ഗൂഗ്ൾ മാപ്പ് 'പണികൊടുത്തു'; വെള്ളച്ചാട്ടം കാണാനെത്തി കുടുങ്ങിയവരെ അഗ്നിശമനസേന രക്ഷിച്ചു
text_fields
കടയ്ക്കൽ: ഗൂഗ്ൾ മാപ്പ് നോക്കി കന്യാർകയം വെള്ളച്ചാട്ടം കാണാനെത്തി വനമേഖലയിൽ അകപ്പെട്ട യുവാക്കളെ അഗ്നിശമനസേന രക്ഷിച്ചു. ഓയിൽപാം എസ്റ്റേറ്റും അഞ്ചൽ വനമേഖലയും അതിർത്തി പങ്കിടുന്ന കന്യാർകയത്ത് രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് യുവാക്കളെ കണ്ടെത്താനായത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഓയിൽപാം ഇന്ത്യ ലിമിറ്റഡിെൻറ ചിതറ എണ്ണപ്പന തോട്ടത്തിലെ ഇത്തിക്കര ആറ്റിൽ കന്യാർകയം വെള്ളച്ചാട്ടം സന്ദർശിക്കാനാണ് വർക്കല സ്വദേശികളായ വിശാഖ് (30), പ്രമോദ് (29), നിതിൻ (28) എന്നിവർ കാറിലെത്തിയത്. ഗൂഗ്ൾ മാപ്പിെൻറ സഹായത്തോടെ വൈകീട്ട് എത്തിയ യുവാക്കൾ എണ്ണപ്പന തോട്ടത്തിൽ കുടുങ്ങുകയായിരുന്നു.
ഇതിനിടെ കാർ കുഴിയിൽ അകപ്പെടുകയും ചെയ്തു. ഏക്കർ കണക്കിനുള്ള എണ്ണപ്പന തോട്ടത്തിൽ വന്യമൃഗശല്യമുള്ള പ്രദേശത്ത് പെട്ടുപോയ യുവാക്കൾ മടങ്ങാനാകാതെ കുടുങ്ങി. പ്രദേശത്ത് മൊബൈൽ റേഞ്ചും പരിമിതമാണ്. പ്രയാസപ്പെട്ട് യുവാക്കൾ കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടെങ്കിലും വിതുര പൊലീസിൽ അറിയിക്കാനായിരുന്നു നിർദേശം. തുടർന്ന് വിതുര പൊലീസിൽ ബന്ധപ്പെട്ടപ്പോൾ അവർ വിവരം കടയ്ക്കൽ അഗ്നിരക്ഷാനിലയത്തിലറിയിച്ചു.
സ്റ്റേഷൻ ഓഫിസർ ടി. വിനോദ്കുമാറിെൻറ നേതൃത്വത്തിൽ ഓഫിസർമാരായ ജി. അരുൺലാൽ, ബി. സനിൽ, എ. അനീഷ് കുമാർ, എസ്. സൈഫുദ്ദീൻ, എസ്. ദീപക് എന്നിവരും പ്രദേശവാസികളും ഉൾപ്പെട്ട സംഘം രാത്രി എേട്ടാടെ സ്ഥലത്തെത്തി. മൊബൈൽ ഫോണിൽ ബന്ധപ്പെടാനാകാത്തതിനാൽ എസ്റ്റേറ്റിൽ രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് യുവാക്കളെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.