ബൈക്കിലെത്തി പണം കവരുന്ന സംഘം പിടിയിൽ
text_fieldsകടയ്ക്കൽ: ബാങ്കിൽനിന്ന് പണവുമായി മടങ്ങുകയായിരുന്ന കുമ്മിൾ മുക്കുന്നം സ്വദേശിയായ വീട്ടമ്മയിൽനിന്ന് രണ്ട് ലക്ഷം രൂപയും രണ്ട് മൊബൈൽ ഫോണുകളും ബൈക്കിലെത്തി തട്ടിയെടുത്ത സംഘം പിടിയിൽ.
ആറ്റിങ്ങൽ മുദാക്കൽ കല്ലുംമൂട് ബിനു വിലാസത്തിൽ വിഷ്ണു (26), ആലങ്കോട് മണ്ണൂർഭാഗം കാട്ടിൽവീട്ടിൽ സുജി (35) എന്നിവരാണ് പിടിയിലായത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതികളായ ഇവരെ കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുക്കുന്നം ഇടപ്പണ സ്വദേശി റഹീമത്തിൽനിന്നാണ് സംഘം രൂപയും ഫോണും തട്ടിയെടുത്ത് കടന്നത്. കഴിഞ്ഞ നവംബർ രണ്ടിന് ഉച്ചക്ക് മുക്കുന്നത്തിന് സമീപമായിരുന്നു സംഭവം.
കടയ്ക്കൽ സർവിസ് സഹകരണ ബാങ്കിൽനിന്ന് എടുത്ത രണ്ട് ലക്ഷം രൂപയുമായി സ്വകാര്യ ബസിൽ മുക്കുന്നത്ത് ഇറങ്ങി തൊളിക്കുഴി റോഡുവഴി വീട്ടിലേയ്ക്ക് നടന്നുപോകുമ്പോഴാണ് സംഘം തുക തട്ടിയെടുത്തത്. ഇതിനിടെ മുക്കുന്നത്തെ മൊബൈൽ കടയിൽ കയറി നന്നാക്കാൻ നൽകിയിരുന്ന രണ്ട് മൊബൈൽ ഫോണുകളും വീട്ടമ്മ വാങ്ങിയിരുന്നു. ഇതുൾപ്പെടെ തട്ടിപ്പറിച്ച സംഘം മിന്നൽവേഗത്തിൽ തൊളിക്കുഴി - കല്ലറ ഭാഗത്തേക്ക് പാഞ്ഞുപോകുകയായിരുന്നു. സമീപപ്രദേശങ്ങളിലെ നിരീക്ഷണ കാമറകൾ പരിശോധിച്ചതിൽനിന്ന് സംഘത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
തുടരന്വേഷണം നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് വിവരം കിട്ടിയിരുന്നില്ല. ആറ്റിങ്ങലിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഈ മോഷണത്തെക്കുറിച്ച് വിവരം ലഭിച്ചത്. എസ്.ഐമാരായ അജുകുമാർ, മനോജ് എന്നിവരുടെ നേതൃത്വത്തിൽ കടയ്ക്കൽ പൊലീസ് പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.