കടയ്ക്കൽ പഞ്ചായത്ത് സ്റ്റേഡിയം അവഗണനയിൽ
text_fieldsകടയ്ക്കൽ: കടയ്ക്കൽ പഞ്ചായത്ത് സ്റ്റേഡിയം അവഗണനയിൽ. വർഷങ്ങളായി പ്രവർത്തനമില്ലാത്ത നിലയിലാണ് സ്റ്റേഡിയം. സംസ്ഥാന സ്കൂൾ കായിക മേളയിലെ റിക്കാർഡുകാരിയായിരുന്ന നാണിരാധ മുതൽ ഒളിമ്പ്യൻ മുഹമ്മദ് അനസ് വരെ നീളുന്നതാണ് മലയോരത്തിന്റെ കായിക പാരമ്പര്യം.
സ്കൂൾ, കോളജ് തലങ്ങളിൽ ഗ്രാമീണ മേഖലയിൽ നിന്ന് പുതിയ പ്രതിഭകൾ ഉയർന്നു വരുന്നെങ്കിലും ഇവർക്ക് പരിശീലനത്തിനും മറ്റുമുള്ള സൗകര്യം മേഖലയിലില്ല. പരിശീലനത്തിനുള്ള ഏക കേന്ദ്രമായ കടയ്ക്കൽ പഞ്ചായത്ത് സ്റ്റേഡിയം പതിറ്റാണ്ടുകളായി വികസനം കാത്തിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് മുതൽ മന്ത്രി വരെയുള്ളവരുടെ പ്രഖ്യാപനങ്ങളിൽ മാത്രം സ്റ്റേഡിയം വികസനം ഒതുങ്ങി. കുണ്ടും, കുഴിയും നിറഞ്ഞ്
പല ഭാഗങ്ങളും വെള്ളക്കെട്ടായ സ്റ്റേഡിയം കായിക താരങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല. കടയ്ക്കൽ പട്ടണത്തോട് ചേർന്നുള്ള രണ്ട് ഏക്കർ സ്ഥലത്താണിത്. 2017, 2019 വർഷങ്ങളിലെ സംസ്ഥാന സർക്കാർ ബജറ്റിൽ വികസനത്തിനായി തുക അനുവദിക്കുകയും ആധുനിക സൗകര്യങ്ങളോടെ പണി നടത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടന്നില്ല. തനതു ഫണ്ട് വേണ്ടുവോളമുള്ള കടയ്ക്കൽ ഗ്രാമപഞ്ചായത്ത് അതുപയോഗിച്ച് സ്റ്റേഡിയം വികസനത്തിനായി ഒന്നും ചെയ്യുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.