിരാല , ആഴാന്തക്കുഴി, ആറ്റുപുറം എന്നിവിടങ്ങളിലും റോഡ് പൊളിച്ചെങ്കിലും തുടർ പണികൾ നീളുന്നത് മൂലം യാത്ര ദുഷ്കരമാണ്. കടയ്ക്കൽ ടൗണിൽ ഇന്ദിര പാർക്കിന് സമീപം റോഡ് വശം ഇടിഞ്ഞ് താഴ്ന്നുണ്ടായ വലിയ ചാൽ നിരന്തരം അപകങ്ങൾക്ക് കാരണമാവുന്നു.
ജലവിതരണക്കുഴൽ ഇട്ട ശേഷം കോൺക്രീറ്റ് ചെയ്യുന്നതിന് മെറ്റൽ നിരത്തിയത് കനത്ത മഴയത്ത് ഒലിച്ചുപോയതിനെ തുടർന്നാണ് ചാലായി മാറിയത്. പുറമ്പോക്ക് കൈയേറ്റം പൂർണമായും ഒഴിപ്പിച്ച് വീതികൂട്ടിയും വളവുകൾ ഉൾപ്പെടെയുള്ളവ മാറ്റിയുമുള്ള വികസനമാണ് ആവശ്യമെങ്കിലും കൊടുംവളവുകൾ പോലും മാറ്റാതെയുള്ള നവീകരണമാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.