യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവം: സുഹൃത്തുക്കൾ അറസ്റ്റിൽ
text_fieldsകടയ്ക്കൽ: ചിതറയിൽ യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തിൽ യുവാവിന്റെ സുഹൃത്തുക്കളായ രണ്ടുപേർ അറസ്റ്റിലായി. ഇട്ടിവ മഞ്ഞപ്പാറ അൻസിയ മൻസിലിൽ ഷെഹിൻ വഹാബ് (37), പാങ്ങലുകാട് കല്ലുമല പുത്തൻവീട്ടിൽ ഷാൻ (39) എന്നിവരെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ഏഴോടെയാണ് കേസിനാസ്പദമായ സംഭവം. ദർപ്പക്കാട് ബൈജു മൻസിലിൽ ബൈജു എന്നറിയപ്പെടുന്ന സെയ്ദ് അലി ആണ് (34) മരിച്ചത്.
ഇയാൾ സുഹൃത്തുക്കളായ നാലു പേർക്കൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ ചിതറയിലുള്ള പെട്രോൾ പമ്പിൽ വെച്ചു ഇന്ധനം നിറക്കുന്നതുമായി ബന്ധപ്പെട്ട് പരസ്പരം വാക്കുതർക്കത്തിലായി. തുടർന്ന് കാറിൽ നിന്നും പുറത്തേക്കിറങ്ങിയ സെയ്ദ് അലിയും പ്രതികളും തമ്മിൾ സംഘർഷം നടന്നു. പ്രതികളിലൊരാൾ സെയ്ദ് അലിയെ സമീപത്ത് കിടന്ന കൊരുപ്പ് കട്ട കൊണ്ട് തലക്ക് ഇടിക്കുകയായിരുന്നു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം സ്ഥലത്തുനിന്നും കാറിൽ രക്ഷപ്പെട്ട പ്രതികളെ വാളകത്തുനിന്നും പൊലീസ് പിടികൂടുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഇവരോടൊപ്പം ഉണ്ടായിരുന്ന ആൽത്തറമൂട് സ്വദേശി ഷാജഹാൻ, ആനപ്പാറ സ്വദേശി നിഹാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും കുറ്റകൃത്യത്തിൽ പങ്കില്ലാത്തതിനാൽ ആൾ ജാമ്യത്തിൽ വിടുകയായിരുന്നു. കടയ്ക്കൽ താലൂക്കാശുപത്രിയിലെ പരിശോധനക്കുശേഷം സെയ്ദ് അലിയുടെ മൃതദേഹം തുമ്പമൺതൊടി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.