കോളജിൽ സംഘർഷം: എസ്.എഫ്.െഎ ഏരിയ സെക്രട്ടറിക്ക് വെട്ടേറ്റു
text_fieldsകടയ്ക്കൽ: കടയ്ക്കൽ എസ്.എച്ച്.എം എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ- ആർ.എസ്.എസ് സംഘർഷം. എസ്.എഫ്.ഐ ഏരിയ സെക്രട്ടറിക്ക് വെട്ടേറ്റു. കൈക്ക് വെട്ടേറ്റ ഏരിയ സെക്രട്ടറി സഹലിനെ (22 ) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷത്തിൽ സാരമായി പരിക്കേറ്റ എസ്.എഫ്.ഐ ജില്ല ജോയൻറ് സെക്രട്ടറി അമൽ ബാബു (21), ഏരിയ പ്രസിഡൻറ് കാർത്തിക് (21), ചിങ്ങേലി ലോക്കൽ കമ്മിറ്റി സെക്രട്ടറി സഫർ (21) എന്നിവർ കടയ്ക്കൽ താലൂക്കാശുപത്രിയിലും ചികിത്സയിലാണ്. വ്യാഴാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. ക്ലാസ് തുടങ്ങുന്ന കാര്യം സംസാരിക്കാൻ കോളജിലെത്തിയ എസ്.എഫ്.ഐ പ്രവർത്തകരും കോളജിനുള്ളിൽ ശാഖ കൂടിക്കൊണ്ടിരുന്ന ആർ.എസ്.എസ് പ്രവർത്തകരും തമ്മിലുണ്ടായ വാക്ക്തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
എസ്.എഫ്.ഐ പ്രവർത്തകരെ ദണ്ഡയും വെട്ടുകത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കൂടുതൽ പ്രവർത്തകരെത്തി ആർ.എസ്.എസ് പ്രവർത്തകരുമായി സംഘർഷത്തിലായി. ഇതിനിടെ കോളജ് കവാടത്തിനരികെ ബി.ജെ.പി പ്രവർത്തകരുടെ ജീപ്പ് മറിഞ്ഞു. സംഘർഷത്തിൽ ബി.ജെ.പി കടയ്ക്കൽ പഞ്ചായത്ത് സമിതി പ്രസിഡൻറ് അജിത്ത് കുമാർ (48), ആർ.എസ്.എസ് ഖണ്ഡ് ശാരീരിക് ശിക്ഷൻ പ്രമുഖ് ബിനു (35), ബി.ജെ.പി പഞ്ചായത്ത് സമിതി അംഗങ്ങളായ രതിരാജൻ (55), അരുൺ (28), വിനോദ് (28) എന്നിവർക്ക് പരിക്കേറ്റു.
കടയ്ക്കൽ, ചിതറ പൊലീസും സ്ഥലത്തെത്തി. കൂടുതൽ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ബാലസംഘം പ്രവർത്തകർ മേഖലയിലുടനീളം പ്രകടനം നടത്തി. ആർ.എസ്.എസ് ശാഖ നടത്താൻ മാനേജ്മെൻറ് അനുമതി നൽകിയതിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ കേരള യൂനിവേഴ്സിറ്റിക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.