ചെറുമഴയിലും സജീവമായി മീൻമുട്ടി
text_fieldsകടയ്ക്കൽ: മഴ തുടങ്ങിയതോടെ മീൻമുട്ടി വെള്ളച്ചാട്ടത്തിൽ തിരക്കും കൂടി. വേനലിൽ വറ്റിവരണ്ട വെള്ളച്ചാട്ടമാണ് ചെറുമഴയിലും സജീവമായത്. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിയിലാണ് പ്രശസ്തമായ മീൻമുട്ടി വെള്ളിച്ചാട്ടം. അരയാൽ വേരുകൾക്കിടയിലൂടെ ആഴത്തിൽ വെള്ളം പതിക്കുന്ന കാഴ്ച കാണാൻ ദിനംപ്രതി നിരവധിപേരാണ് ഇവിടെ എത്തുന്നത്. വെള്ളച്ചാട്ടത്തിലെ പാറകളിൽ നിരവധി കൊത്തുപണികളുമുണ്ട്.
ശ്രീനാരായണഗുരു സന്ദർശനം നടത്തിയ ഇടം എന്ന നിലയിൽ ചരിത്രപ്രാധാന്യവും മീൻ മുട്ടിക്കുണ്ട്. മടത്തറ വനമേഖലയിൽ നിന്ന് ഉത്ഭവിക്കുന്ന തോടാണ് മീൻമുട്ടി വഴി കടന്നുപോകുന്നത്. വാമനപുരം നദിയിലാണ് ചെന്നുചേരുന്നത്. നേരത്തെ കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലായിരുന്നപ്പോൾ ലുക്ക് ഔട്ട് പോയന്റും ഇരിപ്പിടങ്ങളും നിർമിച്ചിരുന്നു.
പിന്നീട് കുമ്മിൾ പഞ്ചായത്തിന്റെ ഭാഗമായപ്പോൾ മീൻമുട്ടിയിലേക്ക് പുതിയ റോഡും നിർമിച്ചു. കവാടവും, പാലവും നിർമിച്ചതോടെ കൂടുതൽ ആകർഷകമായി. നിരവധി സിനിമ സീരിയലുകൾ ചിത്രീകരിച്ചിട്ടുള്ള മീൻമുട്ടിയിൽ ഇക്കോ ടൂറിസം നടപ്പിലായാൽ ജില്ലയിലെതന്നെ പ്രധാന ടൂറിസം കേന്ദ്രമായി മാറുമെന്ന പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.