സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി കടയ്ക്കൽ താലൂക്ക് ആശുപത്രി
text_fieldsകടയ്ക്കൽ: കിഴക്കൻ മലയോര മേഖലയിൽ സാധാരണക്കാരുടെ ഏക ആശ്രയമായ കടയ്ക്കൽ താലൂക്കാശുപത്രി സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്നു. താലൂക്ക് ആശുപത്രിയാണെങ്കിലും വേണ്ടത്ര സൗകര്യങ്ങൾ ഇവിടെയില്ല.
കടയ്ക്കൽ പട്ടണ മധ്യേ ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് ഇടുങ്ങി നിർമിച്ച കെട്ടിടങ്ങളിൽ വീർപ്പുമുട്ടുകയാണ് ആശുപത്രി. സ്ഥല പരിമിതി കാരണം വികസന പ്രവർത്തനങ്ങൾ തടസ്സപ്പെട്ട അവസ്ഥയാണ്.
ആശുപത്രിക്ക് ബഹുനില മന്ദിരം നിർമിക്കുന്നതിനായി സ്ഥലം വാങ്ങുന്നതിന് സർക്കാർ 10 കോടി മാസങ്ങൾക്ക് മുമ്പ് അനുവദിച്ചിരുന്നു. ആശുപത്രിയോട് ചേർന്നുള്ള റവന്യു വക 22 സെൻറ് സ്ഥലം ഇതിനായി ഏറ്റെടുക്കുന്നതിന് തീരുമാനമായെങ്കിലും തുടർനടപടി നീളുകയാണ്. നിത്യേന ഒ.പിയിലെത്തുന്ന ആയിരത്തിലധികം രോഗികളെയും കിടത്തി ചികിത്സയിലുള്ളവരെയും അവരുടെ കൂട്ടിരിപ്പുകാരെയും ജീവനക്കാരെയും ഉൾക്കൊള്ളാനാവാതെ വീർപ്പുമുട്ടുകയാണ് ആശുപത്രി. ഒരുമിച്ച് ആശുപത്രിക്കുള്ളിൽ ഒന്നിലധികം വാഹനങ്ങളോ, ആംബുലൻസുകളോ വന്നാൽ പാർക്ക് ചെയ്യാൻ സ്ഥലമില്ല. കമ്യൂണിറ്റി ഹെൽത്ത് സെൻററായിരുന്ന ആശുപത്രി 2008ൽ താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും ബോർഡിൽ മാറ്റമേ വന്നുള്ളൂ. പേരിൽ മാത്രമാണ് താലൂക്ക് ആശുപത്രിയുള്ളതെന്നും വേണ്ടത്ര സൗകര്യങ്ങൾ ഇല്ലെന്നും രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു.
പഴയ കടയ്ക്കൽ ചന്ത പ്രവർത്തിച്ചിരുന്ന കടയ്ക്കൽ താലൂക്ക് ആശുപത്രിയോട് ചേർന്ന റവന്യൂ ഭൂമിയിൽ നിന്ന് 22 സെന്റ് സ്ഥലം ആശുപത്രിക്ക് കെട്ടിടം നിർമിക്കുന്നതിനായി വിട്ടുകൊടുത്ത് സർക്കാർ ഉത്തരവായി. ഇവിടെ 10 കോടി രൂപ ചെലവഴിച്ച് പുതിയ ബഹുനില മന്ദിരം നിർമിക്കാൻ ലക്ഷ്യമിട്ടിരുന്നു.
എന്നാൽ, ആശുപത്രിക്ക് വിട്ടുനൽകിയ സ്ഥലം പഞ്ചായത്തിന്റെ കൈവശമുള്ളതാണെന്നും ബാക്കി റവന്യൂ ഭൂമി കൂടി പഞ്ചായത്തിന് വിട്ടുനൽകിയാൽ മാത്രമേ ആശുപത്രി വികസനത്തിന് സ്ഥലം നൽകൂ എന്നതാണ് കടയ്ക്കൽ പഞ്ചായത്തിന്റെ നിലപാട്.
ഇതിനാൽ കെട്ടിടം നിർമിക്കാനാവശ്യമായ തുടർനടപടി നീളുകയാണ്. ആശുപത്രിവികസനം സംബന്ധിച്ച് തീരുമാനമെടുക്കാൻ മന്ത്രിമാരായ വീണ ജോർജ്, ജെ. ചിഞ്ചുറാണി എന്നിവരുടെ സാന്നിധ്യത്തിൽ മാസങ്ങൾക്ക് മുമ്പ് യോഗം ചേർന്നിരുന്നു. പഞ്ചായത്ത് നിലപാട് സംബന്ധിച്ച് റവന്യൂ മന്ത്രിയുമായി ചർച്ച നടത്തി തീരുമാനം ഉണ്ടാക്കുമെന്ന് അറിയിച്ചെങ്കിലും നടപടിയായില്ല.
ഭാവി വികസനം കൂടി ലക്ഷ്യമാക്കി ആശുപത്രിയോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം വാങ്ങുന്നതിന് തീരുമാനിച്ചെങ്കിലും നടപടിയുണ്ടായില്ല. മലയോര മേഖലയിൽ ആദിവാസികൾ ഉൾപ്പെടെ എട്ട് പഞ്ചായത്തുകളിലെ പാവപ്പെട്ട രോഗികളുടെ ഏക ആശ്രയമാണ് കടയ്ക്കൽ താലൂക്ക് ആശുപത്രി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റി, എക്സ്റേ, ഇ.സി.ജി, ആംബുലൻസ് പ്രവർത്തനങ്ങൾ നിലവിൽ ഇവിടെയുണ്ട്. എം.സി റോഡിലുണ്ടാകുന്ന അപകടങ്ങളിൽ മിക്കതും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലാണ് എത്തിക്കുന്നത്. എന്നാൽ, അത്യാഹിത വിഭാഗമുണ്ടെങ്കിലും സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകാൻ മാത്രമേ നിവർത്തിയുള്ളൂ. മിക്കതും മെഡിക്കൽ കോളജിലേക്ക് അയക്കുകയാണ് പതിവ്. വേണ്ടത്ര സ്പെഷലിസ്റ്റ് ഡോക്ടർമാരെ അനുവദിക്കാത്തതിനാൽ നിയമനം നടക്കാത്ത അവസ്ഥയാണ്.
മാസങ്ങളായി സ്കാനിങ് നിലച്ചിട്ട്. ഡോക്ടർമാരെ കിട്ടുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഇതുമൂലം ഗർഭിണികൾ അടക്കുള്ള രോഗികൾ വലയുകയാണ്. സ്വകാര്യ സ്കാനിങ് സ്ഥാപനങ്ങളെ സഹായിക്കാൻ ആണെന്നാണ് ആരോപണം. താലൂക്ക് ആശുപത്രിയെ തഴയുന്നത് മറ്റ് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആരോപണവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.