കടയ്ക്കലിന്റെ സ്വാതന്ത്ര്യത്തിന് ഇന്ന് 86 വയസ്സ്
text_fieldsകടയ്ക്കൽ: കടയ്ക്കലിന്റെ സ്വതന്ത്രരാജ്യപ്രഖ്യാപനത്തിന് ഇന്ന് 86 വയസ്സ്. 1938 സെപ്റ്റംബർ 29നാണ് കടയ്ക്കൽ വിപ്ലവം നടന്നത്. സർ സി.പിക്കെതിരെ പോരാടി സ്വന്തമായി ഒരു സ്റ്റേറ്റ് തന്നെ പ്രഖ്യാപിക്കുകയും ജനാധിപത്യത്തിലൂന്നിയ മന്ത്രിസഭയുണ്ടാക്കുകയും ചെയ്ത ‘കടയ്ക്കൽ സമരം’ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. അന്ന് കടയ്ക്കൽ ഉൾപ്പെടുന്ന പ്രദേശത്തെ ഒരു രാജ്യമായി പ്രഖ്യാപിക്കുകയും കടയ്ക്കൽ സ്റ്റാലിൻ എന്നറിയപ്പെടുന്ന ഫ്രാങ്കോ രാഘവൻപിള്ള രാജാവും കാളിയമ്പി മന്ത്രിയുമായി ഒരു ഭരണസംവിധാനം നിലവിൽവരുകയും ചെയ്തു. കേരളത്തിലെ ആദ്യ ജനകീയ മന്ത്രിയായാണ് കാളിയമ്പി അറിയപ്പെടുന്നത്. ഇൗ മലയോരഗ്രാമത്തിൽ ആഴ്ചയിൽ രണ്ടുദിവസം കടയ്ക്കൽ ചന്ത പ്രവർത്തിച്ചിരുന്നു.
ചന്തയിലെ കോൺട്രാക്ടർ അമിത ചന്തക്കരം പിരിച്ച് കർഷകരെ ദ്രോഹിച്ചിരുന്നു. സമാന്തരചന്ത നടത്തി കോൺട്രാക്ടറുടെ ഗുണ്ടായിസത്തിനെതിരെ ജനം പ്രതികരിച്ചു. നേതൃത്വം നൽകിയവരെയും ചന്തയിലെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയും ഗുണ്ടകളും പൊലീസും ചേർന്ന് അടിച്ചൊതുക്കി. ജനങ്ങൾ കടയ്ക്കൽ ആൽത്തറമൂട്ടിൽ സംഘടിച്ച് സമരപരിപാടിക്ക് രൂപം നൽകി. കടയ്ക്കൽ ജനത സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ സംഘടിച്ച് ശക്തിയായി തിരിച്ചടിച്ചു. പൊലീസ് സ്റ്റേഷൻ കത്തിച്ചു. സർ സി.പിയുടെ കുതിരപ്പട്ടാളം കടയ്ക്കലെത്തി വൻ അക്രമമാണ് അഴിച്ചുവിട്ടത്.
സമരത്തിന് സാക്ഷിയായ ആൽത്തറമൂട്ടിലെ ആൽമരം ഇന്നും ഒാർമയായി ശേഷിക്കുന്നു. അന്യായമായ ചന്തപ്പിരിവിനെതിരെ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനങ്ങൾ നടത്തിയ മുന്നേറ്റമാണ് കടയ്ക്കൽസമരമായി രൂപാന്തരപ്പെട്ടത്. 1938 സെപ്റ്റംബറിൽ ഉത്തരവാദ ഭരണപ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട സന്ദർഭത്തിൽ ജനങ്ങൾ കടയ്ക്കലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. പ്രദേശത്തിെന്റ ഭരണം താൽക്കാലികമായി ജനങ്ങളുടെ കൈയിലായി.
കടയ്ക്കലും സമീപപ്രദേശങ്ങളിലും ഉണ്ടായിരുന്ന പൊലീസ് സംഘങ്ങൾക്ക് ജനങ്ങളെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല. കടയ്ക്കൽ സ്റ്റാലിൻ, ഫ്രാങ്കോ എന്നീ പേരുകളിൽ പ്രസിദ്ധനായ രാഘവൻപിള്ള ആയിരുന്നു പ്രക്ഷോഭനേതാവ്. തിരുവനന്തപുരത്തുനിന്ന് കൂടുതൽ പൊലീസും പട്ടാളവും എത്തിയശേഷമാണ് പ്രക്ഷോഭം അവസാനിച്ചത്. കടയ്ക്കലും പരിസരത്തും പിന്നീട് ക്രൂരമായ അടിച്ചമർത്തൽ നടന്നു. അനവധി വീടുകൾ അഗ്നിക്കിരയായി. ഒട്ടേറെപ്പേരെ പിടികൂടി ശിക്ഷിച്ചു. പിന്നീട് പൊലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് ഔട്ട്പോസ്റ്റ് തീയിട്ടു. ജനങ്ങളുടെ എതിർപ്പ് നേരിടാനാകാതെ പൊലീസ് പിൻവലിഞ്ഞു.
16 ച. കിലോമീറ്റർ ദൂരം സ്വതന്ത്ര്യരാജ്യമാക്കി ജനം പ്രഖ്യാപിച്ചു. ദിവസങ്ങൾ കഴിഞ്ഞ് ജനങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാൻ പൊലീസ് കൊടിയ മർദനം അഴിച്ചുവിട്ടു. സമരത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാൻ വൈകിയതിനാൽ സേനാനികൾക്ക് പെൻഷനും താമസിച്ചു. കൊടിയ മർദനമേറ്റ ഒട്ടേറെപ്പേർ രോഗികളായി മരിച്ചു.
ചിലർ ജീവിക്കാൻ തെരുവിൽ അലഞ്ഞു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആവേശം ഉൾക്കൊണ്ടുനടത്തിയ സമരത്തിന് പക്ഷേ മതിയായ പരിഗണന ലഭിച്ചില്ല. കടയ്ക്കൽ വിപ്ലവത്തിന്റെ ഓർമകൾ നിലനിൽക്കുന്ന പല സ്മാരകങ്ങളും പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരുടെ തലമുറകളും ഇന്നും കടയ്ക്കലിൽ ഓർമയായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.