എന്ന് നടക്കും നവീകരണം; ആയൂർ-ചുണ്ട റോഡ് തകർന്നുതന്നെ
text_fieldsകടയ്ക്കൽ: പ്രതിഷേധങ്ങൾ പലത് നടത്തിയിട്ടും ആ ചോദ്യം ബാക്കി, തകർന്ന ആയൂർ-ചുണ്ട റോഡിന്‍റെ നവീകരണം എന്ന് നടക്കും?... തകർന്ന് തരിപ്പണമായ റോഡ് പുനരുദ്ധാരണത്തിന് തുക അനുവദിച്ചിട്ടും സാങ്കേതിക തടസ്സങ്ങളാൽ പ്രവൃത്തി മുടങ്ങിയ അവസ്ഥയാണ്.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടങ്ങൾ പതിവായിട്ടും പ്രവൃത്തിആരംഭിക്കാൻ നടപടിയില്ല. ചടയമംഗലം നിയോജക മണ്ഡലത്തിലെ ഏറ്റവും മോശപ്പെട്ട പൊതുമരാമത്ത് റോഡാണിത്. ആയൂർപാലം മുതൽ ചുണ്ട വരെയുള്ള എട്ട് കിലോമീറ്റർ റോഡ് മുഴുവൻ ദയനീയ സ്ഥിതിയിലാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് റോഡിന്‍റെ കുഴിയടച്ചുള്ള പണികൾക്കായി 2.20 കോടി രൂപ അനുവദിച്ചിരുന്നു. ടെൻഡർ നടപടികളുമായി.
എന്നാൽ, തട്ടിക്കൂട്ട് കുഴിയടക്കൽ നാട്ടുകാർ തടഞ്ഞതോടെ കരാറുകാരൻ പണി ഉപേക്ഷിച്ചു. 10 മാസം മുമ്പ് ആയൂർ മുതൽ വട്ടത്രാമല വരെയുള്ള ആറ് കിലോമീറ്റർ റോഡ് ബി.എം/ബി.സി നിലവാരത്തിൽ നിർമാണത്തിനായി 8.70 കോടി അനുവദിച്ചു. എന്നാൽ, റോഡ് മുഴുവനായും നവീകരിക്കണമെന്ന് നാട്ടുകാരും രാഷ്ട്രീയ നേതൃത്വങ്ങളും കർശന നിലപാട് എടുത്തതോടെ അംഗീകാരം മാറ്റിവെച്ചു.
ആദ്യം അനുവദിച്ച 2.20 കോടി കൂടി ചേർത്ത് 10.90 കോടി രൂപയുടെ പണിക്കുള്ള ഭരണാനുമതിക്ക് വേണ്ടിയായി പിന്നീടുള്ള ശ്രമം. എന്നാൽ, ഫണ്ടുകൾ കൂട്ടിച്ചേർക്കുന്നതിന് നിയമപരമായ പ്രശ്നമുണ്ടെന്നും ധനവകുപ്പിന്‍റെ അംഗീകാരം വേണമെന്നുമായിരുന്നു മറുപടി.
തുടർന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ചിഞ്ചുറാണി ഇടപെട്ട് ഫയൽ ധനവകുപ്പിന് കൈമാറിയെങ്കിലും തുടർനടപടിയുണ്ടായില്ല. പ്രതിഷേധങ്ങൾ പലത് നടത്തിയിട്ടും നടപടിയാകാത്തതിന്റെ നിരാശയിലാണ് നാട്ടുകാർ. ഇതു വഴി 'നടുവൊടിഞ്ഞ്' യാത്ര ചെയ്യാൻ തന്നെയാണ് പൊതുജനത്തിന്റെ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.